ഇ അബൂബക്കറിന്റെ ആരോഗ്യനില ഡല്‍ഹി എയിംസിൽ പരിശോധനക്ക് വിധേയമാക്കാൻ കോടതി നിർദേശം

Update: 2022-11-14 14:09 GMT


ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിന്റെ ആരോഗ്യനില പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. കാന്‍സര്‍ ഉള്‍പ്പെടെയുള്ള കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് എയിംസില്‍ പരിശോധന നടത്താന്‍ പാട്യാല എന്‍ ഐഎ പ്രത്യേക കോടതി ഉത്തരവിട്ടത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനായിരുന്ന ഇ അബൂബക്കറിന് മൂന്നുവര്‍ഷത്തിലേറെയായി കാന്‍സര്‍, പാര്‍ക്കിന്‍സണ്‍, പ്രമേഹം, ഓര്‍മക്കുറവ് തുടങ്ങിയ രോഗങ്ങള്‍ അലട്ടുന്നുണ്ട്. 70 കാരനായ ഇദ്ദേഹത്തെ പോപുലര്‍ ഫ്രണ്ട് നിരോധനത്തിനു തൊട്ടുമുമ്പാണ് വീട്ടിലെത്തി എന്‍ ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. 

 ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ അദ്ദേഹം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും ജീവന്‍ അപകടത്തിലാണെന്നും കാണിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. 2020ല്‍ കാന്‍സറിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ഇ അബൂബക്കര്‍ കുടുംബാംഗങ്ങളുടെ പരിചരണത്തില്‍ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് കിടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അദ്ദേഹം തിഹാര്‍ ജയിലില്‍ തറയിലാണ് ഉറങ്ങുന്നതെന്നും ജീവന്‍ അപകടത്തിലാണെന്നും കുടുംബം ആശങ്കയറിയിച്ചിരുന്നു.

മാരക രോഗങ്ങള്‍ കാരണം ഇ അബൂബക്കറിന് കര്‍ശനമായ ഭക്ഷണക്രമം ഡോക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അറസ്റ്റിനു ശേഷം ഒന്നും പാലിക്കപ്പെടുന്നില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ദിലീപ് ദാമോദരന്‍ ഉള്‍പ്പെടെയുള്ളവരുടെ മെഡിക്കല്‍ റിപോര്‍ട്ടിലെ പരാമര്‍ശങ്ങളും കോടതിയെ അറിയിച്ചിരുന്നു. തീഹാര്‍ ജയിലില്‍ എട്ടാം നമ്പര്‍ ബ്ലോക്കില്‍ കഴിയുന്ന അദ്ദേഹത്തിന് പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാനാവാത്ത അവസ്ഥയാണ്. പാര്‍ക്കിന്‍സണ്‍ രോഗം കാരണം കഴിക്കുന്ന മരുന്നിന്റെ പേരോ കഴിക്കേണ്ട സമയമോ ഓര്‍ത്തുവെക്കാനാവുന്നില്ലെന്നും ജയില്‍ സന്ദര്‍ശിച്ച ശേഷം കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Similar News