കര്‍ഷകരോട് വീണ്ടും ചതി; പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി തുക ബാങ്കുകളില്‍ നിന്ന് പിന്‍വലിച്ചു
വിവരാവകാശനിയമപ്രകാരം നല്‍കിയ കത്തിനുള്ള മറുപടിയായാണ് ബാങ്കുകള്‍ തുക കര്‍ഷകര്‍ക്ക് നല്‍കാതെ തിരിച്ചുപിടിച്ചതായുള്ള വെളിപ്പെടുത്തല്‍. പദ്ധതി പ്രകാരമുള്ള തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഇട്ടതിന് തൊട്ടടുത്ത മണിക്കൂറുകളിലായി ആദ്യഗഡു ബാങ്കുകള്‍ തിരിച്ചുപിടിച്ചെന്നാണ് ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ന്യൂഡല്‍ഹി: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലുടെ കര്‍ഷകര്‍ക്ക് നല്‍കിയ തുക ബാങ്കുകള്‍ തിരിച്ചെടുത്തെന്ന് വെളിപ്പെടുത്തല്‍. ലക്ഷകണക്കിന് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ബാങ്കുകള്‍ കാരണമൊന്നുമില്ലാതെ പിന്‍വലിച്ചിരിക്കുന്നത്. വിവരാവകാശനിയമപ്രകാരം നല്‍കിയ കത്തിനുള്ള മറുപടിയായാണ് ബാങ്കുകള്‍ തുക കര്‍ഷകര്‍ക്ക് നല്‍കാതെ തിരിച്ചുപിടിച്ചതായുള്ള വെളിപ്പെടുത്തല്‍. പദ്ധതി പ്രകാരമുള്ള തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് ഇട്ടതിന് തൊട്ടടുത്ത മണിക്കൂറുകളിലായി ആദ്യഗഡു ബാങ്കുകള്‍ തിരിച്ചുപിടിച്ചെന്നാണ് ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ഇടക്കാല ബജറ്റിലായിരുന്നു കര്‍ഷകര്‍ക്ക് ഗഡുക്കളായി 6000രൂപ നല്‍കുമെന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്. ഇതുപ്രകാരം മൂന്നുഗഡുക്കളായി 2000 രൂപ വച്ച് 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു പദ്ധതി. എന്നാല്‍, ആദ്യഗഡുവായി നല്‍കിയ തുക അക്കൗണ്ടിലെത്തേണ്ട താമസം ഭൂരിപക്ഷം കര്‍ഷകരുടെയും പണം ബാങ്കുകള്‍ തിരിച്ചെടുക്കുകയായിരുന്നു. 19ലധികം ദേശസാല്‍കൃതബാങ്കുകള്‍ വഴിയായിരുന്നു കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയിരുന്നത്. എന്നാല്‍ നല്‍കിയ പണത്തിന്റെ പകുതിയിലധികവും അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ പിന്‍വലിച്ചു. എസ്ബിഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുസിഒ ബാങ്ക്, കനറാ ബാങ്ക് എന്നീ ബാങ്കുകളില്‍ നിന്നാണ് പണം പിന്‍വലിച്ചുവെന്നതിന് വിവരാവകാശ നിയമപ്രകാരം മറുപടി ലഭിച്ചിരിക്കുന്നത്.
27,307 അക്കൗണ്ടുകളിലേക്കായി നല്‍കിയ 854.85 കോടി രൂപയില്‍ നിന്നും 5.46 കോടി പിന്‍വലിച്ചതായി എസ്ബിഎ നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര 3060 അക്കൗണ്ടുകളിലേക്കായി നല്‍കിയ 37.70 കോടിയില്‍ നിന്നും 61.20ലക്ഷം പിന്‍വലിച്ചതായി പറഞ്ഞു. ആന്ധ്രാ ബാങ്ക് 170കോടി നല്‍കിയെങ്കിലും 90കോടി പിന്‍വലിച്ചു. കൂടാതെ മറ്റു ബാങ്കുകളില്‍ നിന്നും സമാന രീതിയില്‍ പണം പിന്‍വലിച്ചതായി മറുപടിയില്‍ പറയുന്നു. ബാങ്കുകളില്‍ പരാതിയുമായെത്തിയ കര്‍ഷകരോട് അക്കൗണ്ട് വിവരങ്ങള്‍ തെറ്റായതിനാലാണ് പണം ലഭിക്കാത്തതെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശരിയാക്കി നല്‍കിയപ്പോള്‍ പണം ലഭ്യമാക്കുന്നതിന് യാതൊരുവിധ നടപടികളും സ്വീകരിക്കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല.
അതേസമയം, കനറാ ബാങ്ക് വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പരാതികളും റിപോര്‍ട്ട് ചെയ്തത്.