ശമ്പളവിതരണം ആശങ്കയില്‍; കെഎസ്ആര്‍ടിസിക്ക് 103 കോടി രൂപ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ

Update: 2022-08-31 06:42 GMT

കൊച്ചി: 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് സ്റ്റേ അനുവദിച്ചത്. മറ്റു കോര്‍പറേഷനുകളെ പോലെ തന്നെയാണ് കെഎസ്ആര്‍ടിസിയെന്നും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം.

ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളവും ഉല്‍സവബത്തയും നല്‍കാനാണ് ഹൈക്കോടതി 103 കോടി രൂപ നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചത്.

ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ വന്നതോടെ സമയത്തിന് ശമ്പളം ലഭിക്കുമെന്ന തൊഴിലാളികളുടെ പ്രതീക്ഷ മങ്ങി. ശമ്പളകാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും കഴിഞ്ഞ മാസത്തെ ശമ്പളം 22നകം കൊടുത്തുതീര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സ്‌റ്റേ ഈ പ്രതീക്ഷകളെയാണ് തകര്‍ത്തത്.

സര്‍ക്കാര്‍ സഹായമില്ലാതെ ജൂലൈ, ആഗസ്റ്റ് മാസത്തെ ശമ്പളം നല്‍കാനാവില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഡ്യൂട്ടി പരിഷ്‌കരണം അംഗീകരിച്ചാലേ സാമ്പത്തിക സഹായം നല്‍കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ശമ്പളം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

Tags:    

Similar News