ഹിജാബ് നിരോധനം: ഉഡുപ്പിയില്‍ മാത്രം 400 ലധികം മുസ് ലിം വിദ്യാര്‍ഥിനികള്‍ കോളജിന് പുറത്ത്
ഉഡുപ്പി: കര്‍ണാടകയിലെ കോളജുകളിലെ ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി വിധിയെ തുടര്‍ന്ന് നൂറുകണക്കിന് മുസ് ലിം വിദ്യാര്‍ഥിനികള്‍ കോളജിന് പുറത്തായതായി കണക്കുകള്‍. ഉഡുപ്പിയില്‍ മാത്രം നാലൂറിലധികം മുസ് ലിം പെണ്‍കുട്ടികളാണ് ക്ലാസ്സിന് പുറത്തായത്. ഉഡുപ്പിയിലെ 232 ഡിഗ്രി വിദ്യാര്‍ഥിനികളാണ് ഹിജാബ് വിലക്കിനെ തുടര്‍ന്ന് ക്ലാസിന് പുറത്ത് നില്‍ക്കേണ്ടി വന്നത്. ഉഡുപ്പിയിലെ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ ഉഡുപ്പി ജില്ലാ മുസ്‌ലിം ഒക്കൂട്ടയുടെ കണക്കനുസരിച്ച്, കുറഞ്ഞത് 183 പ്രീയൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പരീക്ഷ നഷ്ടമായിട്ടുണ്ട്. ഇത് ഉഡുപ്പിയിലെ പ്രീയൂനിവേഴ്‌സിറ്റി കോളജുകളിലെ മൊത്തം മുസ്‌ലിം പെണ്‍കുട്ടികളുടെ (1446) 12.5% ആണ്.
ഹിജാബ് നിരോധനത്തെ തുടര്‍ന്ന് ഉഡുപ്പിയിലെ എംജിഎം കോളജില്‍ നിന്ന് 58 വിദ്യാര്‍ഥിനികളാണ് പുറത്ത് നില്‍ക്കേണ്ടി വന്നത്. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കോളജ് പ്രിന്‍സിപ്പലിനെ സമീപിച്ചു. പ്രത്യേക മുറിയില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്നായിരുന്നു വിദ്യാര്‍ഥികള്‍ ഉന്നയിച്ച അപേക്ഷകളില്‍ ഒന്ന്. 'ഞങ്ങളെ ഒരു പ്രത്യേക മുറിയില്‍ ഇരുത്തുകയും ഒരു വനിതാ ടീച്ചറെ ഇന്‍വിജിലേറ്ററായി നിയമിക്കുകയും ചെയ്താല്‍ ഹിജാബ് അഴിക്കാന്‍ പോലും ഞങ്ങള്‍ സമ്മതിച്ചു. ഈ അഭ്യര്‍ത്ഥനയും നിരസിക്കപ്പെട്ടു. അവര്‍ പറയുന്നു. 'ഹിജാബ് ധരിക്കാതെ ക്ലാസില്‍ പോകുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല,' ഖുര്‍ആനിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ രണ്ട് വാക്യങ്ങള്‍ ചൂണ്ടിക്കാണിച്ച് അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. 'ഖുര്‍ആനില്‍ ഹിജാബ് പരാമര്‍ശിക്കപ്പെടുന്നു, അത് ഞങ്ങളുടെ വിശ്വാസത്തിന്റെ അനിവാര്യമായ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു'. വിദ്യാര്‍ഥിനി പറഞ്ഞു.
കുന്ദാപുരും ബൈന്ദൂരും ഉള്‍പ്പെടെ ഉഡുപ്പി ജില്ലയിലെ കോളജുകളിലും സമാന സ്ഥിതിയാണ്. രണ്ട് പട്ടണങ്ങളിലും കഴിഞ്ഞയാഴ്ച നിരവധി മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അവരുടെ ക്ലാസുകളോ പരീക്ഷകളോ നഷ്ടമായതായി കോളജ് പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു. കുന്ദാപ്പൂരിലെ ആര്‍എന്‍ ഷെട്ടി കോമ്പോസിറ്റ് പിയു കോളജില്‍ 56 മുസ്‌ലിം പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് കഴിഞ്ഞ ആഴ്ച പരീക്ഷയ്ക്ക് ഹാജരായത്. അതുപോലെ, ബൈന്ദൂര്‍ ഗവണ്‍മെന്റ് പ്രീയൂണിവേഴ്‌സിറ്റി കോളേജില്‍ 16 മുസ്‌ലിം പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമാണ് ക്ലാസ്സില്‍ പങ്കെടുത്തത്.
ഹിജാബ് നിരോധനം നടപ്പാക്കിയതോടെ ഉഡുപ്പിയിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ കുട്ടികളെ മറ്റു കോളജുകളിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ്. ചിലര്‍ വിദ്യാഭ്യാസത്തിനായി മറ്റൊരു നഗരത്തിലേക്ക് കുടിയേറാന്‍ പദ്ധതിയിടുന്നു. ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ (എംജിഎം) കോളജില്‍ പഠിക്കുന്ന ബിഎസ്‌സി വിദ്യാര്‍ത്ഥിയുടെ രക്ഷിതാവായ മുഹമ്മദ് അലി പറയുന്നു, 'ഹിജാബ് അനുവദനീയമായ ഒരു കോളജില്‍ ഞങ്ങളുടെ മകളുടെ പഠനം തുടരാന്‍ സഹായിക്കുന്നതിന് ഞങ്ങള്‍ മംഗളൂരുവിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. നേരത്തെ ഹിജാബ് അനുവദിച്ച കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ ആഴ്ച വരെ താനും മകളും. 'വിധി പ്രഖ്യാപിച്ച ദിവസം (കര്‍ണ്ണാടക ഹൈക്കോടതിയുടെ) ടിവി കാണാന്‍ എനിക്ക് ഭയമായിരുന്നു. എന്നാല്‍ ഞാന്‍ ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് വാര്‍ത്ത കണ്ടത്. മുമ്പ് പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഞങ്ങളുടേത് പോലുള്ള കോളജുകളില്‍ ഹിജാബ് അനുവദിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു'. മുഹമ്മദ് അലിയുടെ മകള്‍ പറയുന്നു.