പ്രവാസിയുടെ ആത്മഹത്യ: ആന്തൂര്‍ നഗരസഭയ്‌ക്കെതിരേ ഹൈക്കോടതി കേസെടുത്തു

ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്‌ക്കെതിരേ പാര്‍ട്ടി നടപടിക്കു സാധ്യത

Update: 2019-06-21 05:29 GMT

കൊച്ചി: ആന്തൂര്‍ നഗരസഭയിലെ ബക്കളത്ത് നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിനു പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ആന്തൂര്‍ നഗരസഭയ്‌ക്കെതിരേയാണു ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ കേസെടുത്തത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. സംഭവത്തില്‍ നഗരസഭാ സെക്രട്ടറി ഗിരീഷ് അസി. എന്‍ജിനീയര്‍ കലേഷ്, ഓവര്‍സിര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. അതിനിടെ, സിപിഎം ആന്തൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്‌ക്കെതിരേ പ്രവര്‍ത്തകര്‍ രംഗത്തെത്തി. പാര്‍ട്ടി അനുഭാവിയുടെ ഓഡിറ്റോറിയത്തിനു പോലും അനുമതി നല്‍കാതെ ബുദ്ധിമുട്ടിച്ചത് അംഗീകരിക്കാനാവില്ലെന്നും സമീപത്തു തന്നെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനത്തിനു സാമ്പത്തികമായി സഹായം ചെയ്തിട്ടും ലൈസന്‍സ് നല്‍കാത്തതാണ് മരണകാരണമെന്നും ചില അംഗങ്ങള്‍ തുറന്നടിച്ചു. യോഗത്തില്‍ പി കെ ശ്യാമള വികാരാധീനയായെന്നാണു സൂചന. ഏരിയാകമ്മിറ്റിയിലും പ്രദേശത്തും സിപിഎം പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തമായതോടെ, ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ ഇടപെടുകയും വേഗം തന്നെ നടപടിയെടുത്തില്ലെങ്കില്‍ പ്രശ്‌നം വഷളാവുമെന്നും വിലയിരുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദീകരിക്കാനായി നാളെ പൊതുയോഗവും നടത്തുന്നുണ്ട്. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയുടെ ഭര്‍ത്താവും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ എം വി ഗോവിന്ദനെ പങ്കെടുപ്പിക്കേണ്ടെന്നാണ് പോതുവികാരം. അദ്ദേഹം പങ്കെടുക്കുകയാണെങ്കില്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് പരസ്യപ്രതികരണമുണ്ടായാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.

    അതിനിടെ, സംഭവത്തില്‍ നിഷ്പക്ഷാന്വേഷണം ഉറപ്പുനല്‍കുന്നതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളതെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബക്കളത്ത് 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്ത് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് നാലുദിവസം മുമ്പ് തൂങ്ങിമരിച്ചത്. വര്‍ഷങ്ങളോളം നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുമ്പ് നാട്ടിലെത്തിയാണ് ഓഡിറ്റോറിയം നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉന്നയിച്ചതോടെ സിപിഎം നേതൃത്വത്തെ സമീപിക്കുകയും ഇടപെടുകയും ചെയ്തിരുന്നെങ്കിലും നിയമലംഘനമുണ്ടെന്നു പറഞ്ഞ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാനാണ് നഗരസഭാ അധികൃതര്‍ നിര്‍ദേശിച്ചത്. ടൗണ്‍ പ്ലാനറുടെ പരിശോധനയില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തിയെങ്കിലും അനുമതി വൈകിപ്പിച്ചതോടെയാണ്, സിപിഎം അനുഭാവിയായ സാജന്‍ പാറയില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരുന്നു.



Tags:    

Similar News