മാധ്യമങ്ങള്‍ പുകഴ്ത്തുന്ന സാരംഗി വര്‍ഗീയ കലാപ കേസുകളിലെ പ്രതി -ഏഴ് ക്രിമിനല്‍ കേസുകള്‍

വര്‍ഗീയ കലാപ കേസുകള്‍ അടക്കം ഏഴ് ക്രിമിനല്‍ കേസുകള്‍ സാരംഗിക്കെതിരേ നിലവിലുണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ പറയുന്നു. കലാപം, മതത്തിന്റെ പേരില്‍ സ്പര്‍ദ്ധ സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തി പണം വാങ്ങല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ക്ക് കേസുള്ളതായി സാരംഗി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Update: 2019-05-31 14:05 GMT

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താരമായത് പ്രതാപ് ചന്ദ്രസിങ് സാരംഗി എന്ന 64 കാരനാണ്. സൈക്കിള്‍ സവാരിയും കുടിലുമൊക്കെ ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ ലളിത ജീവിതം ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാല്‍ ആരാണ് പ്രതാപ് ചന്ദ്ര സാരംഗിയെന്ന് ചരിത്രം തിരഞ്ഞാല്‍ മനസ്സിലാവും.


വര്‍ഗീയ കലാപങ്ങളിലും ഹിന്ദുത്വ ആക്രമണങ്ങളിലും രക്തം പുരണ്ടതാണ് സാരംഗിയുടെ ഭൂതകാലമെന്ന് ബിബിസിയടക്കം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഡീഷയില്‍ കൃസ്ത്യന്‍ മിഷനറി ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുട്ടികളെയും അഗ്നിക്കിരയാക്കിയ സംഘപരിവാര സംഘടനയായ ബജ്‌റംഗ്ദളിലെ നേതാവായിരുന്നു സാരംഗി. 1999ലാണ് ഒഡീഷയില്‍ ക്രിസ്ത്യന്‍ മിഷണറിയായ ഗ്രഹാം സ്‌റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പ് (10), തിമോത്തി (7) എന്നിവരെയും ഹിന്ദുത്വര്‍ ചുട്ടുകൊന്നത്. അക്കാലത്ത് ബജ്‌റംഗ്ദള്‍ നേതാവായിരുന്നു സാരംഗി. ഈ കൂട്ടക്കൊലക്ക് പിന്നില്‍ ബജ്‌റംഗ്ദള്‍ ആണെന്ന് ക്രിസ്ത്യന്‍ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അന്നു തന്നെ വ്യക്തമാക്കിയിരുന്നു. കേസില്‍ മുഖ്യപ്രതി ദാരാ സിംഗ് അടക്കം 12 ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ വിചാരണയ്‌ക്കൊടുവില്‍ കോടതി കുറ്റക്കാരെന്ന് കണ്ടത്തുകയും ചെയ്തു. ഇക്കാലയളവില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരേ നിരവധി അഭിമുഖങ്ങളില്‍ പ്രതാപ് സാരംഗി സംസാരിച്ചിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ മതപരിവര്‍ത്തനം നടത്താനാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ ശ്രമിക്കുന്നതെന്ന് ഒഡീഷയിലെ മാധ്യമപ്രവര്‍ത്തകനായ സന്ദീപ് സാഹുവുമായുള്ള അഭിമുഖത്തില്‍ സാരംഗി പറയുന്നുണ്ട്.

മുളകൊണ്ട് നിര്‍മ്മിച്ച കുടിലില്‍ നിന്നും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പുറപ്പെടുന്നതടക്കം സാരംഗിയുടെ ദരിദ്ര പശ്ചാത്തലം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ പക്ഷെ അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാതലം മറച്ചുവയ്ക്കുകയാണ്. വര്‍ഗീയ കലാപ കേസുകള്‍ അടക്കം ഏഴ് ക്രിമിനല്‍ കേസുകള്‍ സാരംഗിക്കെതിരേ നിലവിലുണ്ടെന്ന് തിരഞ്ഞെടുപ്പ് സത്യവാങ് മൂലത്തില്‍ പറയുന്നു.

കലാപം, മതത്തിന്റെ പേരില്‍ സ്പര്‍ദ്ധ സൃഷ്ടിക്കല്‍, ഭീഷണിപ്പെടുത്തി പണം വാങ്ങല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ക്ക് കേസുള്ളതായി സാരംഗി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2001ല്‍ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് സംഘപരിവാര്‍ നടത്തിയ അക്രമങ്ങളുടെ ഭാഗമായി ഒഡീഷ അസംബ്ലി ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയാണ് പ്രതാപ് ചന്ദ്ര സാരംഗി. തൃശൂലങ്ങളും ദണ്ഡുകളും അടക്കം സായുധരായ ഹിന്ദുത്വ സംഘടനകള്‍ 2001 ഡിസംബര്‍ 16 നാണ് ഒഡീഷ നിയമസഭാ മന്ദ്രിരം അക്രമിച്ചത്. 'ജയ് ശ്രീരാം', 'അടല്‍ ബിഹാരി വാജ്‌പേയ് സിന്ദാബാദ്' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ആക്രമണം.

ബാലസോര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച സാരംഗി ഫിഷറീസ്, ക്ഷീരം, മൃഗ സംരക്ഷണം, ചെറുകിട വ്യവസായം തുടങ്ങിയ വകുപ്പുകളുടെ സഹമന്ത്രിയായാണ് ചുമതലയേറ്റിരിക്കുന്നത്.

Similar News