വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതല്ലാതെ മറ്റു വാഗ്ദാനങ്ങള്‍ നടപ്പായില്ല; കേന്ദ്ര സര്‍ക്കാരിനെതിരേ വഞ്ചനാ ദിന പ്രതിഷേധവുമായി കര്‍ഷകര്‍

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കുന്നതിനായി രൂപീകരിച്ച 'മിഷന്‍ ഉത്തര്‍പ്രദേശ്' തുടരുമെന്നും അതിലൂടെ കര്‍ഷക വിരുദ്ധ ഭരണത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും കിസാന്‍ മോര്‍ച്ച പറഞ്ഞു.

Update: 2022-01-29 14:59 GMT

ന്യൂഡല്‍ഹി: ജനുവരി 31 തിങ്കളാഴ്ച രാജ്യവ്യാപകമായി വഞ്ചനാ ദിനം ആചരിക്കാന്‍ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) ആഹ്വാനം. ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ വിലുപമായ പ്രതിഷേധ പരിപാടികളോടെ വഞ്ചനാ ദിനം ആചരിക്കുമെന്ന് കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയായ കിസാന്‍ മോര്‍ച്ച അറിയിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതല്ലാതെ കര്‍ഷകരുടെ മറ്റ് ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിമുഖത കാണിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കിസാന്‍ മോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള എല്ലാ കര്‍ഷക സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാവും. രാജ്യത്ത് കുറഞ്ഞത് 500 ജില്ലകളിലെങ്കിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. വഞ്ചനാ ദിനത്തിന്റെ അന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അറിയിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന് വീണ്ടും നിവേദനം നല്‍കുമെന്നും കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ജനുവരി 15നു ചേര്‍ന്ന അവലോകന യോഗം മുതലാണ് ഇത്തരമൊരു പ്രതിഷേധ പരിപാടി കര്‍ഷകര്‍ ആലോചിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി തങ്ങളെ കൈയൊഴിഞ്ഞെന്നാണ് കര്‍ഷകരുടെ ആരോപണം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടുനിന്ന പ്രക്ഷോഭം കര്‍ഷകര്‍ അവസാനിപ്പിച്ചിരുന്നു. തങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നും അല്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്നും കര്‍ഷകര്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എല്ലാ കാര്‍ഷിക ഇനങ്ങള്‍ക്കും മിനിമം താങ്ങുവില (എംഎസ്പി) എന്നതായിരുന്നു പ്രധാന ആവശ്യം.

2021 ഡിസംബര്‍ 9ന് ഇതുസംബന്ധിച്ച് നല്‍കിയ കത്തിലെ വാഗ്ദാനങ്ങള്‍ ഒന്നും സര്‍ക്കാര്‍ പാലിച്ചില്ലെന്ന് മാത്രമല്ല, ഏതെങ്കിലും തരത്തില്‍ തുടര്‍തീരുമാനങ്ങള്‍ ഉണ്ടായി എന്ന അറിയിപ്പും കര്‍ഷക സംഘടനകളെ അറിയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് വഞ്ചനാ ദിന പ്രതിഷേധത്തിന് കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്യുന്നത്. 'പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ ഉടന്‍ പിന്‍വലിക്കുക, പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുടെ മേല്‍ യാതൊരു വിധ തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. മിനിമം താങ്ങുവിലയെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള സമിതിയെ നിയമിച്ചതായി പോലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കര്‍ഷകരുടെ രോഷം അറിയിക്കുന്നതിനായി ജനുവരി 31 വഞ്ചനാ ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തത്'- കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറയുന്നു.

അതോടൊപ്പം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ പാഠം പഠിപ്പിക്കുന്നതിനായി രൂപീകരിച്ച 'മിഷന്‍ ഉത്തര്‍പ്രദേശ്' തുടരുമെന്നും അതിലൂടെ കര്‍ഷക വിരുദ്ധ ഭരണത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും കിസാന്‍ മോര്‍ച്ച പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവത്തില്‍ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയെ പുറത്താക്കി അറസ്റ്റ് ചെയ്യാത്തതിനാല്‍ ബിജെപിയെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ യുപിയിലെ മുഴുവന്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കാനും കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.

ഫെബ്രുവരി മൂന്നിന് വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താസമ്മേളനത്തിലൂടെ ബിജെപി വിരുദ്ധ മുദ്രാവാക്യം മുഴക്കി, മിഷന്‍ ഉത്തര്‍പ്രദേശ് കാംപയിന്‍ പുതിയതലത്തിലേക്ക് വ്യാപിപ്പിക്കും. ലഘുലേഖ, പോസ്റ്റര്‍ വിതരണങ്ങള്‍, വാര്‍ത്താസമ്മേളനങ്ങള്‍, സാമൂഹിക മാധ്യമ കാംപയിന്‍, പൊതുജന സമ്പര്‍ക്കം എന്നിവയിലൂടെയെല്ലാം ബിജെപി വിരുദ്ധ പ്രചാരണവുമായി രംഗത്തിറങ്ങാന്‍ എല്ലാ കര്‍ഷക സംഘടനകളോടും കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.

വരുന്ന ഫെബ്രുവരി 10നാണ് ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായി കര്‍ഷക സംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നത് ബിജെപിക്ക് കാര്യമായ ക്ഷീണമുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതേസമയം, നാല് തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ മിനിമം താങ്ങുവില ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുമായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 23,24 തിയ്യതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിന് പൂര്‍ണ പിന്തുണ നല്‍കാനും എസ്‌കെഎം തീരുമാനിച്ചു.

Tags:    

Similar News