പാലക്കാട് സുബൈര്‍ വധം: പോലിസും ആര്‍എസ്എസും ഒത്തുകളിക്കുന്നതായി പോപുലര്‍ ഫ്രണ്ട്
ആലപ്പുഴ: പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റായിരുന്ന പാലക്കാട് സുബൈര്‍ വധക്കേസില്‍ പോലിസും ആര്‍എസ്എസും ഒത്തുകളിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി സി എ റഊഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച തിരക്കഥ കേസന്വേഷണത്തെ അട്ടിമറിക്കാന്‍ ആര്‍എസ്എസും പോലിസും ഒരുമിച്ചിരുന്ന് തയ്യാറാക്കിയതാണെന്ന് സംശയിക്കുന്നു. ഈ തിരക്കഥയില്‍ ആര്‍എസ്എസിന്റെയും വിജയ് സാഖറെയുടെയും സംഭാവന എത്രയാണെന്നാണ് അറിയേണ്ടത്.
സാമാന്യയുക്തിയെ പരിഹസിക്കുന്ന നിലയിലാണ് ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആര്‍എസ്എസിനെ പോലിസ് സഹായിച്ചിട്ടുള്ളത്. കേരളാ പോലിസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നതായി മുമ്പ് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് കേരളാ പോലിസ് തന്നെ ആര്‍എസ്എസായി മാറിയിരിക്കുന്നു.
സുബൈര്‍ വധത്തില്‍ നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ രണ്ടുദിവസമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഗൂഢാലോചനയില്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നതിന് പകരം ഏതോ ഒരു അതിരുതര്‍ക്കം പരിഹരിക്കുന്ന ലാഘവത്തിലാണ് എഡിജിപി വിജയ് സാഖറെ കേസിനെ കാണുന്നത്. ഇത് വളരെ ഗൗരവതരമാണ്. കേസിലെ ഇപ്പോഴുള്ള മൂന്ന് പ്രതികള്‍ കീഴടങ്ങിയതാണോ പിടിക്കപ്പെട്ടതാണോ എന്ന തര്‍ക്കം അവസാനിച്ചിട്ടില്ല. ഈ മൂന്ന് പേരില്‍ കേസന്വേഷണം ഒതുക്കി തീര്‍ക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്.
കൊല്ലപ്പെട്ട സഞ്ജിത്തിന്റെ കാര്‍ സുബൈറിനെ വധിക്കാന്‍ ഉപയോഗിച്ചതായി ആദ്യഘട്ടത്തില്‍ തന്നെ പോലിസ് വിവരം പുറത്തുവിട്ടിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് സഞ്ജിത്തിന്റെ ഭാര്യയെയോ, കുടുംബത്തെയോ ഈ കേസില്‍ പ്രതി ചേര്‍ത്ത് ചോദ്യം ചെയ്യാത്തത്. മലപ്പുറത്ത് ഉള്‍പ്പടെ നിരവധി കേസുകളില്‍ ഭര്‍ത്താക്കന്‍മാരെ കിട്ടാത്തതിന്റെ പേരില്‍ ഭാര്യമാരെ കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്ത സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ഈ കേസില്‍ സഞ്ജിത്തിന്റെ ഭാര്യയെയോ, കുടുംബത്തെയോ കസ്റ്റഡിയില്‍ എടുക്കാത്തതിന്റെ പരിമിധി എന്താണ്. വര്‍ക് ഷോപ്പില്‍ നല്‍കിയ കാര്‍ ആരാണ് വിട്ടുനല്‍കിയത്. ഏത് വര്‍ക് ഷോപ്പിലാണ് കാര്‍ നല്‍കിയത്. ഒന്നര മാസം മുമ്പ് കാര്‍ നല്‍കിയെന്ന് ഭാര്യയും 15 ദിവസം മുമ്പ് നല്‍കിയെന്ന് പിതാവും പറയുന്നു. മൊഴികളില്‍ ഇത്രയേറെ വൈരുധ്യങ്ങള്‍ നിറഞ്ഞിട്ടും ഇവരെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തത്. വൈകിയാണെങ്കിലും സഞ്ജിത്ത് കൊടും ക്രിമിനലാണെന്ന് പോലിസ് സമ്മതിച്ചിരിക്കുന്നു. സുബൈറിനെ കൊലപ്പെടുത്താന്‍ സഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ആയുധം നല്‍കിയെന്നാണ് പോലിസ് പറയുന്നത്. അങ്ങനെയെങ്കില്‍ അത് ആരാണ്. കുടുംബത്തിന്റെ അറിവോടെയല്ലാതെ എങ്ങനെയാണ് ആയുധം ലഭിക്കുക.
സുബൈര്‍ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുമ്പ് കെ സുരേന്ദ്രന്‍ ആര്‍എസ്എസ് ബിജെപി നേതാക്കളുടെ രഹസ്യ യോഗത്തില്‍ പങ്കെടുത്ത് ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്തുകൊണ്ടാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യാത്തത്. അന്വേഷണം പക്ഷപാതപരമാണെന്നതിന്റെ തെളിവാണിത്. കൊലപാതകം നടന്നയുടന്‍ ജില്ലയിലെ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ അപ്രത്യക്ഷരായത് ആര് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. മൂന്ന് പ്രതികളെ കൂടാതെ രണ്ട് വാഹനവും നാല് വാളുകളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് വാഹനത്തിലും ഡ്രൈവര്‍ വേണം. അപ്പോള്‍ ആരാണ് കൊല നടത്തിയത്. ബാങ്ക് ലോക്കറില്‍ കൊണ്ടുവച്ച സാധനങ്ങള്‍ പോലെയാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. സിനിമാക്കഥകളെ വെല്ലുന്ന പരിഹാസ്യമായ തിരക്കഥയാണ് പോലിസ് പറയുന്നത്. ഈ കേസ് വേഗത്തില്‍ ഒത്തുതീര്‍പ്പാക്കാന്‍ പോലിസ് ആര്‍എസ്എസുമായി ധാരണയായതായി സംശയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, ജില്ലാ പ്രസിഡന്റ് പി എ നവാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.