സൊമാലിയയില്‍ ഏറ്റുമുട്ടല്‍; നൂറിലധികം സായുധര്‍ കൊല്ലപ്പെട്ടു, ഏഴ് സൈനികര്‍ക്കും ജീവഹാനി
മൊഗാദിഷു: സൊമാലിയയില്‍ സായുധരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം സായുധരും ഏഴ് സൈനികരുമാണ് കൊല്ലപ്പെട്ടത്. മധ്യ സോമാലിയന്‍ നഗരമായ ഗാല്‍ക്കാഡിലെ സൈനിക താവളം അല്‍ ഷബാബ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. സൈനിക താവളത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അടക്കം ഏഴു സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ സൈനിക താവളത്തിലേക്ക് ഇരച്ചുകയറിയ സായുധര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
സായുധര്‍ കാര്‍ ബോംബുകള്‍ പൊട്ടിക്കുകയും ആയുധങ്ങള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് ക്യാപ്റ്റന്‍ ഇസ അബ്ദുല്ലാഹി പറഞ്ഞു. ശക്തമായി തിരിച്ചടിച്ച സൈന്യം നൂറിലധികം സായുധരെ വധിച്ചു. ആഫ്രിക്കന്‍ യൂനിയന്‍ സൈനികരെയും സര്‍ക്കാര്‍ കെട്ടിടങ്ങളെയും ലക്ഷ്യമിട്ട് മുമ്പും നിരവധി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. അടുത്തിടെയാണ് സായുധരുടെ നിയന്ത്രണത്തില്‍ നിന്ന് സോമാലിയന്‍ നാഷനല്‍ ആര്‍മി ബേസ് തിരിച്ചുപിടിച്ചത്.
സൈനിക താവളത്തിന്റെ നിയന്ത്രണം സൈന്യത്തിന് തന്നെയാണെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. യുദ്ധത്തില്‍ സഹായിച്ച അന്താരാഷ്ട്ര സഖ്യകക്ഷികള്‍ക്ക് സര്‍ക്കാര്‍ നന്ദി അറിയിച്ചു. അതേസമയം, 150ലധികം സോമാലിയന്‍ സൈനികരും ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി അല്‍ഷബാബ് വക്താവ് ഷെയ്ഖ് അബു മുസാബും അവകാശവാദമുന്നയിച്ചു. ഇരുപക്ഷത്തിന്റെയും അവകാശവാദം പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ കനത്ത വെടിവയ്പുണ്ടായതായും ഗാല്‍ക്കാഡ് നിവാസിയായ അബുകര്‍ ഉലുസോ അസോസിയേറ്റ് പ്രസ്സിനോട് പറഞ്ഞു.