ലക്ഷദ്വീപിനു വേണ്ടി സംസാരിച്ച ഐഷ സുല്‍ത്താനയ്ക്കെതിരേ രാജ്യദ്രോഹക്കേസ് ചുമത്തി; നടപടി ബിജെപി നേതാവിന്റെ പരാതിയില്‍
ജനിച്ച മണ്ണിന് വേണ്ടി മരിക്കാനാണ് തീരുമാനം, ജയ് ഹിന്ദ് എന്നാണ് കേസെടുത്തത് സംബന്ധിച്ച് ഐഷ പ്രതികരിച്ചത്.
കോഴിക്കോട്: ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാറും അഡ്മിനിസ്‌ട്രേറ്ററും നടത്തുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരേ മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ച സിനിമാ സംവിധായിക ഐഷ സുല്‍ത്താനക്കെതിരേ പോലിസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലക്ഷദ്വീപിലെ ബിജെപി നേതാവ് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് കേസെടുത്തത്. ജനിച്ച മണ്ണിന് വേണ്ടി മരിക്കാനാണ് തീരുമാനം, ജയ് ഹിന്ദ് എന്നാണ് കേസെടുത്തത് സംബന്ധിച്ച് ഐഷ പ്രതികരിച്ചത്.
ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേലിനെതിരേ ബയോവെപ്പണ്‍ (ജൈവായുധം) എന്ന വാക്ക് ഐഷ പ്രയോഗിച്ചിരുന്നു. ഗവണ്‍മെന്റിനെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന തരത്തില്‍ സംഘ്പരിവാര്‍ രംഗത്തുവന്നിരുന്നു. ഇതിന്റെ പേരില്‍ ആഷ സുല്‍ത്താനക്കെതിരേ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ് ആ വാക്ക് ഉപയോഗിച്ചതെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും അല്ലെന്നും ഐഷ പറഞ്ഞിരുന്നു.
' ഒരു കൊവിഡ് കേസ് പോലുമില്ലാതിരുന്ന ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേലിന്റെ കൂടെ വന്നവരില്‍ നിന്നുമാണ് ആ വൈറസ് നാട്ടില്‍ വ്യാപിച്ചത്. ഹോസ്പിറ്റല്‍ ഫെസിലിറ്റിസ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കല്‍ ഡയറക്ടര്‍, പ്രഫുല്‍ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കല്‍ ഡയറക്ടര്‍റെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുല്‍ പട്ടേലിനെ ഞാന്‍ ബയോവെപ്പണ്‍ ആയി താരതമ്യം ചെയ്തു. ' എന്നാണ് ആരോപണത്തെ കുറിച്ചുള്ള ഐഷയുടെ പ്രതികരണം.
ലക്ഷദ്വീപിനെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചകളില്‍ ഐഷ സുല്‍ത്താനയുടെ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഘ്പരിവാര്‍ നേതാക്കളുടെ ആരോപണങ്ങളെ വസ്തുനിഷ്ടമായ വാദങ്ങളിലൂടെ നിലംപരിശാക്കുന്ന ഐഷയുടെ വാദങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. ഐഷ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള നീക്കത്തെനെതിരേ ലക്ഷദ്വീപിലെ സാഹിത്യ പ്രവര്‍ത്തക സംഘം രംഗത്തുവന്നിരുന്നു.