ഗാന്ധി വധവും ആര്‍എസ്എസ് നിരോധനവും; ജനുവരി 30 രക്തസാക്ഷിത്വ ദിനം
'ഞാന്‍ സംഘിന്റെ മഹാരാഷ്ട്രയിലെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായിരുന്നു. മഹാരാഷ്ട്ര പ്രവിശ്യയിലെ സംഘിന്റെ ബൗദ്ധിക വിഭാഗത്തില്‍ ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.' എന്നാണ് ഗോഡ്‌സെ തന്റെ പ്രസ്താവനയില്‍ പറഞ്ഞത് (പേജ് 40).
ന്യൂഡല്‍ഹി: 'പ്രാര്‍ഥനാമണ്ഡപത്തിലേക്കുള്ള പടികളില്‍ നാലെണ്ണം കയറിയപ്പോഴേക്കും ഏകദേശം 35 വയസ്സ് പ്രായമുള്ള ഒരു യുവാവ് ഗാന്ധിജിയുടെ മുന്‍പില്‍ വന്നു. ഗാന്ധിജിയില്‍നിന്ന് ഏകദേശം രണ്ടുവാര മാത്രം അകലെനിന്ന് വണങ്ങി. ഗാന്ധിജി പ്രതിവന്ദനം ചെയ്തു. 'ഇന്ന് പ്രാര്‍ഥനയ്‌ക്കെത്താന്‍ കുറേ വൈകിയല്ലോ.' ആ യുവാവ് പറഞ്ഞു. 'ഉവ്വ്, ഞാന്‍ വൈകി.' ഗാന്ധിജി ചിരിച്ചുകൊണ്ട് പ്രതിവചിച്ചു. അപ്പോഴേക്കും യുവാവ് തന്റെ റിവോള്‍വര്‍ വലിച്ചെടുത്തു. ഗാന്ധിജിയുടെ ബലഹീനമായ ദേഹത്തിനുനേരെ തുടരെത്തുടരെ മൂന്ന് ഉണ്ടകള്‍ ഒഴിച്ചുകഴിഞ്ഞിരുന്നു. ആദ്യത്തെ വെടി വയറില്‍ കൊണ്ടു. 'ഹേ രാം... ഹേ രാം' എന്ന് ഗാന്ധിജി മന്ത്രിച്ചുതുടങ്ങി. രണ്ടാമത്തെ വെടി അടിവയറ്റില്‍ കൊണ്ടു. മൂന്നാമത്തെ വെടി നെഞ്ചത്തും. ഗാന്ധിജി മലര്‍ന്നുവീണു. കണ്ണട തെറിച്ചുപോയിരുന്നു. മുറിവുകളില്‍നിന്ന് രക്തം പ്രവഹിച്ചുകൊണ്ടിരുന്നു. ആബാ ഗാന്ധിയും താനുംകൂടി ഗാന്ധിജിയെ പിടിച്ചിരുത്തി. നാലോ അഞ്ചോ ആളുകള്‍ അദ്ദേഹത്തെ ഉടനെ ബിര്‍ലാ മന്ദിരത്തിലേക്കെടുത്തു. ഗാന്ധിജിയെ കിടത്തിയിരുന്ന മുറി ഉടനെ അടച്ചു... ഗാന്ധിജിയുടെ സംഘത്തിലെ ദുഃഖവിവശനായ ഒരംഗം ഗാന്ധിജിയുടെ മുറിയില്‍നിന്ന് പുറത്തേക്ക് വന്നു. 'ബാപ്പു അന്തരിച്ചു.' മഹാത്മജിയുടെ അന്ത്യനിമിഷങ്ങള്‍ അദ്ദേഹത്തിന്റെ പൗത്രി മനുഗാന്ധി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
1948 ജനവരി 30ാം തീയതി വൈകീട്ട് പതിവ് പ്രാര്‍ഥനായോഗത്തിലേക്ക് പോകവേയാണ് ഹിന്ദുത്വ പ്രവര്‍ത്തകനായ ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുന്നത്.
ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നു.
ഹിന്ദു മഹാസഭ പോലെയുള്ള മൗലികവാദ സംഘടനകളും രാഷ്ട്രീയ സ്വയംസേവക സംഘും(ആര്‍എസ്എസ്) ഗാന്ധിയേയും അദ്ദേഹം മുന്നോട്ട് വച്ച ദേശീയസമത്വമതേതര സങ്കല്പങ്ങളേയും അങ്ങേയറ്റം വെറുത്തിരുന്നു. ഗാന്ധി വധത്തിന് ശേഷം അടിയന്തിരമായി ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. ആര്‍.എസ്.എസിലേയും ഹിന്ദു മഹാസഭയിലേയും അംഗങ്ങള്‍ ഗാന്ധി വധിക്കപ്പെട്ടതിലുള്ള തങ്ങളുടെ സന്തോഷം പങ്കുവയ്ക്കുന്നതിന് വേണ്ടി മധുരവിതരണം നടത്തിയെന്ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ അഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ പറഞ്ഞിരുന്നു. പല വര്‍ഷങ്ങളായി അനവധി രാഷ്ട്രീയ നേതാക്കളും പണ്ഡിതരും ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനുള്ള പങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ സീതാറാം കേസരിയും അര്‍ജുന്‍ സിങ്ങും നേരത്തെ തന്നെ ആരോപിച്ചിരുന്നു. ആര്‍.എസ്.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം ഗാന്ധിവധമാണെന്നാണ് 2004ല്‍ അര്‍ജുന്‍ സിങ്ങ് പറഞ്ഞത്. നിയമപരമായ ഭീഷണികളുടെ സമ്മര്‍ദമുണ്ടായിട്ടും അദ്ദേഹം ആ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണുണ്ടായത്. 2010ല്‍ പ്രസിദ്ധീകൃതമായ 'കോണ്‍ഗ്രസും ഇന്ത്യന്‍ രാഷ്ട്രത്തിന്റെ നിര്‍മാണവും' (ഇീിഴൃല ൈമിറ വേല ങമസശിഴ ീള വേല കിറശമി ചമശേീി) എന്ന പുസ്തകത്തില്‍ പ്രണബ് മുഖര്‍ജി എഴുതിയത് 'ആര്‍.എസ്.എസിന്റെയും ഹിന്ദു മഹാസഭയുടെയും ഒരംഗം' ആണ് ഗാന്ധിയെ വെടിവെച്ചു കൊന്നതെന്നാണ്. ഏറ്റവും അവസാനമായി ദശാബ്ദങ്ങള്‍ പഴക്കമുള്ള ഈ സംവാദത്തെ പുനരുജ്ജീവിപ്പിച്ച രാഷ്ട്രീയക്കാരനാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധി. അത് ആര്‍.എസ്.എസിനെ ചൊടിപ്പിക്കുകയും ചെയ്തു.
ഗാന്ധി വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലായെന്നാണ് ആര്‍എസ്എസ് എന്നും പറഞ്ഞിട്ടുള്ളത്. എന്നാല്‍ കൊലയാളിയുടെ പ്രത്യയശാസ്ത്രത്തില്‍ നിന്നും തങ്ങള്‍ അകന്നു നില്‍ക്കുന്നുവോ എന്ന കാര്യം സംശയലേശമന്യെ പ്രകടിപ്പിക്കുവാനും അവര്‍ തയ്യാറായിട്ടില്ല.
ഗാന്ധി ഘാതകന്റെ ഹിന്ദു മഹാസഭയുമായുള്ള ബന്ധവും ആര്‍എസ്എസ് നേതാവ് സവര്‍ക്കറുമായുള്ള ബന്ധവും അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രവരി 4ാം തീയതി മാതൃഭൂമി ഒന്നാംപേജില്‍ 'ഘാതകന്‍ തുന്നല്‍ക്കാരനായിരുന്നു' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത നടുക്കുന്നതായിരുന്നു. 'രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ഘാതകനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ അറിവായിരിക്കുന്നു. ഇയാള്‍ ആദ്യകാലത്ത് ഒരു വെറും തുന്നല്‍ക്കാരനായിരുന്നു. അന്ന് നാരായണ റാവു ഗോഡ്‌സേ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. കുറച്ചുകാലം ഇയാള്‍ ഹൈദരാബാദില്‍ പാര്‍ത്തിരുന്നു. അവിടെവെച്ച് അയാള്‍ തന്റെ പേര്‍ നാഥുറാം വിനായക ഗോഡ്‌സേ എന്നാക്കി മാറ്റി. 1939ല്‍ നാഥുറാം പൂനയിലേക്ക് വരികയും ഹിന്ദു മഹാസഭാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ആദ്യം ഇയാള്‍ ഹിന്ദുമഹാസഭയുടെ ഒരു വെറും വളണ്ടിയര്‍ ആയിരുന്നു. പിന്നീട് ഒരു സഭാപ്രവര്‍ത്തകനായി മാറി. ഇയാള്‍ ഒരു മുഴുത്ത വര്‍ഗീയവാദിയായിരുന്നതിനാല്‍ സവര്‍ക്കര്‍ ഗ്രൂപ്പില്‍ ഒരു നല്ല സ്ഥാനം നേടാന്‍ വലിയ പ്രയാസമുണ്ടായില്ല. ഇതുകൊണ്ടുതന്നെയാണ് നാഥുറാം സംസ്ഥാന ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിത്തീര്‍ന്നതും. റിവോള്‍വര്‍, ബോംബ് തുടങ്ങിയ നശീകരണ സാമഗ്രികള്‍ ഉപയോഗിച്ച് കാര്യം നേടാമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗമാണ് സവര്‍ക്കര്‍ ഗ്രൂപ്പ് എന്നാണറിയപ്പെടുന്നത്. കുറച്ചു മുന്‍പാണ് നാഥുറാം ഒരു പത്രം തുടങ്ങിയത്. ഇതിന്റെ ഉടമസ്ഥനും അയാള്‍തന്നെയായിരുന്നു. പത്രം അക്രമപ്രേരിതമായ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ 3 മാസം മുന്‍പ് ബോംബെ ഗവണ്‍മെന്റ് ജാമ്യസംഖ്യ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടു. ലൈസന്‍സില്ലാതെ ആയുധം കൈവശം വെച്ചതിന് കുറച്ചു മുന്‍പ് അറസ്റ്റുചെയ്തതായും പിന്നീട് വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്'. മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു.
ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായിരുന്നു. വിചാരണയ്ക്കിടെ എഴുതി നല്‍കിയ പ്രസ്താവനയില്‍ താന്‍ എന്തിന് ഗാന്ധിയെ കൊന്നു എന്ന് കൃത്യമായി ഗോഡ്‌സെ പറഞ്ഞിട്ടുണ്ട്. 'അയാളുടെ (ഗാന്ധിയുടെ) രാഷ്ട്രവിരുദ്ധതക്കും രാജ്യത്തെ മതമൗലികവാദികള്‍ ആയ ഒരു വിഭാഗത്തോടുള്ള അപകടകരമായ പക്ഷപാതിത്വത്തിനുമുള്ള ശിക്ഷ അയാള്‍ക്ക് കിട്ടിയെന്ന് ലോകമറിയണമെങ്കില്‍ ആ മനുഷ്യന് സ്വാഭാവികമായ ഒരു മരണം ലഭിക്കാന്‍ അനുവദിക്കരുത് എന്ന ഉള്‍പ്രേരണ എന്റെ മനസ്സില്‍ അത്രയും ശക്തമായിരുന്നു' എന്നാണ് ഗോഡ്‌സെ പറഞ്ഞത്.
ഗാന്ധിയെക്കുറിച്ചും മുസ് ലിംകളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ പറ്റിയും ആര്‍എസ്എസിനും ഹിന്ദു മഹാസഭയ്ക്കും സമാനമായ അഭിപ്രായങ്ങളാണുണ്ടായിരുന്നത്. ഗാന്ധിയെ പ്രത്യക്ഷമായി പരാമര്‍ശിച്ചുകൊണ്ട് ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന എം എസ് ഗോള്‍വാള്‍ക്കര്‍ 1966ല്‍ എഴുതിയത് ഇങ്ങനെയാണ്, ''ഹിന്ദു മുസ്‌ലിം ഐക്യമില്ലാതെ സ്വരാജ് സാധ്യമാവുകയില്ല' എന്ന് പ്രഖ്യാപിച്ചവര്‍ നമ്മുടെ സമൂഹത്തോടുള്ള ഏറ്റവും കടുത്ത വഞ്ചനയാണ് പ്രചരിപ്പിച്ചത്'. ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ 1970 ജനുവരിയില്‍ വന്ന ഒരു ലേഖനം പറയുന്നത് ഇപ്രകാരമാണ്, 'നെഹ്രുവിന്റെ പാക്കിസ്ഥാന്‍ അനുകൂല നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഗാന്ധി ഉപവാസമിരുന്നത്. അതിലൂടെ ജനതയുടെ ശാപം അദ്ദേഹം ഏറ്റുവാങ്ങുകയായിരുന്നു.' ഇവിടെ ഗോഡ്‌സെയെ ആണ് 'ജനതയുടെ ശാപമായി' സമീകരിച്ചിരിക്കുന്നത്.
പ്രത്യയശാസ്ത്രപരമായ സമാനതകള്‍ ഏറെയുണ്ടായിട്ട് കൂടിയും ആര്‍എസ്എസ് ഇപ്പോഴും അവകാശപ്പെടുന്നത് തങ്ങള്‍ക്ക് ഗാന്ധി വധത്തില്‍ പങ്കൊന്നുമില്ലായെന്നാണ്. അവരുടെ പ്രതിരോധം പ്രധാനമായും രണ്ട് വാദങ്ങളില്‍ ആണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ഒന്ന്, ആര്‍എസ്എസ് എന്ന സംഘടനയ്ക്ക് ഗാന്ധി വധത്തില്‍ പങ്കുണ്ടായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടില്ലായെന്നും, അതു പോലെ, 1930കളുടെ മധ്യത്തോടെ ഗോഡ്‌സെ ആര്‍എസ്എസ് വിട്ടുപോയെന്നും.
എന്നാല്‍ ഗോഡ്‌സെ ആര്‍എസ്എസ് വിട്ടുപോയെന്ന വാദം ശരിയല്ലെന്ന് ഗോഡ്‌സെയുടെ വാക്കുകള്‍ തന്നെ തെളിയിക്കുന്നു. വിചാരണയ്ക്കിടെ എഴുതി നല്‍കിയ പ്രസ്താവനയില്‍ രാഷ്ട്രീയ സ്വയംസേവക് സംഘുമായി അയാള്‍ക്കുള്ള ബന്ധത്തെ പറ്റി വാചാലനായിരുന്നു ഗോഡ്‌സെ. '1932 ആയപ്പോഴേക്കും നാഗ്പൂരിലെ ദിവംഗതനായ ഡോ. ഹെഡ്‌ഗെവാര്‍ മഹാരാഷ്ട്രയിലും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) രൂപീകരിച്ചിരുന്നു. അയാളുടെ സൃഷ്ടി എന്നില്‍ മതിപ്പുളവാക്കുകയും ഞാന്‍ സംഘ് സേവകനായി ചേരുകയും ചെയ്തു. ഞാന്‍ സംഘിന്റെ മഹാരാഷ്ട്രയിലെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായിരുന്നു. മഹാരാഷ്ട്ര പ്രവിശ്യയിലെ സംഘിന്റെ ബൗദ്ധിക വിഭാഗത്തില്‍ ഞാന്‍ കുറച്ച് വര്‍ഷങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.' എന്നാണ് ഗോഡ്‌സെ തന്റെ പ്രസ്താവനയില്‍ പറഞ്ഞത് (പേജ് 40).