പൗരത്വ പ്രക്ഷോഭം: സംഘര്‍ഷങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കെഎംഎസ്എസ് നേതാവും ആക്ടിവിസ്റ്റുമായ അഖില്‍ ഗോഗോയ്, അസം പ്രദേശ് യൂത്ത് കോണ്‍ഗ്രസ് മേധാവി കമ്രുല്‍ ഇസ്‌ലാം ചൗധരി, പോപുലര്‍ ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Update: 2020-12-12 10:19 GMT

ഗുവാഹത്തി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) കഴിഞ്ഞ ഡിസംബറില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന് പങ്കില്ലെന്ന് അന്വേഷണ സംഘം. അസം പോലിസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)മാണ് പോപുലര്‍ ഫ്രണ്ടിന് ക്ലീന്‍ചിറ്റ് നല്‍കിയത്. ജനവികാരവും ബിജെപി സര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരായ കോപവും സ്വമേധയാ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. പൗരത്വ പ്രക്ഷോഭം സംഘര്‍ഷത്തിലേക്ക് നയിച്ചത് പോപുലര്‍ ഫ്രണ്ട് ആണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരും പോപുലര്‍ ഫ്രണ്ടിനെതിരേ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെ നേതാക്കളെ അസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

പോപുലര്‍ ഫ്രണ്ട്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാന നഗര കേന്ദ്രങ്ങളില്‍ നടന്ന സംഘര്‍ഷത്തിലും തീവയ്പ്പിലും പങ്കാളികളായെന്ന് അസം സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഭരണ സിരാകേന്ദ്രമായ ജനത ഭവനും തലസ്ഥാന നഗരത്തെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളെയും പിടിച്ചുകുലുക്കിയ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടേയുണ്ടായ സംഘര്‍ഷങ്ങളില്‍ പോപുലര്‍ ഫ്രണ്ടിന്റെ ഒരു പങ്കും കണ്ടെത്താനായില്ലെന്ന് എസ്‌ഐടി അംഗം കൂടിയായ അസം പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. നടപടിക്രമമനുസരിച്ച് അന്തിമ റിപോര്‍ട്ട് (എഫ്എഫ്) ഉടന്‍ സമര്‍പ്പിക്കാന്‍ പോകുന്നു. ഞങ്ങള്‍ക്ക് കൃത്യമായ തീയതി പറയാന്‍ കഴിയില്ല. അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ അസം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് പരീക്ഷാ അഴിമതിയുടെ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാലാണ് കേസന്വേഷണം വൈകിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തെളിവുകള്‍ എസ്‌ഐടി സംഘം ശേഖരിച്ചു. സംസ്ഥാന വ്യാപകമായി എസ്‌ഐടി അന്വേഷണം നടക്കുന്നുണ്ട്.

സിഐഡിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ 10 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ ഞങ്ങള്‍ ഇത് ഒരൊറ്റ കേസായി പരിഗണിക്കുന്നു. ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിഎഎയ്‌ക്കെതിരായ പ്രകടനങ്ങളുടെ ഭാഗമായി ഡിസംബര്‍ 11 ന് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ പ്രക്ഷോഭകര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപരോധിച്ചിരുന്നു. ഈ പ്രക്ഷോഭത്തിനിടെ നാല് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

2019 ഡിസംബര്‍ 17 ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന കാബിനറ്റ് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജനത ഭവന് മുന്നില്‍ നടന്ന സംഘര്‍ഷത്തില്‍ പോപുലര്‍ ഫ്രണ്ട് അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. കലാപം, നശീകരണം, തീകൊളുത്തല്‍, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയ 273 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള അക്രമത്തിന് ആയിരങ്ങളെ കസ്റ്റഡിയിലെടുത്തു, 'അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കെഎംഎസ്എസ് നേതാവും ആക്ടിവിസ്റ്റുമായ അഖില്‍ ഗോഗോയ്, അസം പ്രദേശ് യൂത്ത് കോണ്‍ഗ്രസ് മേധാവി കമ്രുല്‍ ഇസ്‌ലാം ചൗധരി, പോപുലര്‍ ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അഖില്‍ ഗോഗോയ് ഇപ്പോഴും ജയിലിലാണ്.

എസ്‌ഐടി അന്വേഷണത്തിനുപുറമെ, അഖിലിന്റെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചും സിഎഎ പ്രതിഷേധത്തില്‍ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

Tags:    

Similar News