പുനപ്പരിശോധന തീരുംവരെ രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൂടെ? നിലപാട് വ്യക്തമാക്കാന്‍ 24 മണിക്കൂര്‍ അനുവദിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊളോണിയല്‍കാല നിയമമെന്ന നിലയില്‍ രാജ്യദ്രോഹക്കുറ്റം പുനപ്പരിശോധിക്കുന്ന സാഹചര്യത്തില്‍ അത് മരവിപ്പിച്ചുകൂടെയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി. 24 മണിക്കൂറിനുള്ളില്‍ ഇതുസംബന്ധിച്ച മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. നിയമം പുനപ്പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയതിന് തൊട്ടടുത്ത ദിവസമാണ് കോടതിയുടെ ചോദ്യം.
'സര്‍ക്കാരിന് മറുപടി നല്‍കാന്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് നാളെ രാവിലെ വരെ സമയം നല്‍കും. നിയമം പുനഃപരിശോധിക്കുന്നതുവരെ തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളും ഭാവിയിലെ കേസുകളും സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങളുടെ ആശങ്ക''- ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.
'രാജ്യദ്രോഹ നിയമത്തിനു കീഴില്‍ ഇതിനകം കേസ് ചുമത്തപ്പെട്ട ആളുകളുടെ കാര്യത്തിലും ഭാവിയില്‍ ഈ കേസുകള്‍ ചുമത്തപ്പെടുന്നവരുടെ കാര്യത്തിലും നിയമം പുനഃപരിശോധിക്കുന്നതുവരെ എന്തുചെയ്യുമെന്ന് കേന്ദ്രം പ്രതികരണമറിയിക്കണം'- കോടതി ആവശ്യപ്പെട്ടു.
നിയമം പുനപ്പരിശോധിക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയോട് കോടതി അനുകൂലമായല്ല പ്രതികരിച്ചിരുന്നത്.
'നിയമം പുനഃപരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് യുക്തിരഹിതരാകാന്‍ കഴിയില്ല. എത്ര സമയം നല്‍കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്,' ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
'ആര്‍ക്കെങ്കിലും മാസങ്ങളോളം ജയിലില്‍ കഴിയാനാവുമോ? നിങ്ങളുടെ സത്യവാങ്മൂലത്തില്‍ പൗരാവകാശത്തെക്കുറിച്ച് പറയുന്നുണ്ട്. ആ സ്വാതന്ത്ര്യങ്ങള്‍ നിങ്ങള്‍ എങ്ങനെ സംരക്ഷിക്കും.'- കോടതി ആരാഞ്ഞു.
സുപ്രധാന കേസുകള്‍ വൈകിപ്പിക്കാന്‍ കൂടുതല്‍ സമയം തേടുന്നത് സര്‍ക്കാര്‍ ഒരു രീതിയാക്കിമാറ്റിയിരിക്കുകയാണെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ പറഞ്ഞു.
ഇരു വശവും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി.
'പൗരസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായസ്വാതന്ത്ര്യം, 75 വര്‍ഷത്തെ സ്വാതന്ത്ര്യം, കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കല്‍, ജനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിയമങ്ങള്‍, പൗരസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പലപ്പോഴും സംസാരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇക്കാര്യത്തില്‍ പലതും ചെയ്യുന്നുണ്ടെന്ന് പറയുന്നു. ഞങ്ങള്‍ യുക്തിയില്ലാത്തവരാണെന്ന് കരുതരുത്. കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ചും ദുരുപയോഗത്തെക്കുറിച്ചും ആശങ്കയുണ്ട്- കോടതി ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍ ഹനുമാന്‍ ചാലിസ ആലപിച്ചവര്‍ക്കെതിരേപ്പോലും രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെക്കുറിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടിയതിനെക്കുറിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്രമല്ല, സംസ്ഥാനമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്ന് മേത്ത മറുപടി പറഞ്ഞു.
ഈ സാഹചര്യത്തില്‍ രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കാമോയെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ദുരുപയോഗം ചെയ്യുന്നതുകൊണ്ട് 124 എ റദ്ദാക്കേണ്ടതില്ലെന്നാണ് നിലപാടെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞിരുന്നു.