സോണിയാഗാന്ധി രണ്ടാം തവണയും ഇഡിക്ക് മുന്നില്‍;പ്രതിഷേധം ശക്തം,സംസ്ഥാനത്ത് ട്രെയിന്‍ തടഞ്ഞ് പ്രവര്‍ത്തകര്‍

Update: 2022-07-26 06:41 GMT

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി രണ്ടാം തവണയും ഇഡിക്ക് മുന്നില്‍ ഹാജരായി. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കഗാന്ധിക്കുമൊപ്പമാണ് സോണിയ ഇഡി ആസ്ഥാനത്ത് എത്തിയത്.ഇഡി നടപടിക്കെതിരേ എഐസിസി ആസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്.

കോണ്‍ഗ്രസിന്റെ എല്ലാ ലോക്‌സഭാ എംപിമാരും രാവിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി.നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്ഘട്ടില്‍ പ്രതിഷേധിക്കാന്‍ ഡല്‍ഹി പോലിസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

സോണിയഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ കേരളത്തിലും ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.സംസ്ഥാനത്ത് പലയിടത്തും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ട്രെയിനുകള്‍ തടഞ്ഞു.പാലക്കാടും കോട്ടയത്തും തൃശൂരും കണ്ണൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. കോട്ടയത്ത് ജനശതാബ്ദി എക്‌സ്പ്രസ് തടഞ്ഞു.പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. തൃശൂരില്‍ ഗുരുവായൂര്‍ എക്‌സ്പ്രസും, കണ്ണൂരില്‍ പ്രവര്‍ത്തകര്‍ പാളത്തില്‍ ഇറങ്ങി ഇന്റര്‍ സിറ്റി എക്‌സ്പ്രസ് അഞ്ച് മിനിറ്റോളം തടഞ്ഞിട്ടു.പാലക്കാട് ട്രെയിനിന് മുകളില്‍ കയറിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. കോഴിക്കോട് ആര്‍പിഎഫും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കാസര്‍കോട്, തിരുവല്ല തുടങ്ങിയ ഇടങ്ങളിലും ട്രെയിന്‍ തടയല്‍ അടക്കമുള്ള സമരങ്ങള്‍ നടന്നു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കഴിഞ്ഞയാഴ്ച സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു.രാഹുല്‍ ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങളടക്കം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട 28 ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം സോണിയയോട് ചോദിച്ചത്. സോണിയയുടെ വിശ്വസ്തനായ മോത്തിലാല്‍ വോറയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും, അതിനാല്‍ സോണിയക്ക് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും ഇഡി പറയുന്നു.അനാരോഗ്യം പരിഗണിച്ച് രണ്ട് മണിക്കൂര്‍ നേരം മാത്രമാണ് സോണിയയെ ചോദ്യം ചെയ്തത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ തുടര്‍ ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടിസ് നല്‍കുകയായിരുന്നു.സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.

Tags:    

Similar News