മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസ്: ഗോരക്ഷകരായ മോനു മനേസറിനെയും ലോകേഷ് സിംഗ്ലയെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി രാജസ്ഥാന്‍ പോലിസ്

Update: 2023-02-23 12:02 GMT

ഛത്തീസ്ഗഢ്: ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ മുഖ്യപ്രതികളെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി രാജസ്ഥാന്‍ പോലിസ്. ബജ്‌റങ്ദള്‍ നേതാവും ഗോരക്ഷക നേതാവുമായ മോനു മനേസറിനെയും സംഘത്തില്‍പ്പെട്ട ലോകേഷ് സിംഗ്ലയെയുമാണ് പോലിസ് ക്ലീന്‍ ചിറ്റ് നല്‍കി ഒഴിവാക്കിയത്. ഭരത്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എട്ടുപേരുടെ ചിത്രങ്ങള്‍ സഹിതം പോലിസ് പുതിയ പ്രതിപ്പട്ടിക പുറത്തുവിട്ടു. ഇവരില്‍ രണ്ടുപേര്‍ നുഹില്‍ നിന്നുള്ളവരും ആറുപേര്‍ ഹരിയാനയിലെ മറ്റ് ജില്ലകളില്‍ നിന്നുള്ളവരുമാണ്. ഇതില്‍ മോനു മനേസറിന്റെയും ലോകേശ് സിംഗ്ലയുടെയും ചിത്രങ്ങളില്ല.

കൊലപാതകത്തില്‍ മോനുവിന് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലിസ് നല്‍കുന്ന വിവരം. മോനു മനേസര്‍ കുറ്റകൃത്യം നടന്ന സ്ഥലത്തിന് അടുത്തെങ്ങും ഉണ്ടായിരുന്നില്ലെന്ന് പോലിസ് പറയുന്നു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. അതേസമയം, മോനുവിനെ അറസ്റ്റ് ചെയ്യാന്‍ രാജസ്ഥാന്‍ പോലിസ് ഹരിയാനയില്‍ വന്നാല്‍ കാലും കൈയും തല്ലിയൊടിക്കുമെന്ന് ബജ്‌റംങ്ദള്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. റിങ്കു സൈനി, ലോകേഷ് സിംഗ്ല, ശ്രീകാന്ത്, മോനു മനേസര്‍, അനില്‍ എന്നിങ്ങനെ ജുനൈദിന്റെയും നസീറിന്റെയും കൊലപാതകത്തില്‍ രാജസ്ഥാന്‍ പോലിസ് അഞ്ച് ഗോരക്ഷകര്‍ക്കെതിരേയാണ് കേസെടുത്തിരുന്നത്.

പോലിസ് റിമാന്‍ഡിലുള്ള റിങ്കു സൈനി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശ്രീകാന്ത്, കാലു, കിഷോര്‍, ഭിവാനി, ശശികാന്ത്, വികാസ്, പലുവാസ്, ഭിവാനി എന്നിവരെയാണ് അന്വേഷിക്കുന്നതെന്ന് രാജസ്ഥാന്‍ പോലിസ് എഡിജിപി ക്രൈം എം എന്‍ ദിനേശ് പറഞ്ഞു. ജുനൈദിന്റെയും നസീറിന്റെയും കൊലപാതകക്കേസില്‍ പ്രതികളായ ഗോരക്ഷകര്‍ പോലിസിന്റെ ചാരന്‍മാരാണെന്ന റിപോര്‍ട്ട് പുറത്തുവന്നിരുന്നു. സംഭവത്തില്‍ പേരുള്ള അഞ്ച് പേരില്‍ മൂന്ന് പേര്‍, റിങ്കു സൈനി, ലോകേഷ് സിംഗ്ല, ശ്രീകാന്ത് എന്നിവര്‍ ഈ പ്രദേശങ്ങളിലെ പശുക്കടത്ത് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പോലിസിന് വിവരം നല്‍കുന്നവരായിരുന്നു.

ഹരിയാന പോലിസിന്റെ റെയ്ഡുകളില്‍ ഇവരും കൂടെയുണ്ടായിരുന്നതായി റിപോര്‍ട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തും ബജ്‌റങ്ദളും മറ്റ് ഹിന്ദു സംഘടനകളും മോനു മനേസറിനെ പിന്തുണച്ച് ഫെബ്രുവരി 21 ന് മഹാപഞ്ചായത്ത് വിളിച്ചുചേര്‍ക്കുകയും ചെയ്തിരുന്നു. കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പിടിയിലായത് ഒരാള്‍ മാത്രമാണ്. പ്രതികളെ പിടികൂടുന്നതില്‍ പോലിസ് അലംഭാവം കാണിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് രാജസ്ഥാന്‍ സ്വദേശികളായ ജുനൈദ്, നസീര്‍ എന്നിവരെ ഹരിയാനയിലെ ഭീവാനിയില്‍ വച്ച് പെട്രോള്‍ ഒഴിച്ച് കത്തിച്ചുകൊന്നത്. കേസിലെ ഒമ്പത് പ്രതികളില്‍ ഒരാള്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. എന്നാല്‍, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.

Tags:    

Similar News