(വീഡിയോ) ലോക്ക് ഡൗണ്‍ ദുരിതത്തിനിടെ പോലിസ് ക്രൂരത: യൂനിഫോം ധരിച്ചില്ലെന്ന് പറഞ്ഞ് ഓട്ടോഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചു; ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് യുവാവും കുടുംബവും
കട്ടപ്പന: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഓട്ടോ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച് പോലിസിന്റെ ക്രൂരത. യൂനിഫോം ധരിക്കാത്തതിന്റെ പേരില്‍ പെറ്റി അടച്ച് അവസാനിപ്പിക്കേണ്ട കേസാണ് പോലിസ് കള്ളക്കേസ് ചുമത്തി യുവാവിനെ ദുരിതത്തിലാക്കിയിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍ റഫീഖിനെതിരേയാണ് പോലിസ് കേസെടുത്തത്.
മണിക്കൂറുകളോളം ഒരു കാരണവുമില്ലാതെ പോലിസ് ലോക്കപ്പില്‍ ഇട്ടതോടെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഇതോടെ, പ്രകോപിതരായ പോലിസ് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. പോലിസിനെ മര്‍ദിച്ചെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നും ആരോപിച്ച് ലോക്കപ്പിലിട്ടു. പിറ്റേദിവസം ഉച്ചയോടെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ട് പോകുന്നതിനിടെ ഫോണും ഓട്ടോറിക്ഷയും തങ്ങളുടെ കസ്റ്റഡിയില്‍ ആണെന്നും അതില്‍ എന്ത് കൃത്രിമം കാണിക്കാനും കഴിയുമെന്നും പറഞ്ഞ് സിഐ തന്നെ ഭീഷണിപ്പെടുത്തിയതായും റഫീഖ് പറഞ്ഞു. ഇതിനിടെ പോലിസ് റഫീഖിനെ അകാരണമായി പിടിച്ച് കൊണ്ട് പോകുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട മജിസ്‌ട്രേറ്റ് തനിക്ക് ജാമ്യം അനുവദിച്ചതായും എന്നാല്‍, പോലിസ് പ്രതികാര നടപടി തുടരുകയാണെന്നും റഫീഖ് പറയുന്നു. സംഭവം നടന്ന് 12 ദിവസമായിട്ടും ഓട്ടോറിക്ഷ വിട്ടുതരാന്‍ പോലിസ് തയ്യാറായിട്ടില്ല. ഉപജീവനമാര്‍ഗം ഇല്ലാതായതോടെ ടിബി രോഗിയായ ഉമ്മയും ഗര്‍ഭിണിയായ ഭാര്യയും അടങ്ങുന്ന കുടുംബം ദുരിതത്തിലായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഉമ്മയെ ഓണ്‍ലൈന്‍ വഴിയാണ് ഡോക്ടറെ കാണിച്ചിരുന്നത്. മൊബൈല്‍ ഫോണ്‍ പോലിസ് പിടിച്ചെടുത്തതോടെ അതിനും കഴിയാത്ത അവസ്ഥയാണ്. ഇക്കാര്യം സിഐയോട് പറഞ്ഞിരുന്നെങ്കിലും മൊബൈല്‍ ഫോണ്‍ പോലിസ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. കൊവിഡ് ലോക്ക്ഡൗണ്‍ മൂലം കഴിഞ്ഞ കുറെ ആഴ്ച്ചകളായി വരുമാനം ഒന്നും ഇല്ലാത്ത അവസ്ഥയായിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ ലഭിച്ചപ്പോള്‍ യാത്രക്കാരും കുറവായിരുന്നു. ഇതിനിടേയാണ് 12 ദിവസത്തോളണായി പോലിസ് വാഹനം പിടിച്ചിട്ടിരിക്കുന്നത്. ഓട്ടോറിക്ഷ കോടതിയില്‍ ഹാജരാക്കാനോ വിട്ട് തരാനോ പോലിസ് തയ്യാറാവുന്നില്ലെന്നും കടവും ഉമ്മയുടേയും ഭാര്യയുടേയും ചികില്‍സാ ചിലവുകളും മൂലം എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും റഫീഖ് പറയുന്നു.