പോലിസ് ഉദ്യോഗസ്ഥര്‍ 'സദാചാര പോലിസിങ്' നടത്തരുത്; വിമര്‍ശനവുമായി സുപ്രിംകോടതി

Update: 2022-12-19 07:31 GMT

ന്യൂഡല്‍ഹി: പോലിസിനെതിരേ വിമര്‍ശനവുമായി സുപ്രിംകോടതി. പോലിസ് ഉദ്യോഗസ്ഥര്‍ സദാചാര പോലിസിങ് നടത്തേണ്ടതില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് തെറ്റാണ്. ഗുജറാത്തില്‍ 'സദാചാര പോലിസിങ്ങി'ന്റെ പേരില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട അച്ചടക്ക സമിതിയുടെ ഉത്തരവ് ശരിവയ്ക്കുന്നതിനിടെയാണ് കോടതി ഈ വിമര്‍ശനം നടത്തിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ജോലിയില്‍ തിരിച്ചെടുക്കാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജെ കെ മഹേശ്വരിയും അടങ്ങുന്ന ബെഞ്ച് റദ്ദാക്കി.

2001 ഒക്ടോബര്‍ 26ന് നടന്ന സംഭവത്തിന്റെ പേരിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. സിഐഎസ്എഫ് കോണ്‍സ്റ്റബിളായിരുന്ന സന്തോഷ് കുമാര്‍ പാണ്ഡെ നൈറ്റ് ഡ്യൂട്ടിക്കിടെ മഹേഷ് ബി ചൗധരിയെന്ന യുവാവിനെയും പ്രതിശ്രുത വധുവിനെയും തടഞ്ഞുനിര്‍ത്തി. ഗുജറാത്തിലെ വഡോദരയിലെ ഐപിസിഎല്‍ ടൗണ്‍ഷിപ്പിലെ ഗ്രീന്‍ബെല്‍റ്റ് ഏരിയയിലാണ് സംഭവം നടന്നത്. മഹേഷും യുവതിയും ബൈക്കില്‍ പോകവേയാണ് പാണ്ഡെ തടഞ്ഞുനിര്‍ത്തിയത്.

പാണ്ഡെ യുവതിക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. എതിര്‍ത്തതോടെ പാണ്ഡെ തന്നോട് എന്തെങ്കിലും തരാന്‍ ആവശ്യപ്പെട്ടെന്നും താന്‍ ധരിച്ചിരുന്ന വാച്ച് നല്‍കിയെന്നും മഹേഷ് പരാതിയില്‍ വ്യക്തമാക്കുന്നു. മഹേഷ് നല്‍കിയ പരാതിയില്‍ പാണ്ഡെയ്‌ക്കെതിരേ അന്വേഷണം നടത്തി പിരിച്ചുവിടാന്‍ തീരുമാനമായി. പിന്നാലെ സന്തോഷ് കുമാര്‍ പാണ്ഡെ നല്‍കിയ ഹരജി പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി, 2014 ഡിസംബര്‍ 16ന് പാണ്ഡെയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു.

നീക്കം ചെയ്ത തിയ്യതി മുതല്‍ 50 ശതമാനം ശമ്പളം തിരികെ നല്‍കി സര്‍വീസില്‍ തിരിച്ചെടുക്കാനായിരുന്നു ഉത്തരവ്. ഈ ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ ന്യായവാദം വസ്തുതകള്‍ക്കും നിയമത്തിനുമെതിരാണെന്ന് ബെഞ്ച് പറഞ്ഞു. ശിക്ഷയുടെ ആനുപാതികതയെക്കുറിച്ചുള്ള ചോദ്യത്തില്‍ ഈ കേസിലെ വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സന്തോഷ് കുമാര്‍ പാണ്ഡെ പോലിസ് ഉദ്യോഗസ്ഥനല്ല. പോലിസ് ഉദ്യോഗസ്ഥനാണെങ്കിലും സദാചാര പോലിസിങ് നടത്തരുത്. ശാരീരികമോ ഭൗതികമോ ആയ ആവശ്യങ്ങള്‍ ഉന്നയിക്കരുതെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News