ഐഷ സുല്‍ത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്ന് ;ലക്ഷദ്വീപ് പോലിസ് ഹൈക്കോടതിയില്‍

തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹരജിയിലാണ് ലക്ഷദ്വീപ് പോലിസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Update: 2021-07-20 17:05 GMT

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെയുളള രാജ്യദ്രോഹക്കേസ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് പോലിസ് ഹൈക്കോടതിയില്‍. തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന സമര്‍പ്പിച്ച ഹരജിയിലാണ് ലക്ഷദ്വീപ് പോലിസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം ചില വാട്‌സ്ആപ് ചാറ്റുകള്‍ ഐഷ സുല്‍ത്താന ഫോണില്‍ നിന്നും മായ്ച്ചുകളഞ്ഞിട്ടുണ്ടെന്നും ലക്ഷദ്വീപ് പോലിസ് ഹൈക്കോടതിയെ അറിയിച്ചു.

കേസ് എടുത്തതിന് പിന്നാലെയുളള ഐഷയുടെ നടപടി ദുരൂഹമാണ്. ഈ വാട്‌സ് ആപ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.ഐഷയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല. പോലിസ് ആവശ്യപ്പെട്ട രേഖകള്‍ ഇതേവരെ കൈമാറിയിട്ടില്ല. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐഷ മൊബൈലില്‍ മറ്റാരോ ആയി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ചാനലും അന്വേഷണവുമായി സഹകരിക്കുന്നില്ല. പല കാര്യങ്ങളും ആവശ്യപ്പെട്ടുവെങ്കിലും ശരിയായ നിലയില്‍ സഹകരിക്കുന്നില്ലെന്നും കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ പോലിസ് ചൂണ്ടിക്കാട്ടുന്നു.ഈ സഹാചര്യത്തില്‍ കേസ് റദ്ദാക്കരുതെന്നും അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും ലക്ഷദ്വീപ് പോലിസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഹരജി വെളളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.

Tags:    

Similar News