പാറക്കണ്ടി പവിത്രന്‍ വധം: ഏഴ് ആര്‍എസ്എസ്സുകാര്‍ക്ക് ജീവപര്യന്തം
ആകെയുള്ള എട്ടുപ്രതികളില്‍ നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് നേരത്തേ മരണപ്പെട്ടിരുന്നു
തലശ്ശേരി: സിപിഎം പ്രവര്‍ത്തകന്‍ പൊന്ന്യം നാമത്ത്മുക്ക് പവിത്രത്തില്‍ പാറക്കണ്ടി പവിത്രനെ(45) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്. തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി പി എന്‍ വിനോദാണ് പ്രതികള്‍ കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്.ആകെയുള്ള എട്ടുപ്രതികളില്‍ നാലാംപ്രതി വലിയപറമ്പത്ത് ജ്യോതിഷ് നേരത്തേ മരണപ്പെട്ടിരുന്നു ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പൊന്ന്യം വെസ്റ്റ് ചെങ്കളത്തില്‍വീട്ടില്‍ സി കെ പ്രശാന്ത്(36), പൊന്ന്യം നാമത്ത്മുക്കിലെ നാമത്ത് വീട്ടില്‍ ലൈജേഷ് എന്ന ലൈജു(39), ചെങ്കളത്തില്‍ ഹൗസില്‍ പാറായിക്കണ്ടി വിനീഷ്(35), പൊന്ന്യം കുണ്ടുചിറയിലെ പഞ്ചാര പ്രശാന്ത് എന്ന മുത്തു(39), പൊന്ന്യം മൂന്നാംമൈല്‍ ലക്ഷ്മി നിവാസില്‍ കെ സി അനില്‍കുമാര്‍(51), എരഞ്ഞോളി മലാല്‍ ലക്ഷംവീട് കോളനിയിലെ കിഴക്കയില്‍ വിജിലേഷ്(35), എരഞ്ഞോളി പാലത്തിനു സമീപം തെക്കേതില്‍ ഹൗസില്‍ തട്ടാരത്തില്‍ കെ മഹേഷ്(38) എന്നിവരെയാണ് ശിക്ഷിച്ചത്.
2007 നവംബര്‍ ആറിന് പുലര്‍ച്ചെ നാമത്ത്മുക്ക് അങ്കണവാടിക്ക് സമീപത്തു വച്ചാണ് പവിത്രനെ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പാല്‍ വാങ്ങാന്‍ പോവുന്നതിനിടെ ആക്രമിക്കാനെത്തിയവരെ കണ്ട് സമീപത്തെ വീട്ടില്‍ ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നാലു ദിവസത്തിനു ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പവിത്രന്‍ മരണപ്പെട്ടത്. പവിത്രന്റെ ഭാര്യ രമണി, മകന്‍ വിപിന്‍, ഏഴാംപ്രതി വിജിലേഷ് എന്നിവരെ തിരിച്ചറിയല്‍ പരേഡ് നടത്തിയ മലപ്പുറം ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ എന്നിവരടക്കം 23 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 48 രേഖകളും ആയുധങ്ങള്‍ ഉള്‍പ്പെടെ 21 തൊണ്ടിമുതലുകളും അന്യായക്കാരും 17 രേഖകള്‍ പ്രതിഭാഗവും ഹാജരാക്കി. കൊലപാതകത്തിന് ശേഷം ഭീഷണി കാരണം പവിത്രന്റെ കുടുംബം നാമത്ത്മുക്കില്‍ നിന്ന് മാറിതാമസിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ വിനോദ്കുമാര്‍ ചമ്പളോന്‍ ഹാജരായി.