കെ എം ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടികൂടി
രേഖകളില്ലാത്ത പണം പിടികൂടിയത് പരിശോധനയ്ക്കിടെയെന്ന് വിജിലന്‍സ്
കണ്ണൂര്‍: മുസ് ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടികൂടി. വിജിലന്‍സ് പരിശോധനയ്ക്കിടെയാണ് രേഖകളില്ലാത്ത പണം പിടികൂടിയതെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദനത്തിനു വിജിലന്‍സ് ഇന്നലെ രാത്രി കേസെടുത്തതിനു പിന്നാലെ ഷാജിയുടെ കോഴിക്കോട്ടെയും അഴീക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. രാവിലെ മുതല്‍ തുടര്‍ന്ന പരിശോധനയില്‍ വൈകീട്ടോടെയാണ് കണ്ണൂര്‍ ചാലാട് മണലിലെ വീട്ടില്‍ നിന്ന് രേഖകളില്ലാത്ത പണം പിടികൂടിയതെന്നാണ് വിജിലന്‍സ് അറിയിച്ചത്.
വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് കോഴിക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പൊതുപ്രവര്‍ത്തകനായ അഡ്വ. എം ആര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ എം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്‌പെഷ്യല്‍ യൂനിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക റിപോര്‍ട്ട്. തിരഞ്ഞെടുപ്പിനു മുമ്പ് വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.
Rs 50 lakh was seized from KM Shaji's house