ടെലികോം മേഖലയില്‍ ഓട്ടോമാറ്റിക് റൂട്ടില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി

Update: 2021-09-15 12:07 GMT

ന്യൂഡല്‍ഹി: ടെലകോം മേഖലയില്‍ വമ്പന്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഓട്ടോമാറ്റിക് റൂട്ടില്‍ നൂറ് ശതമാനം വിദേശനിക്ഷേപത്തിന് ഇന്ന് ചേര്‍ന്ന കാബിനറ്റ് യോഗം അനുമതി നല്‍കി. നിക്ഷേപം നടത്തുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണ്ടതില്ലെന്നതാണ് പുതിയ നിര്‍ദേശത്തിന്റെ പ്രധാന വശം. ടെലകോം മന്ത്രി അശ്വിന്‍ വൈഷ്ണവ് ആണ് പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ടെലികോം കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ട ദീര്‍ഘനാളായുള്ള കുടിശ്ശികയ്ക്ക് മോറട്ടോറിയം അടക്കമുള്ള ആശ്വാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനൊപ്പമാണ് മന്ത്രി ടെലകോം മേഖല വിദേശ മൂലധനത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനിച്ച വിവരവും പുറത്തുവിട്ടത്. യൂസേജ്, ലൈസന്‍സ് ഫീസ് അടക്കമുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ ഇനത്തില്‍ നല്‍കേണ്ട കുടിശ്ശികയ്ക്ക് നാലുവര്‍ഷത്തെ മൊറട്ടോറിയമാണ് മന്ത്രി സഭ അനുവദിച്ചത്. 

ടെലകോമുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശനിക്ഷേപ നയം ബാധകമാക്കിയിട്ടുണ്ട്. നേരത്തെ ഐടി എനേബിള്‍ഡ് സര്‍വീസുകളില്‍ നൂറ് ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും 49 ശതമാനത്തിന് മാത്രമേ ഓട്ടോമാറ്റിക് റൂട്ടില്‍ അനുമതി നല്‍കിയിരുന്നുള്ളൂ. അതാണിപ്പോള്‍ നൂറ് ശതമാനവും ഓട്ടോമാറ്റിക് റൂട്ടിലേക്ക് മാറ്റിയത്.

അതേസമയം പുതിയ നയം നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് സംശയമുണര്‍ന്നിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ പൊതുമേഖലാ കമ്പനികളായ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവ ഇന്ത്യന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അവയെ സാങ്കേതികവിദ്യ കയറ്റുമതി കമ്പനികളായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നയമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ 3ജി, 4 ജി സാങ്കേതിക വിദ്യയുടെ മിക്കവാറും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

ടെലകോം മന്ത്രാലയത്തിന്റെ ഭാഗമായ ടെലകോം കമ്മീഷന്‍ 2017ല്‍ തന്നെ ഓട്ടോമാറ്റിക് റൂട്ടില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

അതേസമയം പാകിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് പുതിയ നയം ബാധകമല്ല.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പുതിയ നയത്തിനു കീഴിലും അത് തുടരും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി രാജ്യങ്ങള്‍ ഇന്ത്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാതിരിക്കാനാണ് ഇതെന്ന് കരുതുന്നു.

ഇന്ത്യയില്‍ നിലവില്‍ രണ്ട് തരത്തിലാണ് എഫ്ഡിഐ അനുവദിക്കുന്നത്. ഒന്ന് ഓട്ടോമാറ്റിക് റൂട്ടിലും സര്‍ക്കാര്‍ റൂട്ടിലും. ഓട്ടോമാറ്റിക് റൂട്ടില്‍ കമ്പനികള്‍ക്ക് മുന്‍കൂര്‍ അനുമതി ആവശ്യമില്ല. സര്‍ക്കാര്‍ റൂട്ടില്‍ അനുമതി വേണ്ടിവരും. 

Tags:    

Similar News