അസം വെടിവയ്പ് മുസ്‌ലിം ഉന്മൂലന അജണ്ടയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്
പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്. ഇവരെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിച്ച് പൗരത്വം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.
കോഴിക്കോട്: അസമിലെ ദറങ് ജില്ലയില്‍ ബിജെപി ഭരണകൂടം പോലിസിനെ ഉപയോഗിച്ച് ഗ്രാമീണര്‍ക്കുനേരെ നടത്തിയ നരനായാട്ട് മുസ്‌ലിം ഉന്‍മൂലനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിറ്റാണ്ടുകളായി തങ്ങള്‍ താമസിക്കുന്ന ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ഗ്രാമീണര്‍ക്കുനേരെ കാര്യമായ പ്രകോപനമൊന്നുമില്ലാതെയാണ് പോലിസ് വെടിവെച്ചത്. പോലിസിന്റെ ഏകപക്ഷീയമായ ആക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രദേശത്തെ 800ഓളം മുസ്‌ലിം കുടുംബങ്ങളെയാണ് അനധികൃത ഭൂമി കൈയേറ്റം ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കുടിയൊഴിപ്പിക്കുന്നത്. ഇവരെ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിച്ച് പൗരത്വം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ ധ്രുവീകരിക്കുകയും കൊല്ലുകയും ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ക്ക് നേരെ പോലിസ് യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റു വീണയാളെ പോലിസും ഫോട്ടോഗ്രാഫറും വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് ഹിന്ദുത്വ ഭരണകൂടം വളര്‍ത്തുന്ന മുസ്‌ലിം വിദ്വേഷത്തിന്റെ പ്രകടമായ തെളിവാണ്. പുനരധിവാസത്തിന് യാതൊരുവിധ പദ്ധതികളും ആസൂത്രണം ചെയ്യാതെ 4500ഓളം വരുന്ന നിര്‍ധനരായ പ്രദേശവാസികളെ അവരുടെ വീടുകളില്‍ നിന്നും ആട്ടിപ്പായിക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പുതന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
മുസ്‌ലിം ഉന്മൂലനം ലക്ഷ്യം വെച്ച് ആര്‍എസ്എസ് വലിയ തോതിലുള്ള വംശഹത്യ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന അന്താരാഷ്ട്ര പഠനങ്ങള്‍ ഇത്തരം സംഭവങ്ങളുടെ ഭീകരത വ്യക്തമാക്കുന്നുണ്ട്. വംശഹത്യയിലേക്ക് നയിക്കുന്ന എല്ലാ ഘട്ടങ്ങളും രാജ്യത്ത് അധികാരത്തിന്റെ സൗകര്യത്തില്‍ ആര്‍എസ്എസ് നടപ്പാക്കി കഴിഞ്ഞു. ഭരണകൂടം തന്നെ നേരിട്ട് വംശഹത്യ നടത്തുന്നതിന്റെ പരീക്ഷണമായി അസം കൂട്ടക്കൊലയെ കാണാനാവും. മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂടം ഉണ്ടാക്കിയെടുത്ത വെറുപ്പും വിദ്വേഷവും എത്രമാത്രം ഭീകരമാണ് എന്ന് പോലിസ് വെടിവെപ്പിന്റെ ഇരകളോട് മാധ്യമ പ്രവര്‍ത്തകന്‍ കാണിച്ച പൈശാചികത വ്യക്തമാക്കുന്നുണ്ട്. എന്‍ആര്‍സി, സിഎഎ എന്നിവയുടെ പശ്ചാത്തലത്തില്‍ ഇത്തരം ഉന്‍മൂലന നീക്കങ്ങള്‍ രാജ്യവ്യാപകമാവുന്നതിനെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണം.
2016ല്‍ അധികാരത്തില്‍ വന്നതിനു ശേഷം അസം സര്‍ക്കാര്‍ പ്രദേശത്തെ മുസ്‌ലിംകളെ നിരന്തരം വേട്ടയാടുകയാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ പൂര്‍ണ പിന്തുണയോടെയാണ് മുസ്‌ലിംവേട്ട നടക്കുന്നത്. അക്രമികളായ പോലിസുകാരെ അഭിനന്ദിച്ചും പള്ളി പൊളിക്കുന്നതിന്റെയും പൗരന്‍മാരെ ക്രൂരമായി മര്‍ദിച്ച് പുറത്താക്കുന്നതിന്റെയും ചിത്രങ്ങള്‍ പങ്കുവയ്ച്ചും മുസ്‌ലിം വിദ്വേഷത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കുകയാണ്. മനുഷ്യത്വരഹിതമായ ഈ കുടിയൊഴുപ്പിക്കലിനെതിരെ നീതിപീഠം ഇടപെടണം. ഗ്രാമീണര്‍ക്കു നേരെയുള്ള നരനായാട്ടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വത്തിനും എതിരെ നടപടിയെടുക്കണം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അന്ധമായ മുസ്‌ലിം വിരോധം അവസാനിപ്പിച്ച് പൗരത്വനിഷേധത്തിന് ഇരകളായിട്ടുള്ള പൗരന്‍മാരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പോലിസ് ക്രൂരതയ്ക്ക് ഇരകളായ കുടുംബങ്ങള്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. അസം ഭരണകൂടത്തിന്റെ ക്രൂരവും പൈശാചികവുമായ നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം. വാര്‍ത്താസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പങ്കെടുത്തു.