സച്ചാര്‍ പദ്ധതി അട്ടിമറി: 22,694 മുസ്‌ലിം വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിനു പുറത്ത്

ജനസംഖ്യാനുപാതിക സ്‌കോളര്‍ഷിപ്പ് അലോട്ട്‌മെന്റില്‍ ക്രിസ്ത്യന്‍ സമുദായത്തിന് വന്‍ നേട്ടം. മുസ്‌ലിംകള്‍ക്കു നഷ്ടം 20.5 ശതമാനം

Update: 2022-03-17 07:12 GMT

പി സി അബ്ദുല്ല

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനു മാത്രമായി ആവിഷ്‌കരിച്ച സച്ചാര്‍ പദ്ധതിയിന്‍ കീഴിലുള്ള സ്‌കോളര്‍ഷിപ്പുകളില്‍ നിന്ന് മുസ്‌ലിം വിദ്യാര്‍ഥികള്‍ ഗണ്യമായ തോതില്‍ പുറത്ത്. ഇത്തവണ അപേക്ഷിച്ച 22694 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പില്ല.

2070 മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിക്കുക. 24764 മുസ്ലിം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. ഇതില്‍ യോഗ്യത നേടിയവരില്‍ നിന്നു മാത്രം 20.5 ശതമാനം പേര്‍ 80/20 അട്ടിമറിയുടെ പേരില്‍ പുറത്തായി.

അതേസമയം, പാലൊളി സമിതി തീരുമാന പ്രകാരം 20 ശതമാനം മാത്രം സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്ന ക്രിസ്ത്യന്‍ സമുദായത്തിന് വന്‍ നേട്ടമാണുണ്ടായത്. ആ സമുദായത്തിന് ജനസംഖ്യാനു പാതികമായി 20.8 ശതമാനം വര്‍ധനവ്. സച്ചാര്‍ പദ്ധതി അട്ടിമറിയിലെ ക്രൈസ്തവ പ്രീണനത്തിന്റേയും മുസ്‌ലിം പിന്നാക്കാവസ്ഥയുടേയും പുതിയ കണക്കുകള്‍ ഇവിടെയും അവസാനിക്കുന്നില്ല.

ഒന്നാം പിണറായി സര്‍ക്കാരിന്റെ സവര്‍ണ സംവരണവും മുന്നാക്ക വികസന കോര്‍പറേഷന്‍ വഴിയുള്ള വന്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങളും കൂടി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിലെ സിംഹ ഭാഗവും ക്രിസ്ത്യന്‍ സമുദായത്തിലേക്കൊഴുകുന്നു എന്നാണു വ്യക്തമാവുന്നത്.

മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളേക്കാള്‍ വലിയ തുക സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നതിനാലാണ് 12.6 ശതമാനം ജനസംഖ്യയുള്ള മുന്നാക്ക ക്രൈസ്തവരെ സച്ചാര്‍ കമ്മിറ്റി നിര്‍ദേശ പ്രകാരം നിലവില്‍വന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കാതിരുന്നത്. എന്നാല്‍, 5.78 ശതമാനം വരുന്ന പിന്നാക്ക ക്രൈസ്തവര്‍ക്കായി 20 ശതമാനം സച്ചാര്‍ പദ്ധതികളില്‍ നീക്കിവയ്ക്കുകയും ചെയ്തു. മുന്നാക്ക കോര്‍പറേഷന്‍ വഴി നിലവില്‍ ലഭിക്കുന്ന ഭീമമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് ഇപ്പോള്‍ സച്ചാര്‍ പദ്ധതി ജനസംഖ്യാനുപാതികമാക്കിയതോടെ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ആകെയുണ്ടായിരുന്നത് സച്ചാര്‍ ആനുകൂല്യങ്ങള്‍ മാത്രമായിരുന്നു. അതേസമയം, ക്രൈസ്തവരടക്കമുള്ള മുന്നാക്ക വിഭാഗങ്ങള്‍ക്ക് സച്ചാര്‍ ആനുകൂല്യങ്ങള്‍ 20 ശതമാനത്തിലധികം വര്‍ധിപ്പിച്ചതിനു പുറമെ ഭീമമായ സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭിക്കുന്നു. മുസ്‌ലിം, ലത്തീന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പായി 6000 രൂപയാണ് ലഭിക്കുന്നത്. എന്നാല്‍, മുന്നാക്ക വികസന കോര്‍പറേഷന്‍ വഴി സവര്‍ണ ഹിന്ദു, ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് 10,000 രൂപയാണ്. അതായത് ഒരേ കോളജില്‍ ഒരേ കോഴ്‌സിന് ഒരേ ബെഞ്ചില്‍ പഠിക്കുന്ന മുസ്‌ലിം, പിന്നാക്ക വിഭാഗത്തിലെ കുട്ടിക്ക് ലഭിക്കുന്നതിനേക്കാള്‍ 4000 രൂപ കൂടുതലാണ് മുന്നാക്ക വിദ്യാര്‍ഥിക്ക് കിട്ടുന്നത്.

ഈ അന്തരത്തിലെ ഓരോ വിദ്യാര്‍ഥിയുടെയും തോതനുസരിച്ച് പ്രതിവര്‍ഷം കോടികളുടെ വിവേചനമാണ് പൊതുഖജനാവില്‍ നിന്നു മുസ്‌ലിം വിദ്യാര്‍ഥികളക്കമുള്ള പിന്നാക്ക സമുദായങ്ങള്‍ നേരിടുന്നതെന്ന് വ്യക്തം.

മുന്നാക്ക കോര്‍പറേഷനു കീഴില്‍ ഹൈസ്‌കൂള്‍ തലത്തില്‍ മുന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. എന്നാല്‍, ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ പൊതു സ്‌കോളര്‍ഷിപ്പ് ഇല്ല. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മുന്നാക്ക വിഭാഗത്തിന് 4000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അവിടെയും ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരില്‍ പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ ഇല്ല.

സ്‌കോളര്‍ഷിപ്പുകള്‍ക്കു വേണ്ടിയുള്ള വാര്‍ഷിക വരുമാന പരിധിയിലും മുന്നാക്കക്കാരന് പ്രീണനവും പിന്നാക്കക്കാരന് വിവേചനവും തന്നെ. പിന്നാക്കക്കാരിലെ പാവപ്പെട്ടവന്റെ വരുമാനപരിധി 45,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ആണെങ്കില്‍ മുന്നാക്കക്കാരിലെ പാവപ്പെട്ടവന്റെ പരിധി രണ്ടര ലക്ഷം രൂപയാണ്.

ഡിഗ്രി നോണ്‍ പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്ക് 6000 രൂപയാണ് മുന്നാക്ക വിഭാഗത്തിനെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തിന് അത് 5000 രൂപയാണ്. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് മുന്നാക്ക വിഭാഗത്തിന് 6000 രൂപയാണ് സ്‌കോളര്‍ ഷിപ്പ്. ന്യൂനപക്ഷ വിഭാഗത്തിനും 6000 രൂപ തന്നെയാണ്. പിജി നോണ്‍ പ്രഫഷനല്‍ മുന്നാക്ക വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ ലഭിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആറായിരം രൂപ മാത്രം. ഡിഗ്രി പ്രഫഷനല്‍ മുന്നാക്ക വിദ്യാര്‍ഥികള്‍ക്ക് 8,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 7000 രൂപ മാത്രം. പിജി പ്രഫഷനല്‍ മുന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 16000 രൂപയാണെങ്കില്‍ മുസ്‌ലിം, പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 7000 രൂപ മാത്രം.

ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ഐഐടി, ഐഎഎം, ഐസര്‍ തുടങ്ങിയ തുടങ്ങിയ ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠനത്തിന് മുന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. എന്നാല്‍, ഈ വിഭാഗത്തില്‍ ന്യൂനപക്ഷേമ വിഭാഗത്തില്‍ മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് യാതൊരു സ്‌കോളര്‍ഷിപ്പും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. എം ഫിലിനു പഠിക്കുന്ന മുന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒന്നുമില്ല. പിഎച്ച്ഡിക്കു പഠിക്കാന്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് 25,000 സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവിടെയും പൂജ്യമാണ്. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ പിന്നാക്ക സമൂഹങ്ങള്‍ക്ക് മറ്റു പിന്നാക്ക വിഭാഗങ്ങളേക്കാള്‍ വളരെ കുറഞ്ഞ അളവിലാണ് സ്‌കോളര്‍ഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

മുസ്‌ലിംകള്‍ക്ക് സച്ചാര്‍ പദ്ധതിയിന്‍ കീഴില്‍ ആകെയുണ്ടായിരുന്ന ആനുകൂല്യങ്ങളിലാണ് സംഘടിത നീക്കത്തിലൂടെ ക്രൈസ്തവ വിഭാഗം കയ്യിട്ടു വാരിയത്. 80/20 റദ്ദാക്കിയ ഹൈക്കോടതി വിധിയാണ് ഇതിനു സഹായകമായത്. മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തിയിട്ടും

ഈ വിധിക്കെതിരേ ക്രിയാത്മക നീക്കളൊന്നും സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഇല്ല. സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും മുസ്‌ലിം സമുദായത്തിന്റെ നഷ്ടം നികത്തുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നതിനിടയിലാണ് സച്ചാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ തന്നെ വേഗത്തില്‍ ജനസംഖ്യാനുപാതികമായി വീതം വക്കുന്നത്.

Tags:    

Similar News