170 ഗ്രാം എംഡിഎംഎയുമായി നൈജീരിയന്‍ സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
പാലക്കാട്: 170 ഗ്രാം എംഡിഎംഎയുമായി ബംഗളൂരുവില്‍നിന്നു നൈജീരിയക്കാരനടക്കം രണ്ടുപേരെ വാളയാര്‍ പോലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും (ഡാന്‍സാഫ്) ചേര്‍ന്ന് പിടികൂടി. ബംഗളൂരുവില്‍ താമസിച്ച് ലഹരിക്കച്ചവടം നടത്തിയിരുന്ന നൈജീരിയന്‍ സ്വദേശി മൊമിന്‍ അന്‍സെല്‍മി(32), കോട്ടയം പാലാ സ്വദേശി അബിജിത് കുമാര്‍ (29) എന്നിവരാണു പിടിയിലായത്. പാലക്കാട് ജില്ലാ പോലിസ് പിടികൂടുന്ന വലിയ എംഡിഎംഎ കേസാണിത്.
കേരളത്തിലേക്കു ലഹരി എത്തിക്കുന്നതിലെ മുഖ്യകണ്ണികളാണ് ഇവര്‍. വാളയാറില്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്ത കേസില്‍ മണ്ണാര്‍ക്കാട് സ്വദേശി ജിത്തു (24), കോട്ടയം സ്വദേശി നിഖില്‍ ഷാജി (27), പത്തനംതിട്ട സ്വദേശി ജബിന്‍ വര്‍ഗീസ് (26) എന്നിവരെ പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി, എം. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എ അജീഷ്, എസ്‌ഐ എച്ച് ഹര്‍ഷാദ്, എസ്‌ഐ സുജികുമാര്‍, എഎസ്‌ഐ ജയകുമാര്‍, ഫെലിക്‌സ് ഹൃദയരാജ്, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ റഹിം മുത്തു, ബി ഷിബു, കെ ലൈജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.