രാകേഷ് ടികായത്തിനെ ആക്രമിച്ച സംഭവം; എബിവിപി നേതാവ് ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റില്‍
33 പേരോളം വരുന്ന സംഘം വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.
ന്യൂഡല്‍ഹി: കര്‍ഷക സമര നേതാവ് രാകേഷ് തികായത്തിനെ ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ അറസ്റ്റില്‍. വെളളിയാഴ്ച ആള്‍വാര്‍ ജില്ലയിലെ തത്തര്‍പൂരില്‍ വെച്ചാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്തിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. എബിവിപി നേതാവ് കുല്‍ദീപ് യാദവ് അടക്കമുളളവരാണ് അറസ്റ്റിലായത്. ഹര്‍സോറയിലെ ബാന്‍സുറില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കാന്‍ പോകവെയാണ് ആക്രമണമുണ്ടായത്.
33 പേരോളം വരുന്ന സംഘം വാഹനം തടയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമികള്‍ വടി ഉപയോഗിച്ച് കാറിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും ദേഹത്ത് കറുത്ത മഷി ഒഴിക്കുകയും ചെയ്തതായാണ് പരാതി. കേന്ദ്ര സര്‍ക്കാരും ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയുമായ എബിവിപിയുമാണ് ആക്രമണത്തിന് പിന്നിലെന്ന് രാകേഷ് തികായത്ത് ആരോപിച്ചിരുന്നു.
അക്രമികള്‍ കല്ലെറിയുകയും ലാത്തികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.എന്തിനാണ് അവര്‍ തങ്ങളോട് ഏറ്റുമുട്ടുന്നത് എന്നും തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരല്ല മറിച്ച് കര്‍ഷകര്‍ ആണെന്നും തികായത്ത് പ്രതികരിച്ചു.
രാകേഷ് തികായത്തിന് നേര്‍ക്ക് നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ദേശീയ പാത 9 തടഞ്ഞ് പ്രതിഷേധിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അക്രമത്തെ അപലപിച്ച് രംഗത്ത് വന്നു.