ബലാല്‍സംഗ കേസില്‍ ഡിഎന്‍എ പരിശോധനയ്ക്ക് പ്രതിയുടെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
കൊച്ചി: ബലാല്‍സംഗ കേസില്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ ശേഖരിക്കാന്‍ പ്രതിയുടെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി. പീഡനക്കേസടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ ശേഖരിക്കുന്നത് പ്രതിയുടെ അവകാശങ്ങളുടെ ലംഘനമല്ലെന്നും ഹൈക്കോടതി. 15കാരിയുടെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ രക്തസാംപിള്‍ ശേഖരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശി അനു നല്‍കിയ ഹരജി തള്ളിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.
സ്വയം തെളിവുനല്‍കാന്‍ ശാരീരികമായോ വാക്കാലോ നിര്‍ബന്ധിക്കുന്നതില്‍ നിന്ന് ഭരണഘടന നല്‍കുന്ന സംരക്ഷണം, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. 1997ല്‍ കോന്നി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശിയുടെ രക്തസാംപിള്‍ ശേഖരിക്കാമെന്ന പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരേ നല്‍കിയ ഹരജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തള്ളി.
ക്രിമിനല്‍ നടപടി ചട്ടത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് പീഡനക്കേസ് പ്രതികളുടെയും അതിജീവിതരുടെയും മെഡിക്കല്‍ പരിശോധന നടത്താനാവും. ശാസ്ത്ര പുരോഗതിയുടെ കാലത്ത് ഡിഎന്‍എ പരിശാധന നീതിനിര്‍വഹണത്തില്‍ അംഗീകരിക്കപ്പെടുന്നതാണെന്നും പ്രതിയുടെ ഡിഎന്‍എ ഫലം പീഡനക്കേസുകളില്‍ നിര്‍ണായക തെളിവാണെന്ന് സുപ്രിംകോടതി വിധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ബലാല്‍സംഗം, പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കേസുകളില്‍ ഒന്നാംപ്രതിയാണ് ഹരജിക്കാരന്‍. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് കുഞ്ഞ് പിറന്നിരുന്നു. ഒളിവില്‍പ്പോയ പ്രതി കീഴടങ്ങിയതോടെയാണ് വിചാരണ ആരംഭിച്ചത്. തുടരന്വേഷണത്തിനുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ കീഴ്‌ക്കോടതി അനുവദിച്ചു. പ്രതി വിസമ്മതിച്ചെങ്കിലും ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിള്‍ ശേഖരിക്കാനും ലൈംഗികശേഷി പരിശോധിക്കാനും അനുമതി നല്‍കി. ഇരയുടെയും കുഞ്ഞിന്റെയും രക്തം ശേഖരിക്കാന്‍ അവരും അനുമതി നല്‍കി.
എന്നാല്‍, അന്തിമ റിപോര്‍ട്ട് നല്‍കി കുറ്റം ചുമത്തിയശേഷം അന്വേഷണവുമായി ബന്ധപ്പെട്ട് ഉത്തരവിടാന്‍ കീഴ്‌ക്കോടതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു. വിചാരണയുടെ ഏതുഘട്ടത്തിലും തുടരന്വേഷണമാവാമെന്നും ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരവിടാമെന്നും കോടതി വ്യക്തമാക്കി. സമ്മതമില്ലാതെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനാണ്.
എന്നാല്‍, ഈ ബന്ധത്തില്‍ ജനിച്ച കുഞ്ഞാണോയെന്ന് അറിയാന്‍ നടത്തുന്ന ഡിഎന്‍എ പരിശോധന ബലാല്‍സംഗക്കേസില്‍ പ്രസക്തമല്ലെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. 15 വയസ് മാത്രമുള്ള പെണ്‍കുട്ടിയുമായി സമ്മതത്തോടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാലും ബലാല്‍സംഗമാണ്. അതിനാല്‍, ഡിഎന്‍എ പരിശോധനയ്ക്ക് പ്രാധാന്യമുണ്ടെന്നും കീഴ്‌ക്കോടതി ഉത്തരവില്‍ അപാകതയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.