യുപിയില്‍ കൊവിഡ് ബാധിതന്റെ മൃതദേഹം പുഴയിലെറിഞ്ഞു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ഈ മാസം ആദ്യം ബിഹാറിന്റെയും ഉത്തര്‍പ്രദേശിന്റെയും ഭാഗങ്ങളില്‍ ഗംഗാ നദീതീരത്ത് നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒഴുകിപ്പോയിരുന്നു. ബക്‌സാര്‍ ജില്ലയില്‍ 71 മൃതദേഹങ്ങളാണ് നദീതീരത്ത് നിന്ന് കണ്ടെടുത്തത്.
ബല്‍റാംപൂര്‍: ഉത്തര്‍പ്രദേശില്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ ഗംഗയിലും മറ്റും മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വന്‍ പ്രാധാന്യത്തോടെ വാര്‍ത്തയായതിനു പിന്നാലെ കൊവിഡ് ബാധിതന്റെ മൃതദേഹം പുഴയിലെറിയുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. പിപിഇ കിറ്റ് ധരിച്ചെത്തിയയാള്‍ മറ്റൊരാളുടെ സഹായത്തോടെ പാലത്തിനു മുകളില്‍ നിന്ന് മൃതദേഹം പുഴയിലേക്കെറിയുന്ന ദൃശ്യങ്ങളാണ് എന്‍ഡിടിവി പുറത്തുവിട്ടത്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ആഴമില്ലാത്ത കുഴിമാടങ്ങളില്‍ കുഴിച്ചിട്ടതും ചിലത് നദിയില്‍ ഒഴുക്കിയതും രണ്ടാഴ്ച മുമ്പ് ലോകമെമ്പാടും പ്രധാനവാര്‍ത്തകളായിരുന്നു. മൃതദേഹങ്ങള്‍ നദികളിലേക്ക് ഒഴുക്കിവിടരുതെന്ന് നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ദാരിദ്ര്യവും ബോധവല്‍ക്കരണത്തിന്റെ അഭാവവും കാരണം ഇത്തരം പ്രവൃത്തികള്‍ വര്‍ധിക്കുന്നതിനാല്‍ നദീതീരങ്ങളില്‍ പട്രോളിങ് ശക്തമാക്കാനും കേന്ദ്രം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയില്‍ കൊവിഡ് ബാധിതന്റെ മൃതദേഹം പുഴയില്‍ വലിച്ചെറിഞ്ഞത്.
പിപിഇ കിറ്റ് ധരിച്ച ഒരാളും മറ്റൊരാളും കൂടി റാപ്തി നദിക്കു കുറുകെയുള്ള പാലത്തിനു മുകളില്‍ വച്ച് ഒരു മൃതദേഹം പൊക്കിയെടുക്കുന്നതാണ് ദൃശ്യങ്ങളളിലുള്ളത്. പിപിഇ കിറ്റ് ധരിച്ചയാള്‍ മൃതദേഹം പൊതിഞ്ഞതില്‍ നിന്ന് എടുത്ത് പുഴയിലേക്ക് എറിയുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്. പാലത്തിലൂടെ പോവുകയായിരുന്ന വാഹനത്തിലുള്ളയാളാണ് വീഡിയോ റെക്കോഡ് ചെയ്തതെന്നാണു വ്യക്തമാവുന്നത്. മൃതദേഹം ഒരു കൊവിഡ് രോഗിയുടേതാണെന്ന് സ്ഥിരീകരിച്ചതായി ബല്‍റാംപൂരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബന്ധുക്കളാണ് നദിയില്‍ വലിച്ചെറിയാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസെടുത്തു.
പ്രാഥമിക അന്വേഷണത്തില്‍ രോഗിയെ മെയ് 25നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിന് ശേഷം മെയ് 28ന് അദ്ദേഹം മരണപ്പെട്ടു. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പ്രാഥമിക അന്വേഷണത്തില്‍ ബന്ധുക്കള്‍ മൃതദേഹം പുഴയില്‍ വലിച്ചെറിഞ്ഞതായി കണ്ടെത്തി. സംഭവത്തില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കര്‍ശന നടപടിയെടുക്കുമെന്നും ബല്‍റാംപൂര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ വി ബി സിങ് പറഞ്ഞു.
https://www.ndtv.com/india-news/coronavirus-shocking-video-shows-covid-patients-body-being-thrown-in-river-in-up-2452306
ഈ മാസം ആദ്യം ബിഹാറിന്റെയും ഉത്തര്‍പ്രദേശിന്റെയും ഭാഗങ്ങളില്‍ ഗംഗാ നദീതീരത്ത് നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒഴുകിപ്പോയിരുന്നു. ബക്‌സാര്‍ ജില്ലയില്‍ 71 മൃതദേഹങ്ങളാണ് നദീതീരത്ത് നിന്ന് കണ്ടെടുത്തത്. ആയിരക്കണക്കിന് മൃതദേഹങ്ങള്‍ ഗംഗയിലെ മണല്‍ത്തിട്ടതളില്‍ കുഴിച്ചിട്ടതായും കണ്ടെത്തിയിട്ടുണ്ട്. വേലിയേറ്റ സമയത്ത് മൃതദേഹങ്ങള്‍ പൊങ്ങിക്കിടന്നതോടെയാണ് ഇക്കാര്യം അറിഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു. ശരണ്‍ ജില്ലയിലെ ബീഹാര്‍ അതിര്‍ത്തിക്കടുത്തുള്ള പാലത്തില്‍ ആംബുലന്‍സുകളില്‍ നിന്ന് മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്ന മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആംബുലന്‍സുകള്‍ ഇരു സംസ്ഥാനങ്ങളുടെയും വകയാണെന്നാണ് പ്രദേശവാസികള്‍ പറഞ്ഞിരുന്നത്. എന്നാല്‍, മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയുന്നത് ഉത്തര്‍പ്രദേശുകാടേതാണെന്ന് ആരോപിച്ച് ബിഹാറുമായി ഇരു സംസ്ഥാനങ്ങളും തമ്മില്‍ വാക്‌പോര് നടന്നിരുന്നു.
ഇതേത്തുടര്‍ന്ന് 'ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ വലിച്ചെറിയുന്ന വിഷയം ഗൗരവമായി എടുക്കുകയും അവ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കേന്ദ്രം എന്‍എംസിജിയും ജില്ലാ അധികാരികളും വഴി പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ അജ്ഞാത മൃതദേഹങ്ങളും നീക്കംചെയ്യുന്നുവെന്ന് ഉറപ്പാക്കുമെന്നും ജല ശക്തി മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര ശേഖാവത്ത് ട്വീറ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ കേന്ദ്രം ഇത്തരം സംഭവങ്ങള്‍ പരിശോധിക്കാന്‍ നദീതീരങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടതായും കൊവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനും 14 ദിവസത്തിനകം റിപോര്‍ട്ട് നല്‍കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.