രഞ്ജിത്ത് പ്രഗല്‍ഭനായ കലാകാരന്‍; രേഖാമൂലം പരാതി കിട്ടിയാല്‍ അന്വേഷണമെന്ന് മന്ത്രി സജി ചെറിയാന്‍

Update: 2024-08-24 04:52 GMT

കൊച്ചി: സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തില്‍ സംവിധായകന്‍ രഞ്ജിത്തിന് സംരക്ഷണമൊരുക്കി മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് ഇന്ത്യകണ്ട പ്രഗല്‍ഭനായ കലാകാരനാണെന്നും ആരോപണത്തിന്റെ പേരില്‍ നടപടിയെടുക്കാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രേഖാമൂലം പരാതി കിട്ടിയാല്‍ രഞ്ജിത്തിനെതിരേ അന്വേഷണം ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോവും. ഹേമാ കമ്മിറ്റി റിപോര്‍ട്ടില്‍ പരാതി ലഭിച്ചാല്‍ കേസെടുക്കും. എത്ര ഉന്നതനായാലും നിയമനടപടികളുണ്ടാവും. പരാതിയില്ലാതെ നടപടിയുമായി മുന്നോട്ടുപോയാല്‍ കേസ് നിലനില്‍ക്കില്ല. ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ ഉള്‍പ്പടെ നിര്‍ദേശങ്ങളുണ്ട്. ഹേമാ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാറിന് പ്രത്യേക താല്‍പര്യങ്ങളില്ല. കോടതി നിര്‍ദേശം ഉണ്ടായപ്പോള്‍ സര്‍ക്കാര്‍ റിപോര്‍ട്ട് പുറത്ത് വിട്ടു. ഇനിയും എതെങ്കിലും ഭാഗം കോടതി പുറത്തുവിടാന്‍ പറഞ്ഞാല്‍ അത് ചെയ്യും. അതേസമയം, ഹേമാ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും തത്ത്വത്തില്‍ നടപ്പാക്കിയതായും മന്ത്രി പറഞ്ഞു.

Tags:    

Similar News