സിദ്ദീഖ് കാപ്പന് ഇന്നും ജാമ്യമില്ല; കേസ് വീണ്ടും നീട്ടിവെച്ചു
സിദ്ദീഖിന്റെ അന്യായമായ ജയില്‍ വാസം രണ്ടാം മാസത്തിലേക്കു നിളുന്ന സാഹചര്യത്തിലെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതെയായത്.
ന്യൂഡല്‍ഹി: ഹാഥ്റസിലേക്ക് വാര്‍ത്ത ശേഖരിക്കാന്‍ പോകുമ്പോള്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ അന്യായമായി അറസ്റ്റു ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം ഭാരവാഹിയുമായി സിദ്ദീഖ് കാപ്പന് ഇന്നും സുപ്രിം കോടതി ജാമ്യം അനുവദിച്ചില്ല. ഇന്ന് കേസ് പരിഗണനക്ക് എടുത്തപ്പോള്‍ കെയുഡബ്ല്യുജെ നല്‍കിയ സത്യവാങ്മൂലം പഠിക്കാന്‍ സമയം വേണമെന്നാണ് സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. അടുത്ത 11നാണ് ഇനി കേസ് പരിഗണിക്കുക. സിദ്ദീഖിന്റെ അന്യായമായ ജയില്‍ വാസം രണ്ടാം മാസത്തിലേക്കു നിളുന്ന സാഹചര്യത്തിലെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതെയായത്.
അതേസമയം ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഭാര്യ റൈഹാന സിദ്ദീഖിനെ കക്ഷിയാക്കാമെന്ന കപില്‍ സിബലിന്റെ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു. യുപി സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ എതിര്‍പ്പ് തള്ളിയാണ് ഈ നടപടി. ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഒരു സംഘടനയ്ക്ക് പ്രതിക്കായി വാദം നടത്താനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ സാങ്കേതിക തടസം ഉന്നയിച്ചിരുന്നു. ഇതോടെയാണ് കാപ്പന്റെ ഭാര്യയെ കക്ഷി ചേര്‍ക്കാന്‍ തയാറാണെന്ന് കപില്‍ സിബല്‍ അറിയിച്ചത്.
ഒക്ടോബര്‍ അഞ്ചിന് ജയില്‍ അടക്കപ്പെട്ടതിനു ശേഷം ഒന്നര മാസത്തിനു ശേഷമാണ് സിദ്ദീഖിന് വീട്ടുകാരുമായി സംസാരിക്കാന്‍ അവസരം നല്‍കിയത്. സിദ്ദീഖിനെ പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തിനും മാനസിക പീഡനത്തിനും ഇരയാക്കിയതായി യുപി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് നല്‍കിയ മറുപടിയില്‍ കെയുഡബ്ല്യുജെ ആരോപിച്ചിരുന്നു. പ്രമേഹരോഗിയായ അദ്ദേഹത്തിന് മരുന്നുകളും നിഷേധിച്ചിരുന്നു. ഹാഥ്റസിലേക്കുള്ള വഴിമധ്യേ സിദ്ദീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചി അതീഖുര്‍റഹ്മാന്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി മസൂദ് ഖാന്‍, ഡ്രൈവര്‍ ആലം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.