'ആക്രമണത്തിന് പിന്നില്‍ ഹിന്ദു സേന'; കര്‍ഷകര്‍ ഒഴിഞ്ഞു പോകണമെന്ന് വിഷ്ണു ഗുപ്ത

കര്‍ഷകര്‍ക്ക് നേരെ ആക്രമണം നടത്തിയത് പ്രദേശവാസികളല്ല, ഹിന്ദു സേന പ്രവര്‍ത്തകരാണെന്ന് ആജ് തക് ട്വീറ്റ് ചെയ്തു. 'ഡല്‍ഹി: സിംഘു ബോര്‍ഡറില്‍ ഹിന്ദു സേന പ്രവര്‍ത്തകരും ചില പ്രദേശവാസികളും കര്‍ഷകര്‍ക്ക് നേരെ പ്രകടനം നടത്തുന്നു'. ട്വീറ്റില്‍ കുറിച്ചു.

Update: 2021-01-29 09:39 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ സിംഘുവില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിനു നേരെ പ്രതിഷേധം സംഘടിപ്പിച്ചത് തങ്ങളെന്ന് ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത. ആക്രമണത്തിന് പിന്നില്‍ പ്രദേശവാസികളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടേയാണ് വിഷ്ണു ഗുപ്തയുടെ പ്രസ്താവന.

ആക്രമണം നടത്തിയത് പ്രദേശവാസികളാണെന്ന് എന്‍ഡിടിവി, ടൈംസ്, സിഎന്‍എന്‍ ന്യൂസ് 18, ഇന്ത്യാ ടുഡേ, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്, ടിവി9 തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, കര്‍ഷകര്‍ക്ക് നേരെ ആക്രമണം നടത്തിയത് പ്രദേശവാസികളല്ല, ഹിന്ദു സേന പ്രവര്‍ത്തകരാണെന്ന് ആജ് തക് ട്വീറ്റ് ചെയ്തു. 'ഡല്‍ഹി: സിംഘു ബോര്‍ഡറില്‍ ഹിന്ദു സേന പ്രവര്‍ത്തകരും ചില പ്രദേശവാസികളും കര്‍ഷകര്‍ക്ക് നേരെ പ്രകടനം നടത്തുന്നു'. ട്വീറ്റില്‍ കുറിച്ചു.



പ്രക്ഷോഭസ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘം കര്‍ഷക പ്രക്ഷോഭകരുടെ ടെന്റുകള്‍ പൊളിച്ചുനീക്കി. കര്‍ഷക നിയമത്തെ അനുകൂലിക്കുന്നവരാണ് പോലിസ് സാന്നിധ്യത്തില്‍ ആക്രമണം നടത്തിയതെന്നാണു സൂചന. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ദിവസങ്ങളായി സമാധാനപരമായി സമരം നടത്തുന്ന കര്‍ഷകര്‍ക്കു നേരെ മുന്നറിയിപ്പില്ലാതെയെത്തിയവരാണ് ആക്രമണം നടത്തിയത്. പരസ്പരം കല്ലേറുണ്ടായതായി റിപോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് പോലിസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ പോലിസ് നിഷ്‌ക്രിയമായിരുന്നുവെന്നും ആരോപണമുണ്ട്. നേരത്തെയും സിംഘു അതിര്‍ത്തിയില്‍ പ്രദേശവാസികളെന്ന് അവകാശപ്പെട്ട് ഒരു സംഘം ആക്രമണത്തിനു ശ്രമിച്ചിരുന്നെങ്കിലും കര്‍ഷക സംഘടനാ നേതാക്കളുടെ ഇടപെടലാണ് രംഗം ശാന്തമാക്കിയത്.

സിംഘു അതിര്‍ത്തി പ്രദേശത്തെ താമസക്കാരാണെന്ന് അവകാശപ്പെട്ടാണ് ഒരു സംഘം ഉച്ചയോടെ തെരുവിലിറങ്ങി കര്‍ഷകരോട് ഒഴിയാന്‍ ആവശ്യപ്പെട്ടത്. ത്രിവര്‍ണ പതാകയേന്തിയെത്തിയ സംഘം സിംഘു അതിര്‍ത്തി ഒഴിവാക്കുക എന്ന മുദ്രാവാക്യം വിളിച്ചാണെത്തിയതെന്ന് ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ട്രാക്റ്റര്‍ റാലിയില്‍ കര്‍ഷകര്‍ ത്രിവര്‍ണപതാകയെ അപമാനിച്ചതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് മറ്റൊരാള്‍ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് സിംഘു ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത പോലിസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ നവംബര്‍ 28 മുതല്‍ സിംഘു ഉള്‍പ്പെടെയുള്ള ഡല്‍ഹി അതിര്‍ത്തികളില്‍ സമരത്തിലുള്ളത്.

Tags:    

Similar News