പോലിസ് വിലക്കേര്‍പ്പെടുത്തിയ വീഡിയോ പോപുലര്‍ ഫ്രണ്ട് പുറത്തുവിട്ടു; ഒരു മണിക്കൂറിനുള്ളില്‍ കണ്ടത് ഒരു ലക്ഷത്തിലേറെ പേര്‍

പോപുലര്‍ ഫ്രണ്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മാത്രം കാല്‍ലക്ഷത്തിലധികം പേര്‍ ഇതിനിടെ വീഡിയോ കണ്ടു. മൂവായിരത്തിലധികം പേരാണ് വീഡിയോ ഒരുമണിക്കുറിനുള്ളില്‍ ഷെയര്‍ ചെയ്തത്. വാട്‌സ് ആപ്പ്, യൂ ട്യൂബ് തുടങ്ങി വിവിധ മാധ്യമങ്ങളിലൂടേയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Update: 2022-06-08 16:20 GMT

കോഴിക്കോട്: ആര്‍എസ്എസ്സിന്റെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പോപുലര്‍ ഫ്രണ്ട് തയ്യാറാക്കിയ വീഡിയോ പോലിസ് വിലക്കിയതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പുറത്ത് വിട്ട് സംഘാടകര്‍. ഒരുമണിക്കൂറിനുള്ളില്‍ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ഒരുലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. പോപുലര്‍ ഫ്രണ്ട് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മാത്രം കാല്‍ലക്ഷത്തിലധികം പേര്‍ ഇതിനിടെ വീഡിയോ കണ്ടു. മൂവായിരത്തിലധികം പേരാണ് വീഡിയോ ഒരുമണിക്കുറിനുള്ളില്‍ ഷെയര്‍ ചെയ്തത്. വാട്‌സ് ആപ്പ്, യൂ ട്യൂബ് തുടങ്ങി വിവിധ മാധ്യമങ്ങളിലൂടേയും വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആര്‍എസ്എസ്സും പി സി ജോര്‍ജും ഉള്‍പ്പടെ കേരളത്തില്‍ നടത്തിയ വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങളും ആര്‍എസ്എസ്സിന്റെ കൊലവിളി മുദ്രാവാക്യങ്ങളും അതിന്റെ പേരില്‍ പോലിസ് എടുത്ത നടപടികളും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. പോലിസ് തടഞ്ഞ വീഡിയോ 10 ലക്ഷം പേരിലെത്തിക്കുമെന്ന് ഇന്ന് രാവിലെ പോപുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് രാത്രി എട്ട് മണിയോടെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ വീഡിയോ പുറത്ത് വിട്ടത്.

വിദ്വേഷം വിതയ്ക്കുന്നതാര്....വീഡിയോ മുഴുവനായി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ആഭ്യന്തരം കാണാതെ പോയ സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണങ്ങള്‍ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച വീഡിയോ പ്രദര്‍ശന പരിപാടി പോലിസ് തടഞ്ഞത് പ്രതിഷേധാര്‍ഹമാണെന്ന് നേതാക്കള്‍ പറഞ്ഞു. സംഘപരിവാര്‍ നേതാക്കളും അവരുടെ സഹയാത്രികരും കേരളത്തില്‍ നടത്തിയിട്ടുള്ള വിദ്വേഷം പ്രചരണങ്ങള്‍ സംസ്ഥാനത്ത് പെരുമ്പാവൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിപാടി ആരംഭിക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പേ യുദ്ധസമാന സന്നാഹങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലാണ് പോലിസ് ഇടപെട്ടത്.

ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പോലിസ് നടത്തിയിട്ടുള്ളത്. സംഘപരിവാര്‍ സംസ്ഥാനത്തുടനീളം നടത്തിയതും പോലിസും ഭരണകൂടവും നടപടി സ്വീകരിക്കാത്തതുമായ വിദ്വേഷ പ്രചാരണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതിനാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, സംഘപരിവാരത്തിനോടുള്ള മൃദുസമീപനം ആവര്‍ത്തിച്ച് പ്രകടമാക്കുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തിട്ടുള്ളത്.

ഇല്ലാത്ത വിദ്വേഷ പ്രചാരണങ്ങളുടെ പേരില്‍ കുറ്റംചാര്‍ത്തി ഏകപക്ഷീയമായി മുസ്‌ലിം നേതാക്കന്‍മാരെയും സംഘടനകളെയും പ്രവര്‍ത്തകരെയും കേരളം മുഴുവന്‍ വേട്ടയാടുമ്പോള്‍ വളരെ ആസൂത്രിതമായി വംശീയതയും വര്‍ഗീയതയും നിറഞ്ഞ വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ നേതാക്കളോട് മൗനം പാലിക്കുന്ന സമീപനമാണ് കേരളാ പോലിസും ആഭ്യന്തരവകുപ്പും തുടരുന്നത്. ഇക്കാര്യം തുറന്നുപറയാനുള്ള സ്വാതന്ത്ര്യത്തിന് പോലും വിലക്കേര്‍പ്പെടുത്തി തികഞ്ഞ ഫാഷിസം നടപ്പാക്കാനാണ് പിണറായി പോലിസ് ശ്രമിക്കുന്നത്.

ഇതില്‍ പ്രതിഷേധിച്ച് പോലിസ് തടഞ്ഞ വീഡിയോ കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുന്ന തരത്തിലേക്കുള്ള പ്രചാരണ പരിപാടികള്‍ക്ക് പോപുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കും. സംസ്ഥാനത്തുടനീളം വീഡിയോ പ്രദര്‍ശിപ്പിക്കും. സോഷ്യല്‍ മീഡിയ വഴി കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും പോലിസ് തടഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ എത്തിക്കുമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി സി എ റഊഫ് എന്നിവര്‍ അറിയിച്ചു.

Tags:    

Similar News