ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ വരുന്നു
കോഴിക്കോട്: പീഡനക്കേസ് പ്രതിയായ ജലന്ധര്‍ ബിഷപ്പിനെതിരേ നടപടിയാവശ്യപ്പെട്ട് തെരുവിലിറങ്ങിയതിനു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നു പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നു. ഡിസി ബുക്‌സ് പുറത്തിറക്കുന്ന ലൂസി കളപ്പുരയുടെ 'കര്‍ത്താവിന്റെ നാമത്തില്‍' ഒരു കന്യാസ്ത്രീയുടെ ഉള്ളുപൊള്ളിക്കുന്ന തുറന്നെഴുത്തുകള്‍ എന്ന ആത്മകഥയിലാണ് ചില സന്നാസി മഠങ്ങളെയും ഏതാനും വൈദികരെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. പുസ്തകം പുറത്തിറങ്ങുന്നതോടെ, ലൂസി കളപ്പുരയും സന്ന്യാസി സഭകളും തമ്മിലുള്ള പോര് കൂടുതല്‍ കോളിളക്കമുണ്ടാക്കുമെന്നുറപ്പാണ്.
ക്രൈസ്തവ മഠങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമവും ചില വൈദികരുടെ വഴിവിട്ട ബന്ധവുമെല്ലാം പുസ്തകത്തില്‍ തുറന്നെഴുതുന്നുണ്ട്. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേനയെത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് ആരോപിക്കുന്ന സിസ്റ്റര്‍ ലൂസി, കന്യാസ്ത്രീയായ ശേഷം തനിക്കുനേരെ നാലുതവണ പീഡനശ്രമം ഉണ്ടായെന്നും വ്യക്തമാക്കുന്നു. നാലുതവണയും വൈദികരാണ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപിക്കുന്നത്. മാത്രമല്ല, കണ്ണൂര്‍ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രമാദമായ കേസിലെ പ്രതിയായ വൈദികന് പല കന്യാസ്ത്രീകളുമായും വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട. അതിനേക്കാള്‍ ഗുരുതരമായ മറ്റൊരു ആരോപണം കൂടി ഉയര്‍ത്തിയിട്ടുണ്ട്. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചെന്നും ഇതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നുമാണ് തുറന്നുപറയുന്നത്. നിരവധി നിയമപ്രശ്‌നങ്ങള്‍ക്കും നിയമക്കുരുക്കുകള്‍ക്കും കാരണമായേക്കാവുന്ന പരാമര്‍ശങ്ങളാണ് പുസ്തകത്തിലുള്ളതെന്നാണു സൂചന.
ആത്മകഥയുടെ ഒരുഭാഗം ഇത്തവണ പുറത്തിറങ്ങിയ 'സമകാലിക മലയാളം' വാരിക പ്രസിദ്ധീകരിച്ചിരുന്നു. 'വിശുദ്ധപാപികളുടെ അധോലോകം' എന്ന അധ്യായത്തില്‍ നിരവധി ആരോപണങ്ങളാണ് പുരോഹിതന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരേ ഉന്നയിച്ചിട്ടുള്ളത്. ''ലൗകിക ജീവിതതൃഷ്ണയെ ശമിപ്പിക്കാനായി പ്രാര്‍ത്ഥനയില്‍ അഭയം തേടുന്ന സന്ന്യാസിനികള്‍ അവരില്‍ അന്തര്‍ലീനമായ ലൈംഗികാഭിനിവേശം പ്രകടിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ക്കു ഞാന്‍ മൂകസാക്ഷിയായിട്ടുണ്ട്. വീടും നാടും കൊയൊഴിഞ്ഞ് വൈയക്തിക ബന്ധങ്ങളെ നിരാകരിച്ച് സന്ന്യാസിനിയവാന്‍ എത്തിയവരില്‍ ഭൂരിഭാഗം പേരും മാനുഷികമായ വികാരത്തെ നിയന്ത്രിക്കാന്‍ കെല്‍പ്പില്ലാത്തവരാണ്. ഇവരുടെ ചേഷ്ടകള്‍ക്ക് എത്രയോ തവണ ഞാന്‍ കാഴ്ചക്കാരി ആയിട്ടുണ്ട്. പുരോഹിതന്മാരുമായാണ് കന്യാസ്ത്രീകളില്‍ നല്ലൊരു പങ്കിനും െ്രെകസ്തവ ചിന്താവിരുദ്ധമായ അടുപ്പമുള്ളത്. മഠത്തിലും സന്ന്യാസിനി ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദികര്‍ക്കുള്ള സ്ഥാനം തന്നെയാണ് ഇത്തരം ബന്ധങ്ങള്‍ വളരാനുള്ള കാരണവും. സഹവാസികളായ സന്ന്യാസിനികളില്‍ നിരവധി പേര്‍ക്ക് ഇത്തരം ബന്ധങ്ങളുണ്ട്.
ദേവാലയ പരിസരത്തെ സങ്കീര്‍ത്തിയില്‍ വച്ച് പുരോഹിതനാല്‍ ലൈംഗിക ചൂഷണത്തിനിരയായ കന്യാസ്ത്രീ വിവരം എന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവര്‍ എന്നോടൊപ്പം സന്യാസവൃത്തി തുടങ്ങിയവരാണ്. ആ അനുഭവത്തില്‍ ഈ സന്ന്യാസിനി സംഭ്രമിച്ചില്ലെന്നു മാത്രമല്ല, അത് അവര്‍ രസിക്കുകയും ചെയ്തു. തൃപ്തികരമായ ഒരു ചൂഷണചരിതം മാത്രമായി ഇത് അവശേഷിക്കുന്നു. ചില മഠങ്ങളില്‍ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാര്‍ക്കു പള്ളിമേടയില്‍നിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്‌നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികര്‍ മുന്നില്‍ നിര്‍ത്തി ആസ്വദിക്കും. മടുത്ത് എന്നു പറഞ്ഞാല്‍ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികര്‍. മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിര്‍ന്ന കന്യാസ്ത്രീകളും സ്വവര്‍ഗ ഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരില്‍നിന്നായി ഞാനറിഞ്ഞിട്ടുണ്ട്. ആത്മസംഘര്‍ഷം ലഘൂകരിക്കുന്നതിനായുള്ള മനപ്പരിചരണം കന്യാസ്ത്രീകളില്‍ പലര്‍ക്കും കുരിശായി മാറുകയാണ് പതിവ്. വൈദികരായ കൗണ്‍സലിംഗ് വിദഗ്ദ്ധര്‍ ഈ സ്ത്രീകളെ നിരന്തരമായി പിന്തുടരുന്ന സാഹചര്യവും ഉണ്ടെന്നും പുസ്തകത്തില്‍ തുറന്നുപറയുന്നുണ്ട്. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി മഠത്തില്‍ നിന്നു പുറത്താക്കിയതിനെതിരേ നേരത്തേ സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു.