മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരേ കേസെടുക്കില്ല

പുതിയ പരാതിയോ സര്‍ക്കാര്‍ നിര്‍ദേശമോ ലഭിച്ചാല്‍ മാത്രം കേസെടുക്കാമെന്നാണ് പോലിസിന്റെ വാദം.

Update: 2024-11-12 06:15 GMT

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരേ കേസെടുക്കില്ല. ഗോപാലകൃഷ്ണന്റെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ അന്വേഷണം കഴിഞ്ഞതായി പൊലിസ് പറഞ്ഞു. പുതിയ പരാതിയോ സര്‍ക്കാര്‍ നിര്‍ദേശമോ ലഭിച്ചാല്‍ മാത്രം കേസെടുക്കാമെന്നാണ് പോലിസിന്റെ വാദം.

മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്. ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി ആദ്യം 'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്.

പോലീസിന്റെ അന്വേഷണം നടന്നത് കെ. ഗോപാലകൃഷ്ണന്‍ ഐ.എ.എസിന്റെ പരാതിയില്‍ തന്നെ ആയിരുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും മറ്റാരോ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും മല്ലു ഹിന്ദു ഗ്രൂപ്പ് മാത്രമല്ല മുസ് ലിം ഗ്രൂപ്പ് ഉണ്ടെന്നും മറ്റുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാതി. ആ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലിസിന്റെ അന്വേഷണം. വിശദമായ അന്വേഷണത്തില്‍ കെ. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

Tags:    

Similar News