ജുനൈദ്-നാസിര്‍ വധം: ചുട്ടുകൊന്നത് പോലിസിന്റെ ചാരന്‍മാര്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

പശുക്കടത്തുകാരെന്ന് സംശയിക്കുന്നവരെ കുറിച്ച് പോലിസിന് വിവരങ്ങള്‍ കൈമാറുകയും റെയ്ഡുകളില്‍ പോലിസിനെ അനുഗമിക്കുന്നവരുമാണ് ഇവരെന്നാണ് പുറത്തുവന്നിട്ടുള്ളത്.

Update: 2023-02-22 17:44 GMT

ബഷീര്‍ പാമ്പുരുത്തി

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഘാട്മീക സ്വദേശികളായ ജുനൈദിനെയും നാസിറിനെയും പശുക്കടത്ത് സംഘമെന്ന് ആരോപിച്ച് ഹരിയാനയിലെ ഭിവാനിയില്‍ വാഹനത്തിനുള്ളില്‍ ചുട്ടുകൊന്ന സംഭവത്തില്‍ പോലിസിനെ പ്രതിക്കൂട്ടിലാക്കി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊലക്കേസില്‍ പ്രതികളായ മൂന്നുപേര്‍ ഹരിയാന പോലിസിന് പശുക്കടത്ത് സംബന്ധിച്ച് രഹസ്യവിവരങ്ങള്‍ നല്‍കാന്‍ നിയോഗിക്കപ്പെട്ട ചാരന്‍മാരാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. നേരത്തേ, ജുനൈദിനെയും നാസിറിനെയും വാഹനത്തില്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നുഹിലെ ഫിറോസ്പൂര്‍ ജിര്‍ക്ക പോലിസ് സ്‌റ്റേഷനിലെത്തിച്ചെങ്കിലും പരിക്കിന്റെ ഗുരുതരാവസ്ഥ കണ്ട് തിരിച്ചയക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നത്.


Full View

    ഒരേ കുടുംബത്തിലെ അംഗങ്ങളും കുടുംബങ്ങളുടെ അത്താണികളുമായ മുസ് ലിം യുവാക്കളെ പശുക്കടത്തെന്ന വ്യാജ ആരോപണം ഉന്നയിച്ച് തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിഷേധം അനുദിനം ശക്തമാവുകയാണ്. വീട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയവരെ പശുക്കടത്തെന്ന വ്യാജ ആരോപണം ഉന്നയിച്ച് ചുട്ടുകൊന്ന നീചകൃത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് കുടുംബങ്ങളും നാട്ടുകാരും ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളായ അസദുദ്ദീന്‍ ഉവൈസി എംപി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, ജമാഅത്തെ ഇസ് ലാമി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് തുടങ്ങിയ മതസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കുകയും നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല, കുടുംബാംഗങ്ങള്‍ ഖബറിടത്തിനു മുന്നില്‍ പ്രതിഷേധത്തിലുമാണ്. രാജസ്ഥാന്‍ സര്‍ക്കാര്‍ ധനസഹായവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്‌തെങ്കിലും നീതിതേടിയുള്ള കുടുംബത്തിന്റെയും ഗാട്മീക നിവാസികളുടെയും പ്രതിഷേധത്തിന് അയവുണ്ടായിട്ടില്ല. ജുനൈദിന് അഞ്ചുകുട്ടികളും ഭാര്യയുമാണുള്ളത്. ചെറിയ കുഞ്ഞിന് പ്രായം വെറും ആറുമാസം മാത്രമാണ്. തന്റെ പ്രിയതമന്‍ ഏറെ സ്‌നേഹമുള്ളവനാണെന്നു പറഞ്ഞ് വിലപിക്കുകയാണ് ഭാര്യ സാജിദ. എന്റെ അബ്ബയെ അവര്‍ ജീവനോടെ കത്തിച്ചുകളഞ്ഞെന്നും കൊളയാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നുമാണ് മൂത്ത മകള്‍ പര്‍വാന ദുഖം കടിച്ചമര്‍ത്തി പറയുന്നത്. നാസിറാവട്ടെ വിവാഹിതനായിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ആരോഗ്യവാനായ ജുനൈദിന്റെയും നാസിറിന്റെയും കത്തിക്കരിഞ്ഞ മൃതശരീരങ്ങള്‍ കാണേണ്ടിവന്ന ഞെട്ടലില്‍ നിന്ന് ഇപ്പോഴും ആ കുടുംബങ്ങള്‍ മുക്തരായിട്ടില്ല.

   


ഇതിനിടെയാണ് ഹരിയാന പോലിസിന് കുറ്റകൃത്യത്തില്‍ പ്രതിക്കൂട്ടിലാക്കുന്ന റിപോര്‍ട്ട് പുറത്തുവന്നത്. കേസില്‍ പോലിസ് കൊലക്കുറ്റം ചുമത്തിയ മൂന്ന് പ്രതികള്‍ ഹരിയാനയിലെ നൂഹ് ജില്ലയിലെ പോലിസിന്റെ ഇന്‍ഫോര്‍മര്‍മാരായി പ്രവര്‍ത്തിച്ചവരായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പശുക്കടത്തുകാരെന്ന് സംശയിക്കുന്നവരെ കുറിച്ച് പോലിസിന് വിവരങ്ങള്‍ കൈമാറുകയും റെയ്ഡുകളില്‍ പോലിസിനെ അനുഗമിക്കുന്നവരുമാണ് ഇവരെന്നാണ് പുറത്തുവന്നിട്ടുള്ളത്. നുഹ് ജില്ലയിലെ ഫിറോസ്പൂര്‍ ജിര്‍ക്ക, നാഗിന പോലിസ് സ്‌റ്റേഷനുകളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലെങ്കിലും ഇരട്ടക്കൊലയിലെ പ്രതികളായ റിങ്കു സൈനി, ലോകേഷ് സിംഗ്ല, ശ്രീകാന്ത് എന്നിവരും പ്രതികളായിരുന്നുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇവരെല്ലാം ബജ്‌റങ്ദളിനെ സജീവ പ്രവര്‍ത്തകരാണ്. ജുനൈദ്-നാസിര്‍ കൊലപാതകത്തില്‍ ആദ്യം അഞ്ചുപേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇവരിലെ പ്രധാനിയും പശുക്കടത്തിന്റെ പേരിലുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ മോനു മനേസര്‍ ബജ്‌റംഗ് ദള്‍ നേതാവും ഹരിയാന സര്‍ക്കാരിന്റെ ഗുഡ്ഗാവിലെ പശു സംരക്ഷണ ടാസ്‌ക് ഫോഴ്‌സിന്റെ മുഖവുമാണ്. വിഷയത്തില്‍ ഹരിയാന പോലിസിന്റെ പങ്ക് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കന്നുകാലി കടത്ത് നടത്തുന്ന അഞ്ച് പേര്‍ രാജസ്ഥാനിലേക്ക് പിക്കപ്പ് ട്രക്കില്‍ കശാപ്പിനായി പോവുന്നുണ്ടെന്ന രഹസ്യ വിവരം പോലിസിനെ അറിയിച്ചത് പ്രതിയായ റിങ്കു സൈനിയാണെന്നാണെന്നും ഇതുപ്രകാരം അഗോണ്‍ ഗ്രാമത്തിന് സമീപം ഒരു സംഘം പോലിസുകാര്‍ നിലയുറപ്പിച്ചതായും പുതിയ എഫ്‌ഐആറില്‍ പറയുന്നുണ്ട്. മാത്രമല്ല, വിഷയത്തില്‍ ഒരേ ദിവസം തന്നെ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. ഒന്ന് പ്രതി ശ്രീകാന്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാഗിന പോലിസ് സ്‌റ്റേഷനിലും മറ്റൊന്ന് റിങ്കു സൈനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫിറോസ്പൂര്‍ ജിര്‍ക്ക സ്‌റ്റേഷനിലുമാണ്. രണ്ട് എഫ് ഐആറുകളിലും ഒട്ടേറെ വൈരുധ്യങ്ങളുണ്ടെന്നും റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.



അതേസമയം, കേസിലെ മുഖ്യപ്രതിയായ മോനു മനേസറെ ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. മോനുവിന്റെ വീട്ടില്‍ റെയ്ഡ് നടത്താനുള്ള പോലിസ് നീക്കത്തെ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയും മോനുവിന് പരസ്യപിന്തുണയുമായി വിഎച്ച്പി റാലി നടത്തുകയും ചെയ്തിരുന്നു. മോനുമനേസര്‍ ഉള്‍പ്പെടെ 12 പേര്‍ കേസില്‍ പ്രതികളാണെന്നും ഇയാളുടെ പങ്ക് വ്യക്തമാണെന്നും ഭരത്പൂര്‍ ഐജി ഗൗരവ് ശ്രീവാസ്തവ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മോനു മനേസറിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കങ്ങളും തകൃതിയാണ്.

Tags:    

Similar News