'ചികില്‍സയ്ക്കു പകരം അവരെ കാട്ടിലെറിയണം'; മുസ്‌ലിംകള്‍ക്കെതിരേ വിഷംതുപ്പി കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
അതേസമയം, വീഡിയോ 'മോര്‍ഫ്' ചെയ്തതാണെന്നും ഒരു സമുദായത്തെയും പരാമര്‍ശിക്കുകയോ മുസ് ലിംകളെ ഉദ്ദേശിച്ചിട്ടില്ലെന്നും ആദ്യം പറഞ്ഞ ഡോ. ആരതി ലാല്‍ചാന്ദ്‌നി അല്‍പ്പസമയം കഴിഞ്ഞ് പരാമര്‍ശം നടത്തിയെന്ന് സമ്മതിച്ചതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.
കാണ്‍പൂര്‍: തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കും മുസ് ലിംകള്‍ക്കുമെതിരേ കടുത്ത വംശീയപരാമര്‍ശവുമായി കാണ്‍പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആരതി ലാല്‍ചാന്ദ്‌നി രംഗത്ത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്ക് ചികില്‍സ നല്‍കരുതെന്നും ഏകാന്ത തടവിലോ കാട്ടിലോ എറിയണമെന്നുമുള്ള പ്രകോപനപരമായ പരാമര്‍ശങ്ങളാണ് നടത്തിയത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ രഹസ്യമായി ചിത്രീകരിച്ചതെന്നു കരുതുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ ഭീകരരാണെന്നും അവര്‍ക്ക് ചികില്‍സ നല്‍കി വിഭവങ്ങള്‍ പാഴാക്കുന്നതിനു പകരം ഏകാന്ത തടവിലിടാന്‍ ഉത്തരവിടണമെന്നും അവര്‍ പറയുന്നു. വീഡിയോയിലുള്ളത് ജിവിഎസ്എം മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. ആരതി ലാല്‍ചാന്ദ്‌നിയാണെന്നു സ്ഥിരീകരിച്ചതായി 'ദി ഹിന്ദു' ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വംശീയ വിദ്വേഷം വമിക്കുന്ന പരാമര്‍ശങ്ങളടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
''തബ് ലീഗ് ജമാഅത്തുകാരെ ജയിലുകളില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ കാട്ടിലെറിയുകയോ ചെയ്യണം. അവരെ ജയിലില്‍ ഏകാന്തതടവില്‍ പാര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങള്‍ അവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിക്കുകയാണ്. ഞങ്ങള്‍ ഇത് പറയരുത്. അവര്‍ ഭീകരവാദികളാണ്. ഞങ്ങള്‍ അവര്‍ക്ക് വിഐപി ചികില്‍സ നല്‍കുന്നു, ഭക്ഷണം നല്‍കുന്നു... ഞങ്ങളുടെ വിഭവങ്ങള്‍ അവര്‍ക്കായി വിനിയോഗിക്കുകയാണ്. തബ് ലീഗ് ജമാഅത്തുകാര്‍ക്ക് നല്‍കി ആശുപത്രിയിലെ പിപിഇ കിറ്റുകള്‍ പാഴാക്കുകയാണ്. ജയിലില്‍ കഴിയേണ്ടവരാണവര്‍. അവരെ ചികില്‍സയ്ക്കായി ഇവിടെ കൊണ്ടുവരുന്നു. മറ്റുള്ളവരെ രോഗബാധിതരാക്കുന്നു. ഞങ്ങളുടെ അധ്വാനവും കിറ്റുകളും പാഴാക്കുകയാണ്''. തുടങ്ങിയ അത്യന്തം വംശീയമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്.
മാത്രമല്ല, ബിജെപി സര്‍ക്കാരിന്റെ പ്രീണനമാണിതെന്നും ഡോ. ആരതി ലാല്‍ചാന്ദ്‌നി ആരോപിച്ചു. തബ് ലീഗ് ജമാഅത്ത് അംഗങ്ങളുടെ ചികില്‍സയ്ക്കായി സംസ്ഥാനത്തിന്റെ ഒരു മനുഷ്യവിഭവങ്ങളും ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നുണ്ട്. 30 കോടി ജനങ്ങളുടെ പേരില്‍ 100 കോടി ജനങ്ങളെ സര്‍ക്കാര്‍ ബലിയാടാക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്. സംഭാഷണത്തിന്റെ സന്ദര്‍ഭം വ്യക്തമല്ല. ജമാഅത്ത് അംഗങ്ങളെ കാട്ടിലേക്ക് വലിച്ചെറിയാനും തടവറയില്‍ അടയ്ക്കാനും കാണ്‍പൂരിലെ സിഎംഒയോട് ഡോക്ടര്‍ പറയുകയും ചെയ്തിരുന്നു.
അതേസമയം, വീഡിയോ 'മോര്‍ഫ്' ചെയ്തതാണെന്നും ഒരു സമുദായത്തെയും പരാമര്‍ശിക്കുകയോ മുസ് ലിംകളെ ഉദ്ദേശിച്ചിട്ടില്ലെന്നും ആദ്യം പറഞ്ഞ ഡോ. ആരതി ലാല്‍ചാന്ദ്‌നി അല്‍പ്പസമയം കഴിഞ്ഞ് പരാമര്‍ശം നടത്തിയെന്ന് സമ്മതിച്ചതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. കാണ്‍പൂരിലെ കൊവിഡ് 19 പ്രതിസന്ധിയുടെ ആദ്യ ദിവസങ്ങളില്‍ താന്‍ ഒരു പരാമര്‍ശം നടത്തിയിരുന്നതായാണ് പ്രിന്‍സിപ്പല്‍ സമ്മതിച്ചത്. 'ഞാന്‍ അത് കോപത്തിലും നിരാശയിലും പറഞ്ഞതാണ്. ആ സാഹചര്യത്തില്‍ പറഞ്ഞതാണെന്നും 70 ദിവസം മുമ്പാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും അവര്‍ സമ്മതിച്ചു. മാര്‍ച്ച് മാസം ജമാഅത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ആശുപത്രിയിലേക്കുള്ള രോഗികളുടെ തിരക്ക് അനുഭവപ്പെട്ടപ്പോഴാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നാണ് ന്യായീകരണം.
അതേസമയം, ഇക്കാര്യം ഉപയോഗിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്തതിനും സംഭാഷണത്തിന്റെ വീഡിയോ പ്രചരിപ്പിച്ചതിനും റിപോര്‍ട്ടര്‍ക്കെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് ഡോ. ആരതി ലാല്‍ചാന്ദ്‌നി പറഞ്ഞു. പ്രാദേശിക ഹിന്ദി റിപോര്‍ട്ടര്‍ തന്നില്‍ നിന്ന് ടെന്‍ഡറുകളും പുറംകരാറുകളും ആവശ്യപ്പെട്ടതായും അവര്‍ ആരോപിച്ചു. സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും മുസ്‌ലിംകളെ കലാപത്തിന് പ്രേരിപ്പിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ടാവാമെന്നും അവര്‍ പറഞ്ഞു. സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന് ഡോ. ആരതി ലാല്‍ചാന്ദ്‌നി മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായും ജില്ലാ ഭരണകൂടം അന്വേഷിക്കണമെന്നും കാണ്‍പൂര്‍ മുന്‍ എംപിയും സിപിഎം നേതാവുമായ സുഭാഷിണി അലി ആവശ്യപ്പെട്ടു. സംഭവം ശരിയാണെന്ന് കണ്ടെത്തിയാല്‍ പ്രിന്‍സിപ്പലിനെ ഉടന്‍ തന്നെ നീക്കം ചെയ്യുകയും അവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 'ഇത്തരം ഭാഷ ഉപയോഗിക്കുക വഴി ഭരണഘടനയെയും ഡോക്ടറാവുമ്പോഴുള്ള സത്യപ്രതിജ്ഞയുമാണ് ലംഘിച്ചതെന്നും സുഭാഷണി അലി പറഞ്ഞു.