സെബാസ്റ്റ്യൻ പോളിന്റെ വെളിപ്പെടുത്തല്‍: യുഎപിഎ വിഷയത്തില്‍ സിപിഎം നുണപ്രചാരണം അവസാനിപ്പിച്ച് മാപ്പ് പറയണമെന്ന് എസ്ഡിപിഐ
തിരുവനന്തപുരം: മുന്‍ എംപി സെബാസ്റ്റ്യൻ പോളിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുഎപിഎയ്ക്ക് എതിരാണ് തങ്ങളെന്ന സിപിഎമ്മിന്റെ നുണപ്രചാരണം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ.
കോഴിക്കോട് പന്തീരാങ്കാവില്‍ സിപിഎം പ്രവര്‍ത്തകരായ യുവാക്കള്‍ മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തപ്പെട്ടപ്പോഴുണ്ടായ പ്രതിഷേധത്തെ പ്രതിരോധിക്കാനായിരുന്നു യുഎപിഎയ്ക്ക് തുടക്കം മുതല്‍ എതിരാണെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ 2008 ഡിസംബര്‍ 17ന് ലോക്‌സഭയില്‍ അവതരിപ്പിച്ച യുഎപിഎ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാതിരുന്നതിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെന്നാണ് ഇടതുപക്ഷ എംപിയായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ 'എന്റെ കാലം എന്റെ ലോകം' എന്ന തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഭീകര നിയമമായ യുഎപിഎ സംബന്ധിച്ച് സിപിഎം ജനങ്ങളെ കബളിപ്പിക്കുകയാണെന്നു വ്യക്തമായിരിക്കുന്നു. കേരളത്തില്‍ ആദ്യമായി യുഎപിഎ ചുമത്തി കേസെടുത്തതും വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ തന്നെയായിരുന്നു. യുഎപിഎ യുടെ പേരില്‍ ഇനി ജനങ്ങളെ വിഡ്ഢികളാക്കാന്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും കഴിയില്ല. സിപിഎം ഇനിയും നുണയാവര്‍ത്തനത്തിലൂടെ ജനങ്ങളെ വഞ്ചിക്കുന്നത് കാപട്യമാണെന്നും ജോണ്‍സണ്‍ കണ്ടച്ചിറ വ്യക്തമാക്കി.
സെബാസ്റ്റ്യൻ പോളിന്റെ എന്റെ കാലം എന്റെ ലോകം എന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥ സിപിഎമ്മിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.