സിദ്ദിഖ് കാപ്പനെ ചികില്‍സ പൂര്‍ത്തിയാവാതെ ജയിലിലടച്ചത് പ്രതിഷേധാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2021-05-08 15:40 GMT

കോഴിക്കോട്: സുപ്രിംകോടതി വിധിയെ മറികടന്ന് മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് മതിയായ ചികില്‍സ നല്‍കാതെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ യുപി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍.

കൊവിഡ് ബാധിച്ച് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുന്ന കാപ്പനെ വിദഗ്ധ ചികില്‍സയ്ക്കായി കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ വിദഗ്ധ ചികില്‍സ ആരംഭിക്കുന്നതിന് മുമ്പ് പ്രാഥമിക ശുശ്രൂഷ മാത്രം നല്‍കി തിരികെ മഥുര ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിയമവിരുദ്ധവും നിന്ദ്യവുമായ നടപടികളിലൂടെ യുപിയിലെ യോഗി സര്‍ക്കാര്‍ നടത്തുന്ന നീതി നിഷേധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെ രഹസ്യമായാണ് സിദ്ദിഖ് കാപ്പനെ എയിംസില്‍ നിന്ന് മഥുരയിലേക്ക് മാറ്റിയത്. യുപി പോലിസ് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നു. കൊവിഡ് പരിശോധന നടത്തി നെഗറ്റീവായോ എന്ന് ഉറപ്പുവരുത്തിയില്ലെന്ന കാപ്പന്റെ കുടുംബത്തിന്റെ ആരോപണം അതീവ ഗൗരവതരമാണ്.

നേരത്തെ കൊവിഡ് നെഗറ്റീവ് റിപോര്‍ട്ടുമായാണ് യുപി പോലിസ് കാപ്പനെ എയിംസില്‍ എത്തിച്ചത്. എന്നാല്‍ എയിംസിലെ പരിശോധനയില്‍ കാപ്പന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. നിയമവ്യവസ്ഥയെ പോലും കബളിപ്പിച്ചും വെല്ലുവിളിച്ചും യോഗി സര്‍ക്കാര്‍ രാജ്യത്തിനാകെ ഭീഷണിയായി മാറുകയാണ്. സിദ്ദിഖ് കാപ്പനെ കൂടാതെ യുപി പോലിസ് അന്യായമായി തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെ നിരവധി യുവാക്കളുടെ ജീവന് ഭീഷണി നേരിടുകയാണ്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നു വരേണ്ടതുണ്ട്. ഇവരുടെ മോചനത്തിനായി കേരളം ഉള്‍പ്പടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News