'രാഹുല്‍ ഗാന്ധിക്ക് പക്വതയില്ല, ജനാധിപത്യസംവിധാനം തകര്‍ത്തു'; ഗുരുതര ആരോപണങ്ങളുന്നയിച്ച് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളും മുന്‍ കേന്ദ്രമന്ത്രിയും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസ്സുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുലിനെതിരേ കടുത്ത ആരോപണങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്നും പാര്‍ട്ടിയിലെ എല്ലാ ജനാധിപത്യസംവിധാനവും തകര്‍ത്തെറിഞ്ഞെന്നും രാജിക്കത്തില്‍ ആരോപിച്ചു.
രണ്ട് വര്‍ഷം മുമ്പ് കോണ്‍ഗ്രസ്സില്‍ പരിഷ്‌കരണവും നേതൃമാറ്റവും ആവശ്യപ്പെട്ട് രൂപംകൊണ്ട ജി 23ഗ്രൂപ്പില്‍പ്പെട്ട നേതാവാണ് ഗുലാംനബി ആസാദ്. കോണ്‍ഗ്രസ്സിനെ എല്ലാ തലത്തിലും അഴിച്ചുപണിയണമെന്നായിരുന്നു ജി 23 സോണിയാ ഗാന്ധിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ആഴ്ച ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ഇദ്ദേഹം രാജിവച്ചിരുന്നു. രാഷ്ട്രീയകാര്യ സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് അദ്ദേഹത്തിന് നല്‍കിയത്. മറ്റെല്ലാ സ്ഥാനത്തുനിന്നും ഒഴിവാക്കി. തന്നെ തരംതാഴ്ത്തിയെന്ന് കുറ്റപ്പെടുത്തി ആ സ്ഥാനവും അദ്ദേഹം രാജിവച്ചിരുന്നു.