രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും
രാവിലെ പതിനൊന്നരയോടെ കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് പോവുന്ന ഐഷ കവരത്തിയിലെത്തി ഇന്നുതന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും.
കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ പരിഷ്‌ക്കരണ നടപടികള്‍ക്കെതിരേ ശബ്ദിച്ചതിന് ലക്ഷദ്വീപില്‍ രാജ്യദ്രോഹ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ പതിനൊന്നരയോടെ കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് പോവുന്ന ഐഷ കവരത്തിയിലെത്തി ഇന്നുതന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകും.
കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി കവരത്തി പോലിസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ ഐഷ സുല്‍ത്താന നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് കേസെടുത്തത്.
നീതി പീഠത്തില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്നും സത്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഷ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ലക്ഷദ്വീപിനു വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്നും ഒരടി പോലും പിന്നാക്കം പോകില്ലെന്നും ഐഷ വ്യക്തമാക്കി. ഇതിനിടെ ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ലക്ഷദ്വീപിലെത്തിയ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് മടങ്ങും.
പുതുതായി ചുമതലയേറ്റ അഡ്മിനിസ്‌ട്രേറ്റര്‍ നിരവധി വിവാദ ഉത്തരവുകളാണ് ലക്ഷദ്വീപില്‍ നടപ്പാക്കിയിട്ടുള്ളത്.