മലപ്പുറത്ത് അബ്ദുല്‍ മജീദ് ഫൈസി; എസ്ഡിപിഐ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, പാലക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, ആറ്റിങ്ങലില്‍ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍ എന്നിവര്‍ മല്‍സരിക്കും.
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മല്‍സരിക്കുന്ന നാല് സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി എസ്ഡിപിഐ പ്രഖ്യാപിച്ചു. മലപ്പുറത്ത് സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, പാലക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആലപ്പുഴയില്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, ആറ്റിങ്ങലില്‍ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍ എന്നിവര്‍ മല്‍സരിക്കും. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
നേരത്തേ ചാലക്കുടി(പി പി മൊയ്തീന്‍ കുഞ്ഞ്), കണ്ണൂര്‍(കെ കെ അബ്ദുല്‍ ജബ്ബാര്‍), വടകര(മുസ്തഫ കൊമ്മേരി), പൊന്നാനി(അഡ്വ. കെ സി നസീര്‍), വയനാട്(ബാബുമണി കരുവാരക്കുണ്ട്), എറണാകുളം(വി എം ഫൈസല്‍) മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.
വളരെ പ്രധാന്യമുള്ള തിരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കാന്‍ പോകുന്നതെന്ന് ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. എന്‍ഡിഎ ജയിച്ചാല്‍ ഇത് അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് ബിജെപിയുടെ തന്നെ ചില നേതാക്കള്‍ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന കാര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. രാജ്യ സുരക്ഷ, കള്ളപ്പണം തിരിച്ചുകൊണ്ടുവരല്‍, ജനക്ഷേമം തുടങ്ങിയ കാര്യങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വലിയ പരാജയമായിരുന്നു. നോട്ട് നിരോധനവും അശാസ്ത്രീയമായ ജിഎസ്ടിയും രാജ്യത്തിന്റെ സകല മേഖലയെയും തകര്‍ത്തു. കര്‍ഷകര്‍ രാജ്യത്തുടനീളം അനുദിനം ആത്മഹത്യ ചെയ്യുന്നു. രാജ്യം നേരിടുന്ന വെല്ലുവിളികളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതേതര പാര്‍ട്ടികളെ ബിജെപിക്കെതിരേ ഒരുമിച്ച് നിര്‍ത്താന്‍ പോലും അവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ബിജെപിയുണ്ടാക്കി വച്ച വര്‍ഗീയ പരിസരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തങ്ങള്‍ അധികാരത്തിലേറിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു വരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇടതുപക്ഷം അപ്രസ്‌ക്തമായി മാറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് യഥാര്‍ത്ഥ ബദല്‍ എന്ന മുദ്രാവാക്യവുമായി എസ്ഡിപിഐ മല്‍സര രംഗത്തിറങ്ങുന്നത്. കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ എസ്ഡിപിഐ മല്‍സരിക്കുന്നു. പല സംസ്ഥാനങ്ങളിലും യഥാര്‍ത്ഥ ബദല്‍ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകളും നീക്കുപോക്കുകളും പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് ബിജെപി ഒഴികെയുള്ള ഏത് പാര്‍ട്ടികളുമായും എസ്ഡിപിഐ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
-------------------------------------------
വീഡിയോ കാണുക