ആര്‍എസ്എസ്സിന്റെ വംശീയ അക്രമങ്ങളെ ജനകീയമായി ചെറുക്കണം: എ കെ സലാഹുദ്ദീന്‍
സംഘപരിവാര അക്രമങ്ങള്‍ വ്യാപകമാകുമ്പോള്‍ പൗരന്മാരുടെ സംയമനം ദൗര്‍ഭല്യമായി കാണരുത്. പ്രതിഷേധ പരിപാടികള്‍ കേവലം കീഴ്‌വഴക്കമായി അധികാരികള്‍ കാണരുതെന്നും എ കെ സലാഹുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: രാജ്യവ്യാപകമായി ആര്‍എസ്എസ് നടത്തുന്ന വംശീയ അക്രമങ്ങളെ ജനകീയമായി ചെറുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍. 'ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമനവമി ആഘോഷങ്ങളുടെ മറവില്‍ രാജ്യത്തെ പതിനാലോളം സംസ്ഥാനങ്ങളില്‍ ഒരേ സമയം നടന്ന അക്രമങ്ങള്‍ ആകസ്മികമോ യാദൃശ്ചികമോ അല്ല. കൃത്യമായ ആസൂത്രണത്തോടെയാണ് വംശീയ അക്രമങ്ങള്‍ നടന്നിരിക്കുന്നത്. ഇവിടെ ഭരണകൂടമോ നിയമപാലകരോ ഇരകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ തയ്യാറായില്ല എന്നത് ഞെട്ടലോടെയാണ് ജനാധിപത്യ വിശ്വാസികള്‍ നോക്കിക്കാണുന്നത്.
രാമക്ഷേത്ര നിര്‍മാണത്തോടെ മതവികാരം ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര അജണ്ട രാമനവമിയിലേക്ക് മാറ്റിയിരിക്കുന്നു. സംഘപരിവാര അക്രമങ്ങള്‍ വ്യാപകമാകുമ്പോള്‍ പൗരന്മാരുടെ സംയമനം ദൗര്‍ഭല്യമായി കാണരുത്. പ്രതിഷേധ പരിപാടികള്‍ കേവലം കീഴ്‌വഴക്കമായി അധികാരികള്‍ കാണരുതെന്നും എ കെ സലാഹുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത്, പ്രാവച്ചമ്പലം അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് സംസാരിച്ചു. സംസ്ഥാന സമിതിയംഗം എല്‍ നസീമ, ജില്ലാ ഭാരവാഹികള്‍ സംബന്ധിച്ചു. രാവിലെ 11.30 ന് മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവനു മുമ്പില്‍ പോലിസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു.