രഞ്ജിത്ത് മോശമായി പെരുമാറി; ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി

Update: 2024-08-23 14:43 GMT

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരേ അതീവ ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി. 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നും പേടിച്ച് രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞെന്നും ശ്രീലേഖ മിത്ര വെളിപ്പെടുത്തി. ഹേമാ കമ്മിറ്റി റിപോര്‍ട്ട് വന്‍ കോളിളക്കം സൃഷ്ടിക്കുന്നതിനിടെയാണ് രഞ്ജിത്തിനെതിരേ പേരെടുത്ത് ആരോപണമുന്നയിച്ചത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ അകലെ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ഇതു കണ്ടാണ് തന്നെ പാലേരി മാണിക്യത്തിലേക്ക് ക്ഷണിച്ചത്. ഓഡിഷനെല്ലാം കഴിഞ്ഞിരുന്നു. രാവിലെ കൊച്ചിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ കണ്ടു. മലയാളം സിനിമ എനിക്ക് ഏറെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കെപ്പമാണ് അഭിനയിക്കേണ്ടത് എന്നത് ഏറെ സന്തോഷമുണ്ടാക്കിയിരുന്നു.

    വൈകീട്ട് അണിയറപ്രവര്‍ത്തകരുമായി ഒരു പാര്‍ട്ടി നടത്തി. അതിലേക്ക് നിര്‍മാതാവണ് ക്ഷണിച്ചത്. അവിടെയെത്തിയപ്പോള്‍ നിരവധി പേരുണ്ടായിരുന്നു. അവിടെ വച്ചാണ് രഞ്ജിത്ത് തന്റഎ മുറിയിലേക്ക് വരാന്‍ ക്ഷണിച്ചത്. സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. മുറിയിലെത്തിയപ്പോള്‍ രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു. ഏറെ അസ്വസ്ഥയായ എനിക്ക് പൊടുന്നനെ പ്രതികരിക്കാനായില്ല. അപ്പോള്‍ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാന്‍ ഞെട്ടി. ഉടന്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത്. ആ ദിവസം എനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു. അന്ന് തന്റെ ഭര്‍ത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞില്ല. തന്റെ മാനസികാവസ്ഥ ആര്‍ക്കും മനസ്സിലാക്കാനാവില്ല. ഇതേക്കുറിച്ച് ഡോക്യുമെന്ററി സംവിധായകന്‍ ജോഷിയോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആരും എന്നെ ബന്ധപ്പെട്ടില്ല. യാതൊരു നടപടിയും ഉണ്ടായിട്ടെില്ല. പാലേരി മാണിക്യത്തിലും മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം ലഭിച്ചില്ല. അന്ന് മോശമായി പെരുമാറിയതിനാലാണ് പിന്നീടെനിക്ക് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോവാനുള്ള പണം പോലും തന്നില്ല. തനിച്ചാണ് പിറ്റേന്ന് നാട്ടിലേക്ക് മടങ്ങിയത്. ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികള്‍ മറ്റു ഭാഷകളിലും വേണം. അതിക്രമത്തിന് ഇരയായവര്‍ പരാതിയുമായി മുന്നോട്ടുവന്ന് കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായമെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു.

Tags:    

Similar News