ജെഎന്‍യു വിദ്യാര്‍ഥി മാര്‍ച്ചിന് നേരെ പോലിസ് ലാത്തിച്ചാര്‍ജ്
ഫീസ് വര്‍ധനവ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്.
ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരേ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസ് ലാത്തിചാര്‍ജ് നടത്തി. വിദ്യാര്‍ഥികള്‍ ബാരിക്കേഡ് മറിക്കടക്കാന്‍ ശ്രമിച്ചതോടെയാണ് പോലിസ് ലാത്തിവീശിയത്. ഫീസ് വര്‍ധനവിനെതിരേ ഒരു മാസത്തോളമായി വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഉണ്ട്.
എന്നാല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ഫീസ് വര്‍ധനവ് പിന്‍വലിക്കണം, വൈസ് ചാന്‍സിലറെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം, വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള പോലിസ് കേസ് പിന്‍വലിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റൂഡന്‍സ് യൂനിയന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരുന്നു. ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതാണ് പുറത്തുവരുന്ന വിവരം.
അതേസമയം, അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തികരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ചൊവ്വാഴ്ച്ച യൂനിവേഴ്‌സിറ്റി അധികൃതര്‍ അന്ത്യ ശാസനം നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഹാജരാകണമെന്നും നിശ്ചിത തീയതിക്കുള്ളില്‍ തീസിസുകള്‍ സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരെ പുറത്താക്കുമെന്നായിരുന്നു അധികൃതരുടെ ഭാഷ്യം.
അക്കാദമിക് കലണ്ടര്‍ പ്രകാരം ഡിസംബര്‍ 12ന് തന്നെ പരീക്ഷകള്‍ ആരംഭിക്കും. പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ പുറത്താകുക മാത്രമല്ല അവര്‍ക്ക് അടുത്ത സെമസ്റ്ററിന് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്നും രജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിച്ചാല്‍ മാത്രമേ സമരത്തില്‍നിന്ന് പിന്മാറൂ എന്ന് വിദ്യാര്‍ഥികള്‍ ഉറച്ചുപറയുന്നു.