രാജ്യദ്രോഹ നിയമവും യുഎപിഎയിലെ കുറ്റകരമായ വ്യവസ്ഥകളും സുപ്രിംകോടതി റദ്ദാക്കണം: ജസ്റ്റിസ് നരിമാന്‍

പൗരന്‍മാര്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി രാജ്യദ്രോഹ നിയമത്തിലെ സെക്ഷന്‍ 124 എയും യുഎപിഎയിലെ കുറ്റകരമായ വ്യവസ്ഥകളും റദ്ദാക്കാന്‍ കോടതി അതിന്റെ അധികാരം ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

Update: 2021-10-11 13:06 GMT

ന്യൂഡല്‍ഹി: പൗരന്‍മാര്‍ക്ക് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിന് രാജ്യദ്രോഹ നിയമവും യുഎപിഎയിലെ കുറ്റകരമായ വ്യവസ്ഥകളും റദ്ദാക്കണമെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്‍. രാജ്യദ്രോഹ നിയമം ഒരു കോളനിയിലെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ ഒരു കൊളോണിയല്‍ യജമാനന്‍ സ്ഥാപിച്ചതാണ്. അത് ദുരുപയോഗം ചെയ്യപ്പെടുന്നത് ഇന്നും തുടരുകയാണ്. മേല്‍പ്പറഞ്ഞ നിയമങ്ങള്‍ റദ്ദാക്കാന്‍ സുപ്രിംകോടതി അധികാരം വിനിയോഗിക്കണമെന്ന് ജസ്റ്റിസ് നരിമാന്‍ ആവശ്യപ്പെട്ടു. അന്തരിച്ച ജഡ്ജി വിശ്വനാഥ പസായത്തിന്റെ 109ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരിമാന്‍.

രാജ്യദ്രോഹക്കേസുകള്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചയക്കരുതെന്ന് ഞാന്‍ സുപ്രിംകോടതിയോട് അഭ്യര്‍ഥിക്കുകയാണ്. സര്‍ക്കാരുകള്‍ വരികയും പോവുകയും ചെയ്യും. നിയമങ്ങള്‍ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്നത് സര്‍ക്കാരിന്റെ കാര്യമല്ല. സുപ്രിംകോടതിക്ക് മുന്നില്‍ ഒരു കേസ് ലൈവായുണ്ട്. പൗരന്‍മാര്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനായി രാജ്യദ്രോഹ നിയമത്തിലെ സെക്ഷന്‍ 124 എയും യുഎപിഎയിലെ കുറ്റകരമായ വ്യവസ്ഥകളും റദ്ദാക്കാന്‍ കോടതി അതിന്റെ അധികാരം ഉപയോഗിക്കേണ്ടത് പ്രധാനമാണ്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത് ഫിലിപ്പീന്‍സിലെയും റഷ്യയിലെയും രണ്ട് പത്രപ്രവര്‍ത്തകര്‍ക്കാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി അറിയപ്പെട്ടിട്ടും ആര്‍എസ്എഫിന്റെ 2021 ലെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡെക്‌സില്‍ 180 ല്‍ 142ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയുടെ കാലഹരണപ്പെട്ടതും കൊളോണിയല്‍ നിയമങ്ങളും മറ്റ് അടിച്ചമര്‍ത്തല്‍ നിയമങ്ങളുമായിരിക്കും അതിന് കാരണം. ഇത്തരം നിയമങ്ങള്‍ റദ്ദാക്കിയാല്‍ ഇന്ത്യ മെച്ചപ്പെട്ട നിലയിലേക്ക് മാറിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐപിസിയുടെ കരട് രേഖയില്‍ തുടക്കത്തില്‍ രാജ്യദ്രോഹത്തെപ്പറ്റിയുള്ള ഭാഗമുണ്ടായിരുന്നെങ്കിലും അന്തിമനിയമത്തില്‍ അതുണ്ടായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം 1870ല്‍ വീണ്ടും ശ്രദ്ധയില്‍പ്പെടുകയും നിയമം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

അങ്ങനെയാണ് 124 എ ഉണ്ടായത്. നിയമം തയ്യാറാക്കുമ്പോള്‍ ഉള്‍പ്പെടുത്താന്‍ വിട്ടുപോയതാണെന്നാണ് അവര്‍ പറയുന്നത്. 124 എ പ്രകാരമുള്ള ശിക്ഷ വളരെ വലുതാണ്. മൂന്നുവര്‍ഷം ജീവപര്യന്തം തടവാണ്. 'നമുക്ക് ചൈനയും പാകിസ്താനുമായും യുദ്ധം ചെയ്യേണ്ടിവന്നു. അതിന് ശേഷമാണ് യുഎപിഎ പോലൊരു കടുത്ത നിയമനിര്‍മാണം നമ്മള്‍ കൊണ്ടുവന്നത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കുറഞ്ഞത് അഞ്ചുവര്‍ഷത്തെ തടവാണ് യുഎപിഎ മുന്നോട്ടുവയ്ക്കുന്നത്,' അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനോട് അസംതൃപ്തി പ്രകടിപ്പിക്കുന്നവര്‍ക്കെതിരേ ഈ നിയമം പ്രയോഗിക്കുകയാണ് ചെയ്തുവരുന്നത്. ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിളിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബംഗോബസി കേസ് ആണ് ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ രാജ്യദ്രോഹക്കേസ്.

1891 ലെ ഏജ് ഓഫ് കണ്‍സെന്റ് ആക്ട് (ശൈശവ വിവാഹങ്ങള്‍ തടയുന്നതിന് അവതരിപ്പിച്ചത്) ചോദ്യംചെയ്തായിരുന്നു ലേഖനം. ഹിന്ദു പാരമ്പര്യങ്ങള്‍ക്കും ധാര്‍മികതയ്ക്കുമെതിരേ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നതിന്റെ പേരിലായിരുന്നു കുറ്റം ചുമത്തിയത്. നമ്മുടെ സമൂഹത്തില്‍ ശൈശവവിവാഹം അന്തര്‍ലീനമാണെന്നായിരുന്നു വാദം. എന്നാല്‍, ഇംഗ്ലീഷ് ജഡ്ജിക്ക് ഇത് തൃപ്തിയായില്ല. കൂടാതെ അന്നത്തെ സര്‍ക്കാരിനോട് അസംതൃപ്തിയുണ്ടാക്കിയതിന് 124 എ പ്രകാരം എഡിറ്റര്‍ കുറ്റക്കാരനാണെന്ന് ജഡ്ജി പറഞ്ഞു. കുറ്റകരമായ ലേഖനമെഴുതി, നിങ്ങള്‍ അത് അച്ചടിച്ചാല്‍ മതി അത് അസംതൃപ്തി ഉണര്‍ത്താനുള്ള ശ്രമമാണ്- ജഡ്ജി പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് പല സംഭവങ്ങളിലും സമാനമായ രാജ്യദ്രോഹക്കേസുകള്‍ ചുമത്തിയതും നരിമാന്‍ വിശദീകരിച്ചു.

Tags:    

Similar News