പ്രിയാ വര്‍ഗീസിന് ഹൈക്കോടതിയില്‍ തിരിച്ചടി; അസോ. പ്രഫസര്‍ തസ്തികയിലേക്ക് മതിയായ യോഗ്യതയില്ല

Update: 2022-11-17 10:38 GMT

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിൻ്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്.

പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യമെന്ന് കോടതി പറയുന്നു. യുജിസിയുടെ നിബന്ധനകൾക്കപ്പുറം പോകാൻ കോടതിക്ക് കഴിയില്ല. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല.

അധ്യാപകർ രാഷ്ട്ര നിർമ്മാതാക്കളാണെന്നും സമൂഹത്തിലെ ഏറ്റവും നല്ലവരായിരിക്കണം അധ്യാപകരെന്നും വിധിയിൽ ഹൈക്കോടതി നിരീക്ഷിക്കുന്നു. ഉദ്യോഗാർത്ഥികളുടെ സൂക്ഷ്മ പരിശോധന സത്യസന്ധമായാണ് നടത്തിയതെന്നും വിദഗ്ധർ അടങ്ങിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിൽ കോടതിക്ക് ഇടപെടാൻ ആകില്ലെന്നും കണ്ണൂർ യൂണിവേഴ്സിറ്റി പറഞ്ഞതായി കോടതി വിധിയിൽ പറയുന്നുണ്ട്. പദവിക്ക് അപേക്ഷിക്കാൻ വേണ്ട അധ്യാപന പരിചയം പോലും പ്രിയ വര്‍ഗ്ഗീസിന് ഇല്ലായിരുന്നുവെന്ന് നിരീക്ഷണവും ഹൈക്കോടതി വിധിയിൽ നടത്തുന്നുണ്ട്. പ്രിയ വർഗീസിന്റ വാദങ്ങളെ സാധൂകരിക്കാനുള്ള കാര്യങ്ങൾ കോടതിക്ക് മുന്നിൽ ഇല്ല, സ്റ്റുഡന്റ് സർവീസ് ഡയറക്ടറുടെ ഉത്തരവാദിത്തങ്ങൾ ഒരിക്കലും അധ്യാപന പരിചയം അല്ല,NSS കോ ഓർഡിനേറ്റർ ആയിരുന്നപ്പോൾ പ്രിയ വർഗീസിന് അധ്യാപക ചുമതല ഉണ്ടായിരുന്നില്ലെന്നും കോടതി പറയുന്നു. 

Similar News