പന്തീരാങ്കാവ് യുഎപിഎ കേസ്: പിണറായി സര്‍ക്കാര്‍ വിതച്ചത് എന്‍ഐഎ കൊയ്യുന്നു
യുഎപിഎ കരിനിയമമാണെന്നും ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പറഞ്ഞ് നിയമത്തിനെതിരേ പ്രത്യക്ഷത്തില്‍ ശബ്ദമുയര്‍ത്തിയ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയതായിരുന്നു 2019 നവംബര്‍ ഒന്നിലെ പന്തീരാങ്കാവ് യുഎപിഎ കേസ്.
കോഴിക്കോട്: പന്തീരാങ്കാവ് മാവോവാദി കേസില്‍ ഒരാള്‍ കൂടി ഇന്ന് അറസ്റ്റിലായിരിക്കുന്നു. വയനാട് കല്‍പറ്റ സ്വദേശിയും ട്യൂഷന്‍ അധ്യാപകനുമായ വിജിത് വിജയനെ (27)യാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസില്‍ നാലാംപ്രതിയാണ് വിജിത്. ഇതേകേസില്‍ ആദ്യം അറസ്റ്റിലായി പത്തു മാസത്തിന് ശേഷം ജാമ്യം ലഭിച്ച താഹ ഫസലിന്റെ ജാമ്യം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വിജിത്തിന്റെ അറസ്‌റ്റെന്നത് ശ്രദ്ധേയമാണ്.
കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് എന്‍ഐഎ വിജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിജിത്തിനെ ഒമ്പത് മാസം മുമ്പ് തുടര്‍ച്ചയായി മൂന്ന് ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. കല്‍പറ്റയിലെ എന്‍ഐഎ ക്യാംപ് ഓഫിസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്.
യുഎപിഎ കരിനിയമമാണെന്നും ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പറഞ്ഞ് നിയമത്തിനെതിരേ പ്രത്യക്ഷത്തില്‍ ശബ്ദമുയര്‍ത്തിയ സിപിഎമ്മിനെ വലിയ പ്രതിരോധത്തിലാക്കിയതായിരുന്നു 2019 നവംബര്‍ ഒന്നിലെ പന്തീരാങ്കാവ് യുഎപിഎ കേസ്. തങ്ങളുടെ സജീവ പ്രവര്‍ത്തകരായ രണ്ട് ചെറുപ്പക്കാരെ കേരള പോലിസ് മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുത്തപ്പോഴും സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദത്താല്‍ അലനേയും താഹയേയും ജില്ലാ നേതൃത്വത്തിന് അപ്പാടെ തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നില്ല.
പിടിക്കപ്പെട്ട രണ്ടുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം പറഞ്ഞിരുന്നു. ഒടുവില്‍ പത്ത് മാസത്തിനിപ്പുറം മാവോവാദി ബന്ധത്തിന് തെളിവ് ഹാജരാക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞില്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ച് അലനും താഹയും ജാമ്യം നേടി ജയിലിനു പുറത്തുവരികയായിരുന്നു. യുഎപിഎ കരിനിയമമാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞ പി ജയരാജന്‍ പോലും പന്തീരാങ്കാവ് യുഎപിഎ കേസിനെ ന്യായീകരിച്ചതും കേരളം കണ്ടതാണ്.
തങ്ങള്‍ മാവോവാദികളാണെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നായിരുന്നു മാധ്യമങ്ങളോട് ഒരിക്കല്‍ അലന്‍ ഷുഹൈബ് പ്രതികരിച്ചത്. ലഘുലേഖയും പുസ്തകവും കണ്ടെടുത്തതുകൊണ്ടു മാത്രം ഒരാള്‍ മാവോവാദി ആവില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടായത് 2015ല്‍ ശ്യാം ബാലകൃഷ്ണനെന്ന വയനാട്ടുകാരന്റെ കേസ് പരിഗണിച്ചപ്പോഴായിരുന്നു. പോലിസിന് ശക്തമായ താക്കീത് നല്‍കിയതിനൊപ്പം ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതെല്ലാം മുന്നില്‍ നില്‍ക്കുമ്പോഴും പോലിസ് വാദം മാത്രം അംഗീകരിച്ച് രണ്ടു വിദ്യാര്‍ഥികളെ മാവോവാദി മുദ്രകുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്‍ഐഎക്ക് മാവോവാദി ബന്ധത്തിന് കൂടുതല്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പത്ത് മാസത്തിലേറെയായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരും ജാമ്യ ഹരജി സമര്‍പ്പിച്ചത്. അലന്‍ ഷുഹൈബ്, താഹ ഫസല്‍, സിപി ഉസ്മാന്‍ എന്നിവര്‍ക്കെതിരേ കുറ്റം ചുമത്തിയാണ് കഴിഞ്ഞ ഏപ്രില്‍ 27ന്് ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ജാമ്യത്തിലിറങ്ങി അഞ്ച് മാസം പിന്നിട്ടപ്പോഴായിരുന്നു താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദ് ചെയ്തത്. അലന്‍ ഷുഹൈബില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകള്‍ യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ലെും ചികില്‍സയും പ്രായവും കണക്കിലെടുത്താണ് അലനെ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കുന്നതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് എന്‍ഐഎ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.