നാളെ ഖുദ്‌സ് ദിനം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഹമാസ്

Update: 2025-03-27 04:43 GMT
നാളെ ഖുദ്‌സ് ദിനം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഹമാസ്

റമദാനിലെ അവസാന വെള്ളിയാഴ്ചയായ നാളെ ഖുദ്‌സ് ദിനം. ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും ഫലസ്തീനിലെ സയണിസ്റ്റ് അധിനിവേശം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടാനുമുള്ള അന്താരാഷ്ട്ര ദിനമാണ് ഖുദ്‌സ് ദിനം. ഇറാനിയന്‍ വിപ്ലവത്തിന് തൊട്ടുപിന്നാലെ 1979ല്‍ ഇറാന്റെ പരമോന്നത നേതാവായ റൂഹുല്ലാ ഖുമൈനി, ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ അധിനിവേശത്തെ എതിര്‍ക്കാനുമായി ഖുദ്‌സ് ദിനം പ്രഖ്യാപിച്ചു. ''ഫലസ്തീനി മുസ്‌ലിംകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പിന്തുണയും സന്നദ്ധതയും പ്രഖ്യാപിക്കാന്‍ ലോകത്തെ എല്ലാ മുസ്‌ലിംകളോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു''അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിലെ പുണ്യമാസമായ റമദാനിലെ അവസാന വെള്ളിയാഴ്ച ഖുദ്‌സ് ദിനമായി തിരഞ്ഞെടുക്കാന്‍ കാരണമുണ്ട്. ലോകത്തിലെ നോമ്പെടുക്കുന്ന മുസ്‌ലിംകള്‍ അവരുടെ വികാരങ്ങളിലും അഭിലാഷങ്ങളിലും ഐക്യപ്പെടുന്ന മാസമാണിത്. റമദാന്‍ ഐക്യത്തിന്റെ മാസമാണ്. 'അല്‍ ഖുദ്‌സ്' അല്ലെങ്കില്‍ 'ഖുദ്‌സ്' എന്നത് ജറുസലേമിന്റെ അറബി പേരാണ്. ഇസ്‌ലാമിലെ മൂന്നാമത്തെ ഏറ്റവും വിശുദ്ധമായ പള്ളിയായ മസ്ജിദുല്‍ അഖ്‌സ ജറുസലേമിലാണ്.

പാകിസ്താന്‍, ഇറാന്‍, ഇറാഖ്, ലബ്‌നാന്‍, യെമന്‍, ജോര്‍ദാന്‍, അധിനിവേശ വെസ്റ്റ് ബാങ്ക്, ഇന്ത്യ, ബഹ്‌റയ്ന്‍, ദക്ഷിണാഫ്രിക്ക, മൊറോക്കോ, യുഎസ്, കാനഡ, യുകെ, ജര്‍മനി, ഓസ്‌ട്രേലിയ തുടങ്ങി 80ല്‍ അധികം ലോകരാജ്യങ്ങളില്‍ ഖുദ്‌സ് ദിന റാലികള്‍ നടക്കാറുണ്ട്.

യുഎസ് പിന്തുണയോടെ ഗസയില്‍ ഇസ്രായേല്‍ വംശഹത്യ തുടരുന്ന സാഹചര്യത്തില്‍ ഗസയോടും അല്‍ ഖുദ്‌സിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഹമാസ് ആഹ്വാനം ചെയ്തു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ആഹ്വാനം. ''ഗസയെയും അല്‍ ഖുദ്‌സിനെയും അല്‍ അഖ്‌സയെയും പ്രതിരോധിക്കാനായി ഫലസ്തീന്‍ ജനതയും അറബ്, ഇസ്‌ലാമിക രാജ്യങ്ങളും ലോകത്തെ സ്വതന്ത്രരായ മനുഷ്യരും ഒരുമിക്കണം. ഫലസ്തീന്‍ ഭൂമിക്കും ജനങ്ങള്‍ക്കും പുണ്യസ്ഥലങ്ങള്‍ക്കും എതിരായ അധിനിവേശ ആക്രമണങ്ങള്‍ തടയാന്‍ പ്രവര്‍ത്തിക്കണം. അതിനായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അണിനിരക്കണം.''ഹമാസിന്റെ പ്രസ്താവന പറയുന്നു.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളും ഫലസ്തീനികളെ പട്ടിണിക്കിടുന്നതും തടയാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കണമെന്നും ഹമാസ് അഭ്യര്‍ഥിച്ചു. എല്ലാ ശ്രമങ്ങളും ഗസയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ ഉതകുന്നതായിരിക്കണം. ഫലസ്തീനിനെതിരേ ഇസ്രായേല്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സാഹചര്യത്തില്‍ ചരിത്രപരമായ ഉത്തരവാദിത്തം അറബ്ഇസ്‌ലാമിക രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും ഹമാസ് അഭ്യര്‍ഥിച്ചു. അധിനിവേശം അവസാനിപ്പിക്കാനും ഉപരോധം അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കാനുമാണ് അഭ്യര്‍ഥന.

വെള്ളിയാഴ്ച ദിനം ഫലസ്തീന്‍, ഗസ, അല്‍ ഖുദ്‌സ്, അല്‍ അഖ്‌സ എന്നിവയോടുള്ള പിന്തുണാ ദിനമായി സമര്‍പ്പിക്കാന്‍ പ്രഭാഷകരോടും പണ്ഡിതരോടും ഹമാസ് അഭ്യര്‍ഥിച്ചു.

Similar News