ആവേശം കടലോളം, ജനസാഗരമായി ജനമഹാ സമ്മേളനം

Update: 2022-09-17 15:31 GMT

കോഴിക്കോട്: 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ നടക്കുന്ന ജനമഹാസമ്മേളനത്തില്‍ അണിചേരാന്‍ നാനാദിക്കുകളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തിയതോടെ കോഴിക്കോട് അക്ഷരാര്‍ഥത്തില്‍ ജനസാഗരമായി മാറി. രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഫാക്ടറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാരത്തിനും വര്‍ഗീയ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്കും കനത്ത താക്കീത് നല്‍കുന്നതായിരുന്നു സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ പങ്കാളിയാവാന്‍ രാവിലെ മുതല്‍ കോഴിക്കോട്ടേയ്ക്ക് എത്തിക്കൊണ്ടിരുന്നു. പരിപാടിക്കെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നഗരത്തിലുടനീളം വോളണ്ടിയര്‍മാരും സജ്ജരായി. ഉച്ചയോടെ കോഴിക്കോട് ബീച്ചും പരിസരവും ജനനിബിഡമായി. ജനമഹാസമ്മേളനത്തെ കോഴിക്കോട്ടുകാര്‍ നെഞ്ചേറ്റിയെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസത്തെ കാഴ്ചകള്‍. ബീച്ചും പരിസരവും രണ്ടുദിവസമായി ഉല്‍സവപ്രതീതിയിലായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇശല്‍ സന്ധ്യയിലും കവാലിയിലും സാംസ്‌കാരിക സമ്മേളനത്തിലും മാധ്യമസെമിനാറിലും വന്‍ ജനപങ്കാളിത്തമായിരുന്നു.

ആലപ്പുഴയിലെ ജനമഹാ സമ്മേളനത്തില്‍ ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പോലിസിന്റെയും ഭരണകൂടത്തിന്റെയും വേട്ടയാടലുകളും ഭീഷണിയുമൊന്നും വിലപ്പോയില്ല എന്നതിന്റെ നേര്‍സ്സാക്ഷ്യമായിരുന്നു കോഴിക്കോട്ടെ സമ്മേളനത്തിലെ ആര്‍ത്തിരമ്പിയ ജനലക്ഷം. നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ കോഴിക്കോടിന്റെ മണ്ണില്‍ ഒരിക്കല്‍ക്കൂടി ജനകീയ പ്രതിരോധത്തിന്റെ പുതുചരിത്രം സൃഷ്ടിക്കുന്നതായി ജനമഹാ സമ്മേളനം.

വൈകീട്ട് 4.30 ന് കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തു നിന്നാണ് വോളണ്ടിയര്‍ മാര്‍ച്ച് ആരംഭിച്ചത്. പതറാത്ത മനസ്സും ഇടറാത്ത ചുവടുകളുമായി കോഴിക്കോടിന്റെ മണ്ണില്‍ പുതിയ വസന്തത്തിന്റെ കുളമ്പടി ശബ്ദമായാണ് മാര്‍ച്ച് കടന്നുപോയത്. വോളണ്ടിയര്‍ മാര്‍ച്ചിന് പ്രചോദനമായി ബാന്റ് പാര്‍ട്ടികളും നിശ്ചലദൃശ്യങ്ങളും അകമ്പടി വാഹനങ്ങളും അണിനിരന്നു. മുന്‍നിരയില്‍ ഓഫിസേഴ്‌സ് സംഘമടങ്ങിയ ആദ്യ കേഡറ്റ് ബാച്ച് അണിനിരന്നു. പിന്നിലായി രണ്ടാമത്തെ കേഡറ്റ് ബാച്ചും തൊട്ടുപിന്നില്‍ ബാന്റ് സംഘമടങ്ങിയ കേഡറ്റുകളും ചുവടുകള്‍ വച്ചു. ആവേശം അല തല്ലി നീങ്ങിയ മാര്‍ച്ചിനു തൊട്ടുപിന്നിലായി പതിനായിരക്കണക്കിന് പ്രവര്‍ത്തകരും അനുഭാവികളുമടങ്ങിയ ബഹുജനറാലിയും നഗരത്തെ പ്രകമ്പനം കൊള്ളിച്ചു. മുഷ്ടിചുരുട്ടി ആവേശത്തോടെ വാനിലേക്കുയര്‍ന്ന മുദ്രാവാക്യങ്ങള്‍ സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരേ ജനകീയ പ്രതിരോധത്തിന്റെ ശക്തി വിളിച്ചോതുന്നതായി.

പരേഡ് കേഡറ്റുമാര്‍ക്ക് പിന്നിലായി ഒരു ബാനറിന് കീഴിലായിരുന്നു ജനലക്ഷങ്ങള്‍ അണിനിരന്ന ബഹുജനറാലി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന, ജില്ലാ നേതാക്കള്‍ അടങ്ങുന്നതായിരുന്നു റാലിയുടെ മുന്‍നിര. ഭരണഘടന സംരക്ഷിക്കുക, ഫാഷിസത്തെ കുഴിച്ചുമൂടുക, പൗരത്വ നിയമം പിന്‍വലിക്കുക, ഭരണഘടന തകര്‍ക്കുമ്പോള്‍ മൗനം കുറ്റകൃത്യമാണ്, യുഎപിഎ പിന്‍വലിക്കുക, ഇന്ത്യയെ ബുള്‍ഡോസര്‍ സ്റ്റേറ്റ് ആക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റാലിയില്‍ പങ്കാളികളായത്.

നക്ഷത്രാങ്കിത പതാകയ്ക്ക് കീഴില്‍ അണിനിരന്ന പതിനായിരങ്ങള്‍ സംഘപരിവാര ഭീകരതയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ മനസ്സില്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്. പശുവിന്റെയും പോത്തിന്റെയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തുന്ന സംഘപരിവാരത്തിന്റെയും ജന്‍മം കൊണ്ട് ദലിതരായതിന്റെ പേരില്‍ രോഹിത് വെമുലമാര്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സവര്‍ണ വെറിയന്‍മാരുടെയും പൈശാചികതകള്‍ തുറന്നുകാട്ടിയാണ് വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ചരിത്രനഗരത്തിന്റെ വീഥികളെ പുളകംകൊള്ളിച്ച് കടന്നുപോയത്.

സംഘപരിവാരത്തിന് മുന്നില്‍ കീഴൊതുങ്ങാന്‍ തയ്യാറല്ലെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു ഏവരുടെയും മുഖത്ത് പ്രകടമായത്. സ്ത്രീകളും കുട്ടികളുമടങ്ങിയ ആബാലവൃദ്ധം ജനങ്ങള്‍ മാര്‍ച്ചിനെ ആശീര്‍വദിക്കാന്‍ പാതയോരങ്ങളിലും പൊതുസമ്മേളനവേദിയിലും തടിച്ചുകൂടി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദ്വേഷരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറിയ അരുംകൊലകളെയും സംഘപരിവാര ഭീകരതയുടെ തനിനിറവും തുറന്നുകാട്ടുന്ന നിശ്ചലദൃശ്യങ്ങള്‍ ഏവരുടെയും കണ്ണുതുറപ്പിക്കുന്നതായി. സംഘപരിവാര ഭീഷണിക്ക് കീഴില്‍ രാജ്യം നേരിടുന്ന ഭയചകിതമായ വര്‍ത്തമാനത്തിന്റെ നേര്‍ക്കാഴ്ചകളും പ്രകടമായി.

ഭൂരിപക്ഷ വര്‍ഗീയതയുടെ ആക്രമണോല്‍സുക മുന്നേറ്റത്തിനും ഭരണകൂടനീതിനിഷേധങ്ങള്‍ക്കുമെതിരേ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നേര്‍ത്തില്ലാതാവുന്ന കാലത്ത് ഇരകളുടെ പക്ഷത്തുനിന്നുള്ള പോരാട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വിളിച്ചോതുന്നതായിരുന്നു റാലിയിലെ കാഴ്ചകള്‍. വികസനവും പരിവര്‍ത്തനവും സ്വാതന്ത്ര്യവും പ്രതീക്ഷയും പ്രതിഫലിക്കുന്ന നക്ഷത്രാങ്കിത മൂവര്‍ണ പതാകയേന്തി ഒഴുകിയെത്തിയ ജനക്കൂട്ടം സംഘപരിവാര കുപ്രചാരണങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ്പിന്റെ കൊടുങ്കാറ്റാണ് തീര്‍ത്തത്.

വൈകീട്ട് 5.30 ഓടെ വോളണ്ടിയര്‍ മാര്‍ച്ചിന്റെ മുന്‍നിര സമ്മേളന നഗരിയായ കോഴിക്കോട് ബീച്ചില്‍ പ്രവേശിച്ചു. പിന്നാലെ ബഹുജന റാലിയും. വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും സമ്മേളന നഗരിയില്‍ പ്രവേശിച്ചതോടെ കോഴിക്കോട് കടപ്പുറം നിറഞ്ഞുകവിഞ്ഞു. ഇതുവരെ കാണാത്ത ജനസഞ്ചയത്തിനാണ് കോഴിക്കോട് കടപ്പുറം സാക്ഷ്യം വഹിച്ചത്. പൊതുസമ്മേളനം പുരോഗമിക്കുമ്പോഴും റാലിയുടെ പിന്‍നിര സ്‌റ്റേഡിയം ജങ്ഷന്‍ വിട്ടിരുന്നില്ല.

സമ്മേളനത്തിന് കൊഴുപ്പേകാന്‍ വേദിയില്‍ ബാന്‍ഡ് അംഗങ്ങളുടെയും കേഡറ്റ് അംഗങ്ങളുടെയും ഡെമോണ്‍സ്‌ട്രേഷനും നടന്നു. ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ കീറിമുറിച്ച് പൊതുസമ്മേളന നഗരിയില്‍ ഫാഷിസത്തിനെതിരേ ചെറുത്തുനില്‍പ്പിന്റെ ശബ്ദം വാനോളമുയര്‍ന്നു. രാജ്യത്ത് എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര ഫാഷിസത്തിനെതിരേ ജനകീയ ചെറുത്തുനില്‍പ്പിനുള്ള ആഹ്വാനമായിരുന്നു ജനമഹാ സമ്മേളനം.

ഫാഷിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് അണിചേരാന്‍ മനുഷ്യക്കടലായി ഒഴുകിയെത്തിയ  ജനലക്ഷങ്ങള്‍ ഈ ആഹ്വാനം നെഞ്ചേറ്റുന്ന  മുഹൂര്‍ത്തത്തിന് സാഗരം സാക്ഷിയായി. ആര്‍ത്തിരമ്പുന്ന സാഗരത്തെ സാക്ഷിയാക്കി പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ലുബ്‌നാ സിറാജ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍, സ്വാഗതസംഘം ചെയര്‍മാന്‍ പി കെ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News