തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കള്‍ പ്രതികളായ പിഎസ് സി പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കണ്ടെടുത്തു. നേരത്തേ പ്രതികള്‍ നശിപ്പിച്ചിരുന്നുവെന്ന് പറഞ്ഞ ഫോണാണ് ബെംഗളൂരുവില്‍ നിന്നു ഇപ്പോള്‍ കണ്ടെടുത്തതെന്നാണ് പോലിസ് പറയുന്നത്. കേസിലെ നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കിട്ടാത്തത് അന്വേഷണത്തെ സാരമായി ബാധിച്ചിരുന്നു. യശ്വന്ത്പൂരിലെ ഒരു തൊഴിലാളി ഉപയോഗിച്ചിരുന്ന ഫോണ്‍ ഇന്നലെയാണ് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. ഉത്തരങ്ങള്‍ ചോര്‍ത്തിയശേഷം പ്രവീണ്‍ പാളയത്തെ ഒരു കടയില്‍ ഫോണ്‍ വിറ്റു. അവിടെ നിന്നു കൈമാറിയാണ് ഫോണ്‍ ബെംഗളൂരുവിലെ തൊഴിലാളിക്കു ലഭിച്ചത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ക്രമക്കേടിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളെല്ലാം നശിപ്പിച്ചെന്നായിരുന്നു പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലിസിനോട് പറഞ്ഞിരുന്നത്. ഫോണുകള്‍ നശിപ്പിച്ചെങ്കിലും പ്രതികള്‍ പരസ്പരം കൈമാറിയ സന്ദേശങ്ങളും ഫോണ്‍വിളിയുടെ വിശദാംശങ്ങളുമെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
യൂനിവേഴ്‌സിറ്റി കോളജിലെ മുന്‍ വിദ്യാര്‍ഥിയും ആറാം പ്രതിയുമായ പ്രവീണ്‍ ഉപയോഗിച്ച ഫോണാണ് ഇപ്പോള്‍ കണ്ടെത്തിയത്. രണ്ടാം പ്രതി നസീം പിഎസ്എസി ചോദ്യപേപ്പര്‍ ഫോട്ടോയടുത്ത് ഒരു പ്രത്യേക ആപ്ലിക്കേഷന്‍ വഴി പ്രവീണിന്റെ ഫോണിലേക്കാണ് അയച്ചുകൊടുക്കുകയായിരുന്നു. ഇത് പരിശോധിച്ച് ഉത്തരങ്ങള്‍ തിരികെ അയച്ചതും ഇതേ ഫോണില്‍ നിന്നാണെന്നു കണ്ടെത്തിയികുന്നു. ഫോണ്‍ നശിപ്പിച്ചെന്നാണ് പ്രവീണ്‍ മൊഴി നല്‍കിയിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രവീണ്‍ മാസതവണ വ്യവസ്ഥയില്‍ പാളയം സ്റ്റാച്യൂവിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇഎംഐ നമ്പര്‍ പരിശോധിച്ചപ്പോഴാണ് ഫോണ്‍ ബെംഗളൂരുവിലുണ്ടെന്നു വിവരം ലഭിച്ചത്.
ക്രൈംബ്രാഞ്ച് എസ്‌ഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവില്‍ നിന്നു ഫോണ്‍ പിടിച്ചെടുത്ത്. ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ പോലിസ് നിശ്ചിത സമയത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നിസാം ഉള്‍പ്പെടെയുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരുന്നു.