ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ സംസ്ഥാനത്തെ തെരുവുകളില്‍ പ്രതിഷേധാഗ്‌നി തീര്‍ത്ത് പോപുലര്‍ ഫ്രണ്ട്

Update: 2022-05-24 16:36 GMT

കോഴിക്കോട്: രാജ്യത്ത് ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന ഭീകരതയ്‌ക്കെതിരേ സംസ്ഥാനത്തെ തെരുവുകളില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം അലയടിച്ചു. ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിലെ ബഹുജന റാലിയില്‍ ആര്‍എസ്എസ്സിനെതിരേ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ കേസെടുക്കുന്ന പോലിസ് നടപടിക്കെതിരേയാണ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്. ആര്‍എസ്എസ്സിനെതിരേ മുദ്രാവാക്യം വിളിച്ചാല്‍ കേസെടുക്കുമെങ്കില്‍ അത് ഉറക്കെ വിളിക്കാനാണ് തീരുമാനമെന്ന് പ്രഖ്യാപിച്ചാണ് ജില്ലാ കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് മുദ്രാവാക്യം മുഴക്കിയത്.


  മലപ്പുറം കുന്നുമ്മലില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറും കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തെ പരിപാടി സംസ്ഥാന സെക്രട്ടറി സി എ റഊഫും തിരുവനന്തപുരത്തെ പ്രതിഷേധം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറും കോട്ടയം ടൗണിലെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫും പത്തനംതിട്ട സെന്‍ട്രല്‍ ജങ്ഷനിലെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി എസ് നിസാറും ചെമ്മാട് നടന്ന പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദും ആലുവ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ പ്രതിഷേധ പരിപാടി സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസറും ചാവക്കാട്ടെ പ്രതിഷേധം സംസ്ഥാന സമിതി അംഗം പി കെ യഹ്‌യ തങ്ങളും ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങളില്‍ ആര്‍എസ്എസ്സിനെതിരേ കനത്ത പ്രതിഷേധമാണ് മുഴങ്ങിക്കേട്ടത്.

മലപ്പുറം കുന്നുമ്മലില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിലെ ജനമഹാ സമ്മേളനത്തിലെ റാലിയില്‍ വിളിച്ച മുദ്രാവാക്യത്തിലെ ഒന്ന് രണ്ട് വരി മാറ്റിനിര്‍ത്തിയാല്‍ ബാക്കി പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്ന ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് എല്ലാ പരിപാടിയിലും തയ്യാറാക്കി പ്രിന്റ് ചെയ്ത മുദ്രാവാക്യമാണ് ഉപയോഗിക്കുന്നത്. ആലപ്പുഴയിലെ പരിപാടിയിലും ആയിരക്കണക്കിന് പേപ്പറുകളിലായി മുദ്രാവാക്യങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്തിരുന്നു.


 സ്ത്രീകളും കുട്ടികളുമടക്കം അതാണ് ഏറ്റുവിളിച്ചത്. എന്നാല്‍, ഒരുകൂട്ടം സഹോദരന്‍മാര്‍ അവരവരുടേതായ മുദ്രാവാക്യം വിളിച്ച സ്ഥിതിവിശേഷമുണ്ടായി. അത് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഉച്ചത്തില്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുകയാണ്. ഔദ്യോഗികമായി പോപുലര്‍ ഫ്രണ്ട് അംഗീകരിക്കാത്ത മുദ്രാവാക്യമാണെങ്കിലും തത്വത്തില്‍ ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരായ മുദ്രാവാക്യമാണ്. അതിലുള്ള ഒന്നോ രണ്ടോ വരികള്‍ പോപുലര്‍ ഫ്രണ്ട് സംസ്‌കാരവുമായി ജനാധിപത്യ സമൂഹത്തില്‍ ഉയരാന്‍ പാടില്ലാത്തതാണ്. എന്നാല്‍, പോപുലര്‍ ഫ്രണ്ടിനെതിരേ തക്കം പാര്‍ത്തുനിന്ന ആര്‍എസ്എസ്സുകാര്‍ വച്ച കെണിയില്‍ മാധ്യമപ്രവര്‍ത്തകരും മതേതര ചേരിയിലെന്ന് അവകാശപ്പെടുന്നവരും വീണുപോയി.

ആര്‍എസ്എസ്സും സിപിഎമ്മും ലീഗും കോണ്‍ഗ്രസ്സും ഇതിനേക്കാള്‍ ഭീകരമായ മുദ്രാവാക്യം കേരളത്തില്‍ മുഴക്കിയിട്ടുണ്ട്. ആ ഘട്ടത്തിലൊന്നും പൊള്ളാത്ത, ചൊറിയാത്ത പൊതുബോധത്തിനാണ് ഇപ്പോള്‍ പരിക്കുപറ്റിയിട്ടുള്ളത്. അത് ഞങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തുന്ന മുദ്രാവാക്യം ആര്‍എസ്എസ്സിനെ പ്രകോപിപ്പിക്കുമെന്ന് ബോധ്യമുണ്ട്. അത് പ്രതീക്ഷിച്ചതുമാണ്. എന്നാല്‍, അതിനെയെല്ലാം അവഗണിക്കുകയാണ്. പോപുലര്‍ ഫ്രണ്ട് രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ സംവിധാനവും സംരക്ഷിച്ച് ഇനിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സൗത്ത്- നോര്‍ത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. സംഘപരിവാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളെ തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.


 സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളിലൂടെ ആലപ്പുഴ ജനമഹാറാലിയില്‍ പങ്കെടുത്ത് കുട്ടി വിളിച്ച മുദ്രാവാക്യം എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണ്. സംഘപരിവാറിനെതിരായ മുദ്രാവാക്യത്തെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരാണെന്ന് പ്രചരിപ്പിച്ചു. ഈ സംഘപരിവാര്‍ പ്രചരണമാണ് പൊതുസമൂഹത്തെ സ്വാധീനിച്ചത്. യഥാര്‍ഥത്തില്‍ ആലപ്പുഴ ജനമഹാസമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍, സംഘപരിവാറിനെതിരായ മുദ്രാവാക്യമാണ് മുഴങ്ങിയത്. അത് സംഘടന എഴുതി തയ്യാറാക്കി നല്‍കിയതുമല്ല.


 എന്നാല്‍ കുട്ടിയുടെ ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യത്തെ പോപുലര്‍ ഫ്രണ്ടിന് തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ചില്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് റഫീഖ് മൗലവി അധ്യക്ഷത വഹിച്ചു. സൗത്ത് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് മൗലവി, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ മൗലവി തുടങ്ങിവര്‍ സംബന്ധിച്ചു. അട്ടക്കുളങ്ങരയില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമാപിച്ചു.

കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി പോപുലര്‍ പ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റഊഫ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ബസ് സ്റ്റാന്റ്, കെഎസ്ആര്‍ടിസി, പ്രസ് ക്ലബ് വഴി കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു.


തിരൂരങ്ങാടി: തെരുവുകളില്‍ സംഘപരിവാര്‍ ഭീകരതക്കെതിരെയുള്ള ശബ്ദം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തില്‍ വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്ത പോലിസിന്റെ വിവേചനത്തിനെതിരേ മലപ്പുറം നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


 ഒരു വലിയ മഹാസമ്മേളനത്തില്‍ ഒരു കുട്ടി വിളിച്ചുകൊടുത്ത സംഘപരിവാറിനെതിരെയുള്ള മുദ്രാവാക്യത്തിന്റെ പേരില്‍ കുട്ടിയുടെ പിതാവിനേയും, ആലപ്പുഴ ജില്ല ഭാരവാഹികളെയും കസ്റ്റഡിയിലെടുത്ത പോലിസ് നടപടി നീതീകരിക്കാനാവാത്തതാണ്. ഫാഷിസത്തിനെതിരായുള്ള പ്രക്ഷോഭങ്ങളില്‍ സംഘടനയുടെ ജനപിന്തുണ വര്‍ധിച്ചുവരുന്നതില്‍ വിറളി പൂണ്ട ശക്തികള്‍ വിവേചനപരമായാണ് പെരുമാറുന്നത്.


 ആര്‍എസ്എസിനെതിരെയുള്ള മുദ്രാവാക്യം വിളിച്ചാല്‍ പോലും വിറളിപൂണ്ടുന്നവര്‍ പി സി ജോര്‍ജിനെ പോലുള്ളവര്‍ക്ക് എന്തും പറയാനുള്ള സൗകര്യമാണ് കേരളത്തില്‍ ഇടത് ഭരണത്തില്‍ പോലിസ് ചെയ്യുന്നത്. ഇത്തരം വിവേചനങ്ങള്‍ക്കെതിരേ ഉറക്കെ ശബ്ദം ഉയര്‍ത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരിം, തിരൂരങ്ങാടി ഡിവിഷന്‍ പ്രസിഡന്റ് സൈനുദ്ദീന്‍ സംസാരിച്ചു. പ്രതിഷേധ റാലിക്ക് റിയാസ് തിരൂരങ്ങാടി, സുലൈമാന്‍ നന്നമ്പ്ര, ഫിറോസ് കോഴിച്ചെന നേതൃത്വം നല്‍കി.

Tags:    

Similar News